കാളപൂട്ട് മാഹാത്മ്യവുമായി ദാമോദരന്‍ നായര്‍
text_fieldsനന്മണ്ട: കാളപൂട്ടിന്‍െറ യുഗം കഴിഞ്ഞെന്നു കരുതിയവര്‍ നെറ്റിചുളിക്കേണ്ട. കാളപൂട്ടിന്‍െറ പുതുമയിലും പഴയ കൈവിടാതെ അഞ്ചര പതിറ്റാണ്ടായി കാളപൂട്ടുമായി നന്മണ്ട വടക്കുവീട്ടില്‍കണ്ടി ദാമോദരന്‍ നായര്‍ (69). വയലേലകളിലും പറമ്പുകളിലും ദാമോദരന്‍ നായരുടെ കന്നുകള്‍ കാര്‍ഷിക സംസ്കാരത്തിന്‍െറ കുളമ്പടിനാദങ്ങളാണ് പൊഴിക്കുന്നത്.
നന്മണ്ട ഹൈസ്കൂളില്‍ ഏഴാം ക്ളാസില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് പിതാവ് രാമല്ലൂരിലെ ഏലാംപൊയില്‍ രാമന്‍ നായര്‍ 12കാരനായ ദാമോദരനെ കാളകളുടെ നുകത്തിലേക്ക് വെച്ചുകെട്ടിയ കാഞ്ഞിരക്കമ്പില്‍ ഉറപ്പിച്ച പലകയില്‍ കയറാന്‍ കല്‍പിക്കുന്നത്. വള്ളിച്ചെരിപ്പില്‍ കയറിയ ദാമോദരന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
ട്രാക്ടറും ടില്ലറുമൊക്കെയുണ്ടെങ്കിലും കലപ്പയുമായി ഇവ അന്തരങ്ങളുണ്ടെന്നും ഇദ്ദേഹം. പാടങ്ങളില്‍ ഈ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഉഴുതുമറിക്കുമ്പോള്‍ വിത്ത് മുളച്ചുപൊന്തുന്നതിനു മുമ്പേ കളശല്യം ഉണ്ടാകും. എന്നാല്‍, കലപ്പകൊണ്ട് ഉഴുതുമറിക്കുമ്പോള്‍ കളശല്യം നന്നേ കുറയും. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന പൂട്ട് 12 മണിവരെയുണ്ടാകും. പ്രതിഫലം 1000 രൂപയും. മറ്റു സ്ഥലങ്ങളില്‍ കൂലി ഇതിലും കൂടും. ദിനംപ്രതി കാളകള്‍ക്ക് 500 രൂപയിലേറെ ചെലവുവരും. മുതിര, വൈക്കോല്‍, മറ്റു ധാന്യങ്ങള്‍ ഇവയെല്ലാം കന്നുകള്‍ക്ക് കൊടുക്കണം. പൊള്ളാച്ചി, പാലക്കാട്, ഗുണ്ടല്‍പേട്ട, മൈസൂരു എന്നിവിടങ്ങളില്‍നിന്നാണ് ഗുണമേന്മയുള്ള ഉരുക്കള്‍ കിട്ടുക. പാടങ്ങളില്‍ നെല്‍കൃഷിക്കുപകരം മറ്റു ഇടവിളകൃഷികള്‍ ചെയ്യുന്നതിനാല്‍ തൊഴില്‍ദിനങ്ങള്‍ കുറയുകയാണ്. ഏറ്റവും നല്ല കന്നുപൂട്ടുകാരനായി നന്മണ്ട ഗ്രാമപഞ്ചായത്തും കൃഷിഭവനും രണ്ടു തവണ ആദരിച്ചിട്ടുണ്ട്. കവി കുഞ്ഞിരാമന്‍ നായരുടെ കേരളം പുനര്‍ജനിക്കട്ടെയെന്നാണ് അക്ഷരസ്നേഹിയും കാര്‍ഷികവൃത്തിയില്‍ മുഴുകുകയും ചെയ്യുന്ന ഈ നാട്ടിന്‍പുറത്തുകാരന് പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
