അഗ്രി ബിസിനസ് ഇൻക്യുബേഷൻ പ്രോഗ്രാം: അപേക്ഷകൾ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയിലെ അഗ്രിബിസിനസ് ഇൻക്യൂബേറ്ററിൻ്റെ ഈ വർഷത്തെ അഗ്രിപ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാം സ്റ്റാർട്ട് അപ്പ് ഇൻക്യൂബേഷൻ പ്രോഗ്രാം എന്നിവയിലേക്കായി അപേക്ഷ ക്ഷണിച്ചു. ഈ സാമ്പത്തിക വർഷത്തിലെ കെ.എ.യു. റെയ്സ് 2024, കെ.എ.യു. പെയ്‌സ് 2024, പ്രോഗ്രാമുകളിലേക്ക് മെയ് 30 വരെ അപേക്ഷിക്കാം. നൂതന ആശയങ്ങളുള്ള കാർഷിക മേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, വിദ്യാർഥികൾക്കും നവസംരംഭകർക്കും പ്രോഗ്രാമുകളിലേക്കായി അപേക്ഷിക്കാം.
കേന്ദ്ര സർക്കാരിന്റെ കാർഷിക കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ആർ. കെ.വി.വൈ റാഫ്ത്‌താർ പദ്ധതിയുടെ കീഴിലാണ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്. കാർഷിക മേഖലയിൽ വേറിട്ട ആശയങ്ങളുള്ളവർക്കും വിദ്യാർഥികൾക്കും അവ പ്രോട്ടോടൈപ്പുകളായി വികസിപ്പിച്ചെടുക്കുന്നതിനായി അഗ്രിപ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാമിലേക്കും (കെ.എ.യു. റെയ്‌സ് 2024), നിലവിൽ സംരംഭം തുടങ്ങിയവർക്ക് പ്രാട്ടോടൈപ്പുകളുടെ വിപുലീകരണത്തിനും വാണിജ്യവത്കരണത്തിനുമായി സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ പ്രോഗ്രാമിലേക്കും (കെ.എ.യു. പേസ് 2024) അപേക്ഷിക്കാം.
കെ.എ.യു. റെയ്‌സ് 2024 പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു മാസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയും പരിശീലനം വിജയകരമായി പൂർത്തിയാക്കിയവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ വരെ ഗ്രാൻ്റും ലഭിക്കും. നൂതന ആശയങ്ങളുള്ള വിദ്യാർഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ആശയങ്ങൾ സംരംഭമായി വികസിപ്പിക്കുന്നതിനുമായി നാല് ലക്ഷം രൂപ വരെയുള്ള ധനസഹായവും പദ്ധതിയിലൂടെ ലഭ്യമാക്കും.
വിവിധ ഘട്ട സ്ക്രീനിങ്ങുകൾക്കു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ട് അപ്പുകൾക്ക് പരമാവധി 25 ലക്ഷം രൂപ വരെ ഗ്രാന്റും പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് rabi.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0487 243 8332/ 8330801782/8220718221 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ rabi@kau.in എന്ന ഇ-മെയിൽ വിലാസത്തിലേക്കോ അഗ്രിബിസിനസ് ഇൻക്യബേറ്ററിലേക്ക് തപാൽ വഴിയോ ഗൂഗിൾ ഫോം മുഖേനയോ അയക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയത് മെയ് 30 ന് വൈകീട്ട് നാല് വരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

