കാർഷിക സർവകലാശാല; ഒഴിവിൽ കൂടുതൽ നിയമനം
text_fieldsതൃശൂർ: കാർഷിക സർവകലാശാല മണ്ണുത്തി, വെള്ളാനിക്കര കാമ്പസുകളിലെ താൽക്കാലിക തൊഴിലാളി നിയമനത്തിൽ വൻ ക്രമക്കേടെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്. സർവകലാശാല ആസ്ഥാനത്തെ 18 സ്ഥാപനങ്ങളിലെ 290 ഒഴിവിലേക്ക് 343 പേരെയാണ് നിയമിച്ചത്. 53 പേരെ അധികം നിയമിച്ചതിലൂടെ സംസ്ഥാന ഖജനാവിന് വൻ സാമ്പത്തിക ബാധ്യത വരുത്തിയെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. തൊഴിലാളികൾ കൂടിയപ്പോൾ ഫാമുകളിൽ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞതായും ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. മതിയായ ജോലിയില്ലെന്ന പേരിൽ അനധ്യാപക വിഭാഗത്തിലെ 213 തസ്തികകൾ വെട്ടിക്കുറച്ച് ഉത്തരവിറക്കിയ സർവകലാശാലയും സർക്കാരും ഓഡിറ്റ് റിപ്പോർട്ടിൽ നടപടിയെടുക്കാതെ ഒളിച്ചു കളിക്കുകയാണ്.
2014ലാണ് സർവകലാശാല താൽക്കാലിക തൊഴിലാളി നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. 2021ൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പി.എസ്.സി മാനദണ്ഡപ്രകാരം ഇത്തരം തസ്തികകളിലേക്ക് അഭിമുഖം പാടില്ല. എന്നാൽ അഭിമുഖം നടത്തി അതിന്റെ മാർക്കും ചേർത്താണ് റാങ്ക് പട്ടിക തയാറാക്കിയത്. ഇത് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഫാമുകളിലെ ജോലിക്കല്ലാതെ കാർഷികേതര പണികൾക്ക് കൃഷിത്തൊഴിലാളികളെ നിയോഗിക്കരുതെന്ന ഭരണ സമിതി തീരുമാനവും അട്ടിമറിച്ചതായി ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മണ്ണുത്തിയിൽ 60 സെന്റ് സ്ഥലത്ത് നിറയെ കെട്ടിടങ്ങളുള്ള കമ്യൂണിക്കേഷൻ സെന്ററിലേക്ക് 14 പേർക്ക് നിയമനം നൽകി. വെള്ളാനിക്കരയിൽ കൃഷി വിജ്ഞാന കേന്ദ്രം വന്നതോടെ ഇവിടെ കാര്യമായ പ്രവർത്തനം നടക്കുന്നില്ല. ഏഴ് ഒഴിവ് മാത്രമുള്ള വെള്ളാനിക്കര ഫോറസ്ട്രി കോളജിൽ 22 പേരെ നിയമിച്ചു. ഒരു കൃഷിപ്പണിയുമില്ലാത്ത സെൻട്രൽ ലൈബ്രറി, എൻജിനീയറിങ് ഡിവിഷനുകൾ എന്നിവിടങ്ങളിൽ 27 പേർക്ക് നിയമനം നൽകി. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ 47 ഒഴിവുകളിൽ 112 പേരെയാണ് നിയമിച്ചത്. സർവകലാശാല ആസ്ഥാനത്തെ കൃഷി ഫാമുകളിൽനിന്നുള്ള ആഭ്യന്തര വരുമാനവും നടീൽ വസ്തുക്കളുടെ ഉൽപാദനവും കുത്തനെ ഇടിഞ്ഞുവെന്നും ഓഡിറ്റിൽ കണ്ടെത്തലുണ്ട്.
സർക്കാറിന്റെ പദ്ധതിയേതര ഗ്രാൻഡിൽ അധിക ബാധ്യതയുണ്ടാക്കുന്ന നടപടി പുനഃപരിശോധിക്കണമെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
സറണ്ടർ ആനുകൂല്യം; കാർഷിക സർവകലാശാലക്ക് ‘വേറെ നിയമം’
തൃശൂർ: ആർജിതാവധി സറണ്ടർ ആനുകൂല്യത്തിന്റെ കാര്യത്തിൽ കേരള കാർഷിക സർവകലാശാലക്ക് ‘വേറെ നിയമം’. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായതിനാൽ സർക്കാർ ജീവനക്കാരും അധ്യാപകരുമുൾപ്പെടെ ആർക്കും സറണ്ടർ ലീവ് ആനുകൂല്യം കൊടുക്കുന്നില്ലെന്നിരിക്കെ കാർഷിക സർവകലാശാലയിലെ കരാർ ജീവനക്കാർക്ക് അത് അനുവദിച്ച് ഉത്തരവിറക്കി!.
കാർഷിക സർവകലാശാലക്ക് ഒരു വർഷത്തേക്ക് കിട്ടുന്ന സർക്കാർ ഗ്രാൻഡ് 35 കോടി രൂപയാണ്. ആകെ വിഹിതം 12 ആയി വിഭജിച്ച് അതിലൊരു വിഹിതമാണ് അനുവദിക്കുന്നത്. ഇതിൽ 11 മാസമേ വിഹിതം നൽകുന്നുള്ളൂ. 12ാം മാസത്തെ വിഹിതം നൽകാതെ ‘കാരി ഓവർ’ ചെയ്ത് അടുത്ത വർഷത്തേക്ക് മാറ്റുകയാണ്. 2018 മുതൽ കാർഷിക സർവകലാശാല ഇങ്ങനെ 11 മാസത്തെ വിഹിതംകൊണ്ടാണ് ‘കഴിഞ്ഞുകൂടുന്നത്’.
ഗ്രാൻഡ് കിട്ടിയാൽ ശമ്പളം, പെൻഷൻ, മറ്റ് ദൈനംദിന ചെലവുകൾ എന്നിവക്കുള്ള തുക മാത്രമേയുള്ളൂ. അതിനിടക്കാണ് 15 ദിവസം വരെയുള്ള ആർജിതാവധി സറണ്ടർ ചെയ്ത് തുക വാങ്ങാൻ അനുവദിക്കുന്ന ഉത്തരവ് ഇറക്കിയത്. കരാർ ജീവനക്കാർക്ക് ഈ ആർജിതാവധി എടുക്കാമെങ്കിലും പണമായി കൈപ്പറ്റാൻ നിലവിൽ അനുമതിയില്ല. അത് മറികടന്നാണ് ഈമാസം 22ന് ഉത്തരവിറക്കിയത്. കഴിഞ്ഞ മാർച്ച് 11ന് ചേർന്ന ഭരണസമിതിയാണ് ഇതിന് അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

