കെ.എ. റോയിമോൻ മികച്ച കർഷകൻ; പി. രഘുനാഥൻ തെങ്ങ് കർഷകൻ
text_fieldsതിരുവനന്തപുരം: കൃഷി വകുപ്പിന്റെ 2022ലെ കാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംഘകൃഷി സമിതിക്കുള്ള പുരസ്കാരം (അഞ്ചു ലക്ഷം രൂപ) ആലപ്പുഴ ആറ്റുമുഖം ആയിരത്തി അഞ്ഞൂറ് രാജരാമപുരം കൈനടികായൽ ചെറുകര കായൽ നെല്ലുൽപാദന സമിതിക്ക്. മികച്ച കൃഷിഭവനുള്ള അവാർഡ് പാലക്കാട് ആലത്തൂർ കൃഷിഭവനും മികച്ച ജൈവ കൃഷി നിയോജക മണ്ഡലത്തിനുള്ള പുരസ്കാരം കണ്ണൂർ കല്യാശ്ശേരി മണ്ഡലത്തിനും (അഞ്ചു ലക്ഷം രൂപ വീതം) ലഭിച്ചു. മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ഊരിനുള്ള പുരസ്കാരം (മൂന്നു ലക്ഷം) പാലക്കാട് മുതലമട പറമ്പിക്കുളം പൂപ്പാറ കോളനിക്കാണ്. ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവ് വഞ്ചിവയൽ ആദിവാസി ഊരിനാണ് രണ്ടാം സ്ഥാനം (രണ്ടു ലക്ഷം).
പുരസ്കാരങ്ങൾ കർഷകദിനമായ ചിങ്ങം ഒന്നിന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലിന് വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. വയനാട് പുൽപ്പള്ളി ശശിമല കവളക്കാട്ട് ഹൗസിൽ കെ.എ. റോയിമോനാണ് ഏറ്റവും മികച്ച കർഷകൻ (രണ്ടു ലക്ഷം). പാലക്കാട് എരുത്തേമ്പതി വണ്ണാമട പി. രഘുനാഥനാണ് മികച്ച തെങ്ങ് കർഷകൻ (രണ്ടു ലക്ഷം). കോഴിക്കോട് മരുതോങ്കര കൈതക്കുളത്ത് കെ.ടി. ഫ്രാൻസിസാണ് മികച്ച ജൈവ കർഷകൻ (രണ്ടു ലക്ഷം). 35 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ആലപ്പുഴ എസ്.എൻ പുരം പുത്തൻവെളി എൽ. രേഷ്മ മികച്ച കർഷകയായും തൃശൂർ വെള്ളാങ്കല്ലൂർ ചങ്ങനാത്ത് വീട്ടിൽ സി. ശ്യാംമോഹൻ മികച്ച കർഷകനായും തെരഞ്ഞെടുക്കപ്പെട്ടു. (ഒരു ലക്ഷം വീതം). കർഷകഭാരതി പുരസ്കാരത്തിന് (അച്ചടി മാധ്യമം) പി. ലിജീഷ് (മാതൃഭൂമി), പി. സുരേശൻ (ദേശാഭിമാനി) എന്നിവരും (ഇരുവർക്കും അര ലക്ഷം വീതം), ദൃശ്യമാധ്യമ പുരസ്കാരത്തിന് (ഒരു ലക്ഷം) കെ. മധു (മാതൃഭൂമി ന്യൂസ്), നവമാധ്യമ പുരസ്കാരത്തിന് (അര ലക്ഷം) ശ്യാംകുമാറിനും (അഗ്രി ടി.വി ബ്രോഡ്കാസ്റ്റിങ് എൻജിനീയർ, പത്തനംതിട്ട) അർഹരായി.
എം.എസ്. പ്രമോദ് (കൃഷി വകുപ്പ് അസി.ഡയറക്ടർ), സി.എസ്. അനിത (ഫാം ഇൻഫർമേഷൻ ബ്യൂറോ അസി. ഡയറക്ടർ, തിരുവനന്തപുരം) എന്നിവർ (കർഷക ഭാരതി അച്ചടി മാധ്യമ വിഭാഗം) പ്രത്യേക പരാമർശം നേടി. ട്രൈബൽ ക്ലസ്റ്ററിനുള്ള പുരസ്കാരം കണ്ണൂർ ആറളം ഫാം ഫ്ലവേഴ്സ് പ്രൊഡ്യൂസേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി (50,000 രൂപ), വയനാട് മാനന്തവാടി ചുരുളി ക്ലസ്റ്റർ (25,000 രൂപ), പാലക്കാട് ഷോളയൂർ അഗളി ഊത്തുകുഴി ക്ലസ്റ്റർ (15,000 രൂപ)എന്നിവർക്ക് ലഭിച്ചു.
മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്കാരം കോഴിക്കോട് കായണ്ണ ഗവ.എച്ച്.എസ്.എസ് (75,000 രൂപ), കൊല്ലം കൊട്ടാരക്കര വാളകം സി.എസ്.ഐ വി.എച്ച്.എസ് ആൻഡ് എച്ച്.എസ്.എസ് ഫോർ ദി ഡെഫ് (50,000 രൂപ), ആലപ്പുഴ വള്ളികുന്നം അമൃത എച്ച്.എസ്.എസ് (25,000 രൂപ) എന്നിവർക്കാണ്. പൊതുമേഖല സ്ഥാപനത്തിനുള്ള പുരസ്കാരങ്ങൾ കൊല്ലം ചവറ ശങ്കരമംഗലം കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (ഒന്നാം സ്ഥാനം), തൃശൂർ വിയ്യൂർ അതീവ സുരക്ഷാ ജയിൽ (രണ്ടാം സ്ഥാനം), എറണാകുളം കാക്കനാട് ജില്ല ജയിൽ (മൂന്നാം സ്ഥാനം) എന്നിവർക്കാണ്. എറണാകുളം കൂനമ്മാവ് ചവറ വൊക്കേഷനൽ ട്രെയിനിങ് സെന്ററിനാണ് പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച സ്വകാര്യ മേഖല സ്ഥാപനത്തിനുള്ള അവാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

