അഗളിയിൽ അക്രമികൾ ഇല്ലാതാക്കിയത് വൈകല്യങ്ങളോട് പൊരുതിയ ജീവിതം
text_fieldsഅട്ടപ്പാടിയിൽ നന്ദകിഷോർ കൊല്ലപ്പെട്ട കേസിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു
കൊടുങ്ങല്ലൂർ: അട്ടപ്പാടി അഗളിയിൽ അക്രമിസംഘം ഇല്ലാതാക്കിയത് വൈകല്യങ്ങളോട് പൊരുതിയ യുവാവിനെ. ശാരീരിക പ്രയാസങ്ങൾക്കും ഇല്ലായ്മകൾക്കുമിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട യുവാവായിരുന്നു കൊല്ലപ്പെട്ട നന്ദകിഷോർ. കണ്ണും ചെവിയും ഇല്ലാത്തതിന് പുറമെ കാലിന് വൈകല്യവും ഹൃദയസംബന്ധമായ രോഗാവസ്ഥയുമുണ്ട്. ജന്മനാലുള്ളതാണ് ഈ വൈകല്യങ്ങൾ.
ഇല്ലാത്ത ചെവിയുടെ ഭാഗത്തേക്ക് മുടി ഒതുക്കി വളർത്തിയും പ്ലാസ്റ്റിക് കണ്ണ് വെച്ചും പ്രസരിപ്പാർന്ന ജീവിതമായിരുന്നു യുവാവിന്‍റേത്. പത്താം ക്ലാസിനുശേഷം ചാലക്കുടി ഐ.ടി.ഐയിൽ പഠിച്ചിട്ടുണ്ട്. ഇടക്ക് കൂളിമുട്ടം പൊക്കളായിയിലും എസ്.എൻ പുരത്തും പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്നു. തികച്ചും സാധാരണ കുടുംബാംഗമായ നന്ദകിഷോർ ഏതാനും മാസം മുമ്പാണ് അഗളിയിൽ പോകാൻ തുടങ്ങിയത്.
അഗളിയിൻ ക്ഷേത്ര പൂജാരിയായ അനുജൻ ഋഷിനന്ദനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. വീട്ടിൽവന്ന ശേഷം വ്യാഴാഴ്ച രാവിലെയാണ് തിരികെപോയത്. വ്യാഴാഴ്ച രാത്രി നടന്ന അപ്രതീക്ഷിത കൊലപാതകത്തിന്‍റെ ആഘാതത്തിലും വേദനയിലുമാണ് കുടുംബം. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ചും ബന്ധുക്കൾക്ക് കൂടുതൽ അറിവില്ല.
കൊലപാതകം പണത്തിനു വേണ്ടി -എസ്.പി
അഗളി: തോക്ക് നൽകാമെന്ന് പറഞ്ഞ് വിനായകനും നന്ദകിഷോറും പണം വാങ്ങി പറ്റിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ പ്രതികൾ വടികളും ഇരുമ്പ് പൈപ്പും കൊണ്ട് മർദിച്ചതാണ് മരണകാരണമെന്ന് പാലക്കാട് എസ്.പി ആർ. വിശ്വനാഥ് അറിയിച്ചു. കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നൽകാം എന്ന ഉറപ്പിൽ നന്ദകിഷോറും വിനായകനും പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു.
എന്നാൽ പറഞ്ഞ സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല, പണം തിരികെ ചോദിച്ചപ്പോൾ അത് നൽകിയതുമില്ല. ഇതാണ് തർക്കത്തിന് കാരണമെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

