വിമാനം തകർന്ന് മരിച്ചവരിൽ മലയാളി നഴ്സും; തിരുവല്ല സ്വദേശിനി രഞ്ജിത
text_fieldsഅഹമ്മദാബാദ് / തിരുവല്ല: അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ചവരിൽ പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനിയും. പുല്ലാട് കുറുങ്ങഴക്കാവ് ആറാം വാര്‍ഡ് കൊഞ്ഞോണ്‍ വീട്ടില്‍ പരേതനായ ഗോപകുമാരന്‍ നായരുടെ മകള്‍ രഞ്ജിത ജി. നായര്‍ (38) ആണ് മരിച്ചത്. മരണം സ്ഥിരീകരിച്ച അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചതായി കലക്ടർ അറിയിച്ചു. മൃതദേഹം അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
രഞ്ജിത യു.കെയിലെ പോട്‌സ് മൗത്തിലുള്ള ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. മുമ്പ് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നിട്ടും പ്രസന്ധികള്‍ക്കിടയിലാണ് രഞ്ജിത ഏറെ നാളായി വിദേശത്ത് പോയത്. അടുത്തിടെ വീടിന് അടുത്തുള്ള കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ സ്ഥിരനിയമനം ലഭിച്ചു. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നാട്ടിലെത്തിയതായിരുന്നു. ഈ സമയത്ത് കുടുംബ വീടിനടുത്ത് പുതിയ വീടിന്‍റെ നിർമ്മാണം ഏറെക്കുറെ പൂര്‍ത്തീകരിച്ചു.
തുടർന്ന് വീണ്ടും യു.കെയിലേക്ക് പോകാൻ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ചെങ്ങന്നൂരില്‍നിന്ന് െട്രയിൻ മാര്‍ഗം ചെന്നൈയിലേക്ക് യാത്രയായത്. ഇവിടെ നിന്ന് വിമാനത്തില്‍ അഹമ്മദാബാദിലെത്തുകയായിരുന്നു.
പുല്ലാട് കുറുങ്ങഴക്കാവ് ക്ഷേത്രത്തിന് സമീപമാണ് രഞ്ജിതയുടെ വീട്. പിതാവ് ഗോപകുമാരൻ നായർ അഞ്ച് വർഷം മുമ്പ് മരിച്ചു. മാതാവ്: തുളസി.
ഭര്‍ത്താവ് ദിനേശ് വിദേശത്താണ്. മക്കള്‍: ഇന്ദുചൂഡന്‍ (പുല്ലാട് എസ്.വി.എച്ച്.എസ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥി), ഇദിക (ഇരവിപേരൂർ ഒ.ഇ.എം സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി).
ദീർഘകാലം ഒമാനിൽ പ്രവാസി
ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്നു രഞ്ജിത. ആരോഗ്യ മന്ത്രാലയത്തിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്സായിരുന്നു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു വർഷം മുമ്പാണ് യു.കെയിലേക്ക് ജോലി മാറി പോയത്. രണ്ട് സഹോദരങ്ങൾ മസ്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

