Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാടൻ കാടുകളിൽ...

വയനാടൻ കാടുകളിൽ വീണ്ടും വെടിയൊച്ച

text_fields
bookmark_border
വയനാടൻ കാടുകളിൽ വീണ്ടും വെടിയൊച്ച
cancel
camera_alt

വനമേഖലയിൽ പൊലീസ്​ വെടിയേറ്റു മരിച്ച വേൽമരുക​െൻറ മൃതദേഹം ഇൻക്വസ്​റ്റ്​ നടത്തുന്നു

പടിഞ്ഞാറത്തറ: ലക്കിടി ഉപവൻ റിസോർട്ടിൽ മാവോവാദി നേതാവ് സി.പി. ജലീൽ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഒന്നര വർഷം പിന്നിടുമ്പോഴാണ് നാടിനെ നടുക്കി മറ്റൊരു പൊലീസ്–മാവോവാദി ഏറ്റുമുട്ടൽ. 2012 ൽ ആണ് വയനാട്ടിൽ മാവോവാദികൾ പ്രവർത്തനം തുടങ്ങുന്നത്. ബ്രഹ്മഗിരി, കുഞ്ഞോം, മക്കിമല മേഖലകളിലെ കാടുകളിലായിരുന്നു പ്രവർത്തനമേഖല. രഹസ്യമായി പ്രവർത്തിച്ചിരുന്ന സംഘം രണ്ടുവർഷം കഴിഞ്ഞാണ് പരസ്യമായി രംഗത്തിറങ്ങിത്തുടങ്ങിയത്. മാനന്തവാടി ട്രാഫിക് യൂനിറ്റില്‍ ജോലി ചെയ്തിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ പ്രമോദി​െൻറ വീട്ടിൽ 2014 ഏപ്രില്‍ 24ന് അര്‍ധരാത്രിയെത്തിയ മാവോവാദികള്‍ ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്തു. ഇപ്പോൾ അറസ്​റ്റിലുള്ള മാവോവാദി നേതാവ്​ രൂപേഷിെൻറ നേതൃത്വത്തിലായിരുന്നു പേര്യ റേഞ്ചിലെ വനത്തോട് ചേര്‍ന്ന്​ മട്ടിലയത്തുള്ള പ്രമോദി​െൻറ വീട്ടിലെത്തിയത്​.

അതേ വർഷം നവംബർ 18ന് തിരുനെല്ലി അഗ്രഹാരം റിസോർട്ട് ആക്രമിച്ചു. ഡിസംബർ ഏ​ഴിന് ചാപ്പ കോളനിക്ക് സമീപം കാട്ടിനുള്ളിൽ പൊലീസുമായി വെടിവെപ്പ് നടത്തിയതാണ് ആദ്യ ഏറ്റുമുട്ടൽ. ചാപ്പ കോളനിയോട്​ ചേർന്ന സ്​ഥലത്ത്​ മാവോവാദികളും തണ്ടര്‍ബോള്‍ട്ട്–പൊലീസ് സംഘങ്ങളും ഏറ്റുമുട്ടിയെന്നായിരുന്നു റിപ്പോർട്ട്​. തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ വെടിയുതിര്‍ത്ത ശേഷം മാവോവാദികൽ രക്ഷപ്പെട്ടെങ്കിലും ഈ സംഭവം വിവാദത്തിലായി. ഏറ്റുമുട്ടലുണ്ടായെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍, ഒരു വെടിയൊച്ച മാത്രമാണ് കേട്ടതെന്ന് കോളനിവാസികളില്‍ ചിലര്‍ പറഞ്ഞു.

ഡിസംബർ 22ന് കുഞ്ഞോം ഫോറസ്​റ്റ്​ സ്​റ്റേഷൻ ആക്രമിച്ച്​ തീയിട്ടു. 2015 ജനുവരി 25ന് തിരുനെല്ലി കെ.ടി.ഡി.സി റിസോർട്ട് അടിച്ച് തകർത്തു. 2017ൽ നിലമ്പൂർ കരുളായി വനത്തിൽ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതോടെയാണ് മാവോവാദികളുടെ പ്രവർത്തനമേഖല വൈത്തിരി, മേപ്പാടി, താമരശ്ശേരി, കോടഞ്ചേരി മേഖലകൾ ഉൾപ്പെടുന്ന നാടുകാണി ദളത്തിലേക്ക് മാറിയത്​. ഈ മേഖലകളിൽ കോളനികളിലും വീടുകളിലും അടുത്തിടെ ഇവരുടെ നിരന്തര സാന്നിധ്യം ഉണ്ടായിരുന്നതായി വെളിപ്പെട്ടിരുന്നു. 2018ല്‍ നിരവധിയിടങ്ങളില്‍ പകല്‍സമയങ്ങളില്‍ പോലും മാവോവാദികള്‍ എത്തി ലഘുലേഖ വിതരണം ചെയ്തു.

ഇടക്കിടെ വയനാട് പ്രസ്‌ക്ലബില്‍ ന്യൂസ് ബുള്ളറ്റിനുകളും നോട്ടീസുകളുമെത്തിച്ചു. മേപ്പാടിയിൽ റിസോർട്ടിലെത്തി ജീവനക്കാരെ ബന്ദികളാക്കി. പൂക്കോട്​ വെറ്ററിനറി സർവകലാശാലയുടെ പ്രവേശന കവാടത്തിൽ രാത്രിയെത്തിയ സംഘം കളിബോംബ്​ അടക്കം സ്​ഥാപിച്ച്​ സെക്യൂരിറ്റി ജീവനക്കാരനെ ബന്ദിയാക്കി. കഴിഞ്ഞ ഡിസംബര്‍ 15ന്​ തലപ്പുഴയില്‍ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് മാവോവാദികള്‍ തലപ്പുഴ പൊലീസ് സ്‌റ്റേഷന് സമീപത്തെ നാൽപത്തിനാല്​ എന്ന സ്​ഥലത്ത്​ നടത്തിയ പ്രകടനം പൊലീസിനെ ഞെട്ടിച്ചു.

വയനാട് പേര്യയിലും അമ്പായത്തോട്ടിലും സമാനരീതിയില്‍ മാവോവാദികളെത്തി പ്രതിഷേധം അറിയിച്ചിരുന്നു. പിന്നീട് പടിഞ്ഞാറത്തറ സ്​റ്റേഷന്‍ പരിധിയിലെ കാപ്പിക്കളം, വാളാരംകുന്ന്, വൈത്തിരി സ്‌റ്റേഷന്‍ പരിധിയിലെ സുഗന്ധഗിരി, ലക്കിടി, മേപ്പാടി സ്​റ്റേഷന്‍ പരിധികളിലെല്ലാം മാവോവാദികളെത്തി. ഇടവേളകളിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞവർഷം മാർച്ച് ആറിനായിരുന്നു ലക്കിടി റിസോർട്ടിലെത്തിയ സി.പി. ജലീൽ വെടിവെപ്പിൽ കൊല്ലപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gun shotmaoist encounterpadinjarathara encounter
News Summary - again gun shot in wayanad forest
Next Story