ആശ്വാസവും കടത്തിൽ
text_fieldsകൊച്ചി: ബാങ്കുകളിൽനിന്നും സഹകരണ സംഘങ്ങളിൽനിന്നും വായ്പയെടുത്ത് ദുരിതത്തിലായ കർഷകർക്ക് സഹായം നൽകാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന കാർഷിക കടാശ്വാസ പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷ സമർപ്പണം പ്രതിസന്ധിയിൽ. കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതിയിൽ മാറ്റം വരുത്താത്തതിനാൽ ഇടുക്കി, വയനാട് ജില്ലകളിൽ കഴിഞ്ഞ നാലര വർഷത്തിനിടെയും മറ്റ് ജില്ലകളിൽ ഒമ്പതുവർഷത്തിനിടെയും വായ്പ എടുത്തവർക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാനാകുന്നില്ല. തീയതി പുതുക്കുന്നതിൽ മന്ത്രിസഭയുടെ തീരുമാനം ഉണ്ടാകാത്തതാണ് കാരണം.
കമീഷൻ അപേക്ഷകൾ പരിശോധിച്ച് ശിപാർശ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ കടാശ്വാസം അനുവദിക്കുന്നതിലൂടെ കർഷകരുടെ കടബാധ്യത സർക്കാർ ഏറ്റെടുക്കുകയും അവർക്ക് വായ്പ നൽകിയ സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും പരമാവധി രണ്ടുലക്ഷം രൂപ സഹകരണ സംഘം രജിസ്ട്രാർ മുഖേന നൽകുകയുമാണ് ചെയ്യുന്നത്. നിലവിൽ ഇടുക്കി, വയനാട് ജില്ലകളിലെ കർഷകർക്ക് 2020 ആഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളിലുള്ളവർക്ക് 2016 മാർച്ച് 31 വരെയും എടുത്ത വായ്പകളിലാണ് കടാശ്വാസത്തിന് കമീഷന് അപേക്ഷ നൽകാവുന്നത്. ഇടുക്കിയും വയനാടും ഒഴികെ ജില്ലകളിൽ കോവിഡും പ്രളയവും മൂലം വായ്പ തിരിച്ചടവ് മുടങ്ങിയ കർഷകർക്ക് കടാശ്വാസത്തിന് അപേക്ഷിക്കാനായിട്ടില്ല. കമീഷൻ നിലവിൽവന്ന 2007നുശേഷം ശിപാർശ ചെയ്തതിൽ 500 കോടിയോളം രൂപ ബാങ്കുകൾക്ക് സർക്കാർ നൽകി. എന്നാൽ, സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം 200 കോടിയോളം കുടിശ്ശികയാണ്. 10 കോടി വരെ കിട്ടാനുള്ള ബാങ്കുകളുണ്ട്. കമീഷൻ ശിപാർശയുടെ പകർപ്പ് ലഭിച്ചാൽ ഈടായി വാങ്ങിയ രേഖകൾ കർഷകർക്ക് തിരിച്ചുനൽകാമെങ്കിലും പണം കിട്ടാത്തതിനാൽ ചില ബാങ്കുകൾ ഇങ്ങനെ ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. ഈ നടപടി ആനുകൂല്യം ലഭിച്ച് കടബാധ്യത തീർന്ന കർഷകരെയും പ്രയാസത്തിലാക്കുന്നു.
ബാങ്കുകൾ കർഷകരെ നിരുത്സാഹപ്പെടുത്തുന്നു
ജില്ല ബാങ്കുകളിൽനിന്ന് കടമെടുത്ത് കർഷകർക്ക് വായ്പ നൽകിയ പ്രാഥമിക സഹകരണ സംഘങ്ങളും സർക്കാറിൽനിന്ന് യഥാസമയം പണം കിട്ടാത്തതിനാൽ പ്രതിസന്ധിയിലാണ്. അതിനാൽ പല ബാങ്കുകളും കടാശ്വാസത്തിന് അപേക്ഷിക്കുന്നതിൽ കർഷകരെ നിരുത്സാഹപ്പെടുത്തുകയും ഇളവുകളടക്കം നൽകി വായ്പ തുക നേരിട്ട് തിരിച്ചുപിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. കടാശ്വാസം തേടി ഇടുക്കി, വയനാട് ജില്ലകളിൽനിന്ന് ലഭിച്ചവയിൽ അര ലക്ഷത്തോളം അപേക്ഷ തീർപ്പാക്കാനുണ്ട്. അതേസമയം, മറ്റ് 12 ജില്ലയിൽ അപേക്ഷകളൊന്നും കെട്ടിക്കിടക്കുന്നില്ലെന്ന് കമീഷൻ അധികൃതർ അറിയിച്ചു. കമീഷൻ ശിപാർശ ചെയ്ത തുക പൂർണമായും കൊടുത്തുതീർക്കാത്തതിനാലാണ് പുതിയ അപേക്ഷ സ്വീകരിക്കാത്തതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.