Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
attappady
cancel
Homechevron_rightNewschevron_rightKeralachevron_rightആ 25 ലക്ഷം രൂപയെവിടെ?...

ആ 25 ലക്ഷം രൂപയെവിടെ? സംസ്​ഥാനത്ത്​ വനാവകാശ നിയമം ഉദ്യോഗസ്​ഥർ അട്ടിമറിച്ചെന്ന്​ എ.ജി റിപ്പോർട്ട്​

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്ത്​ വനാവകാശ നിയമം പട്ടികവർഗ ^ വനം വകുപ്പുകൾ അട്ടിമറിച്ചെന്ന് എ.ജി റിപ്പോർട്ട്. 2006ലാണ് പാർലമെൻറ് വനാവകാശനിയമം പാസാക്കിയത്. ഏതാണ്ട് ഒന്നര പതിറ്റാണ്ടുവുമ്പോഴും സംസ്ഥാനത്തെ ആദിവാസികൾക്ക് ഈ ജനാധിപത്യ അവകാശം സ്വപ്​നമായി അവേശേഷിക്കുകയാണ്.

ആദിവാസികളുടെ ജീവിത വികാസത്തിന് ഉതകുംവിധം കൃത്യമായ ജാഗ്രതയോടെ നടപ്പാക്കേണ്ട നിയമമാണിത്. എന്നാൽ, ഉദ്യോഗസ്ഥർ നിയമം നടപ്പാക്കുന്നതിൽ കാണിച്ച വീഴ്ചയാണ് ആദിവാസികൾക്ക് തരിച്ചടിയായത്. 2017 മെയ് ഒന്ന്​ മുതൽ 2019 ആഗസ്റ്റ്​ 31 വരെയാണ് അട്ടപ്പാടിയിൽ പരിശോധന നടത്തിയത്.

നിയമം നടപ്പാക്കുന്നത് സംബന്ധിച്ച വർക്കിംഗ് ഗ്രൂപ്പിന്‍റെ റിപ്പോർട്ട് അംഗീകരിച്ച് സംസ്ഥാന സർക്കാർ 2008 ജൂൺ മൂന്നിനാണ് ഉത്തരവിറക്കിയത്. പട്ടികവർഗ വകുപ്പിന്‍റെ ഉത്തരവിൽ വനം, തദ്ദേശ, പട്ടികവർഗ വകുപ്പുകൾ വഹിക്കേണ്ട പങ്കിനെക്കുറിച്ച് വിശദീകരിച്ചിരുന്നു.

വാർഡ് തലത്തിൽ ഗ്രാമസഭകൾ അഥവാ ഊരുകൂട്ടങ്ങൾ രൂപീകരിക്കാനും ഉത്തരവായി. ഊരുതലത്തിൽ (എഫ്.ആർ‌.സി), സബ് ഡിവിഷനൽ (എസ്.ഡി.‌എൽ.‌സി), ജില്ല (ഡി‌.എൽ‌.സി), സംസ്ഥാന (എസ്‌.എൽ‌.എം‌.സി) തലത്തിൽ വനാവകാശ കമ്മിറ്റികൾ രൂപീകരിക്കാനായിരുന്നു നിർദേശം. എ.ജി പരിശോധിച്ചത് അട്ടപ്പാടിയിൽ നിയമം നടപ്പാക്കിയതിനെകുറിച്ചാണ്.


അട്ടപ്പാടിയിൽ വനത്തിൽ താമസിച്ചവരുടെ സർവേ നടത്താൻ ഒറ്റപ്പാലം സബ് കലക്ടർക്ക് 25 ലക്ഷം ട്രഷറി അക്കൗണ്ടിലേക്ക് കൈമാറി. പട്ടികവർഗവകുപ്പ് രണ്ടാഴ്ചക്കുള്ളിൽ വനത്തിലുള്ള ഗോത്രവർഗക്കാരുടെ സെൻസസ് വിവരം ശേഖരിക്കേണ്ടതാണ്. വനം - റവന്യൂ - പട്ടികവർഗ - കിർത്താഡ്സ് എന്നിവർ ചേർന്നാണ് സംയുക്ത പരിശോധ നടത്തേണ്ടത്. അനുവദിച്ച തുക പിൻ‌വലിച്ചു. സർവേ മാത്രം നടത്തിയിട്ടില്ല. എ.ജി പരിശോധനയിൽ പട്ടികവർഗ വകുപ്പ് ഇതുസംബന്ധിച്ച ഡാറ്റ ശേഖരിച്ചിട്ടില്ലെന്ന കണ്ടെത്തി.

വനാവകാശ കമ്മിറ്റികളുടെ (എഫ്.ആർ.‌സി) രൂപീകരണം 2008 മെയ് 31നകം പൂർത്തിയാക്കണമെന്നായിരുന്നു ഉത്തരവ്. അത് പിന്നീട് ആഗസ്റ്റ് 18 വരെ നീട്ടി. 2015 വരെ 108 എഫ്‌.ആർ‌.സികൾ രൂപീകരിച്ചു (അഗളി -41, പുതൂർ -46, ഷോളയൂർ ^21). എന്നാൽ, എഫ്‌ആർ.‌സി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ ഐ.ടി.ഡി.പി ഓഫിസിൽ സൂക്ഷിച്ചിട്ടില്ല.

108 എഫ്‌.ആർ‌.സികളുടെയും മിനുറ്റ്​സ് ഓഫിസിൽ സമാഹരിച്ചിട്ടില്ല. എഫ്‌.ആർ‌.സി കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ എടുക്കുന്ന നിർദേശങ്ങളും പ്രവർ‌ത്തനങ്ങളും തുടർ നടപടികളും രേഖകളിൽ കണ്ടെത്താനായില്ല. 108 വനാവകാശ കമ്മിറ്റികളിൽ 2015^16 വരെ 2167 അപേക്ഷകൾ ലഭിച്ചു. അതിൽ 1278ലും സർവേ നടത്തിയില്ല.

വനാവകാശ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച ആധികാരിക രേഖകൾ സൂക്ഷിക്കുന്നിൽ പട്ടികവർഗ വകുപ്പ് കടുത്ത നിയമലംഘനമാണ് നടത്തിയത്. കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം 2015 ജൂലൈയിൽ നിർദേശം നൽകിയത് 2015 നവംബറോടെ സംസ്ഥാനത്തെ അപേക്ഷകൾ പൂർണമായി പരിശോധിച്ച് നിയമം നടപ്പാക്കിയതിന്‍റെ പുരോഗതി റിപ്പോർട്ട് നൽകണമെന്നാണ്.

ഇക്കാര്യത്തിൽ, 2015ന് മുമ്പ് ഓഫിസിൽ തീർപ്പുകൽപ്പിച്ചിട്ടില്ലാത്ത അപേക്ഷകൾ സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാൻ ഓഫിസിന് കഴിഞ്ഞില്ല. 2019 സെപ്റ്റംബർ 30ന്​ നൽകിയ പുരോഗതി റിപ്പോർട്ട് പ്രകാരം 108 എഫി.ആർ.സികൾ രൂപീകരിച്ചു. 2167 അപേക്ഷകൾ ലഭിച്ചതിൽ 1278ലും സർവേ നടന്നിട്ടില്ല. 914 സർവേ പൂർത്തിയാക്കി. സംസ്ഥാന തലത്തിൽ പാസാക്കിയത് 400 അപേക്ഷകളാണ്.


നിയമം നടപ്പാക്കാൻ തയാറാക്കിയ ആധികാരിക ഡാറ്റയൊന്നും ഐ.ടി.ഡി.പി ഓഫിസിൽ സൂക്ഷിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ മനസ്സിലായി. 2008 മുതൽ അപേക്ഷകളുടെ കാര്യത്തിൽ ഗുരുതര വീഴ്ചയാണ് ഉദ്യോഗസ്ഥർ കാണിച്ചത്. ലഭിക്കുന്ന അപേക്ഷകൾ പരിശോധനയോ വിലയിരുത്തലോ നടത്താതെ തെറ്റായ വിവരങ്ങൾ സർക്കാർ വകുപ്പുകളിലേക്കും ആദിവാസി പുനരധിവാസ മിഷനും (ടി.ആർ.ഡി.എം) കൈമാറുന്നു.

തെറ്റായ ഡാറ്റയാണ് ഡി.എൽ.എ.സിക്കും എസ്.എൽ.എം.സിക്കും മുന്നിലെത്തുന്നത്. ഇങ്ങനെ സർക്കാരിന് മുന്നിൽ തെറ്റായ വിവരങ്ങൾ നൽകുന്ന ഐ.ടി.ഡി.പി, ഗോത്രവർഗ ക്ഷേമപരിപാലനത്തിനുള്ള പ്രധാന പ്രോജക്ടുകളാണ് അട്ടിമറിക്കുന്നത്. ഐ.ടി.ഡി.പി ഓഫിസർ ആദിവാസികൾക്ക് എതിരായ പ്രവർത്തനമാണ് നടത്തുന്നത്. 2008 മുൽ ലഭിച്ച അപേക്ഷളുടെ വിവര പരിശോധന നടത്തിയപ്പോൾ ഇത് വ്യക്തമായി.

ആകെ 4382 അപേക്ഷകൾ ലഭിച്ചു. 1428 എണ്ണം ഐ.ടി.ഡിപിയിൽ പരിശോധനയില്ലാതെ പിടിച്ചുവെച്ചു. എസ്.ഡി.എൽ.സി 945 പാസാക്കി. 1894 അപേക്ഷകൾ നിരസിച്ചു. റെക്കോർഡുകളും രജിസ്റ്ററുകളും അടക്കമുള്ള വിവരങ്ങൾ ക്രമരഹിതമായാണ് സൂക്ഷിച്ചിരിക്കുന്നത്.

അത് ശരിയായി സുക്ഷിക്കാത്തതിനാൽ 2008 മുതൽ എഫ്.ആർ‌.സി കേസുകളുടെ സ്ഥിതി കണ്ടെത്തനാവില്ല. ഐ.ടി.ഡി.പിയിലെ പ്രോജക്ട് ഓഫിസർ വനാവകാശ നിയമം നടപ്പാക്കാൻ ഒട്ടും പരിഗണന നൽകിയിട്ടില്ല. നിയമം നടപ്പാക്കുന്നതിൽ സർക്കാർ സംവിധാനം അട്ടിമറി നടത്തുന്നത് വനവാസികളായ ഗോത്രവർഗക്കാരുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. മറ്റൊരു തരത്തിൽ ആദിവാസികളോടുള്ള ഉദ്യോഗസ്ഥരുടെ അതിക്രമമാണിത്​.

സുരക്ഷിതമല്ലാത്ത പാസ്‌വേഡ്

വനഭൂമി സർവേ നടത്താൻ ദിവസം 600 രൂപ ശമ്പളത്തിൽ ഏഴ് സർവേയർമാരെയാണ് നിയമിച്ചത്. ഭൂമിയുടെ മാപ്പിങ് നടത്താൻ 2019 സെപ്റ്റംബർ മുതൽ കരാർ അടിസ്ഥാനത്തിൽ പൊള്ളാച്ചിയിലെ കാർട്ടോഗ്രാഫർ ആർ. ശശിയെ ഏൽപ്പിച്ചു. ഒരു പ്രമാണത്തിന് 350 രൂപ നിരക്കിൽ 1000 മാപ്പുകൾ തയാറാക്കാൻ 3.5 ലക്ഷം നീക്കിവെച്ചു. ഐ.ടി.ഡി.പിയിലെ പ്രോജക്ട് ഓഫിസറുടെ ഒദ്യോഗിക പാസ്‌വേഡ് ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് ദിവസവേതനത്തിൽ നിയമിച്ച സർവേയർമാരാണ് സർവേ വിശദാംശങ്ങൾ രേഖപ്പെടുത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി.

വനവാസികളുടെ ഭൂമിയുടെ ഡാറ്റ അപ്‌ലോഡ്​ ചെയ്യാൻ മറ്റുള്ളവർക്ക് പാസ്‌വേഡ് പങ്കിടുന്നത് സംവിധാനത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ ചിന്തിച്ചില്ല. ആഭ്യന്തര നിയന്ത്രണത്തിന്‍റെ ഗുരുതരവുമായ വീഴ്ചയാണിത്​.

ഭൂമിയുടെ അതിർത്തി നിർണയിക്കൽ സംബന്ധിച്ച് സർക്കാർ 2010 സെപ്റ്റംബർ 23ന് ഉത്തരവിറക്കിയിരുന്നു. അതനുസരിച്ച് സർവേ നടത്തി അതിർത്തി തിരിച്ച് മാപ്പ് തയാറാക്കി രേഖയിൽ പട്ടികവർഗ ഉഗ്യോഗസ്ഥർ ഒപ്പുവെക്കണം. വനഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് വനം - റവന്യു വകുപ്പുകളും രേഖകൾ പരിശോധിച്ചുവേണം അംഗീകരിക്കാൻ. 2008- 09 കാലഘട്ടത്തിൽ അനുവദിച്ച വനഭൂമി സർവേ നടത്തി പ്ലോട്ട് തിരിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഐ.ടി.ഡി.പിയിൽ ഇതുസംബന്ധിച്ച് രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല.

ഉടമസ്ഥതയും രജിസ്ട്രേഷനും കൈമാറ്റവും സംബന്ധിച്ച് നിയമത്തിലെ വകുപ്പ് നാല് (നാല്), ഉപവകുപ്പ് (ഒന്ന്) എന്നിവ വ്യക്തമാക്കുന്നത് ഭൂമിയിേന്മലുള്ള അവകാശം പാരമ്പര്യാധിഷ്​ഠിതമാണ്. ഭൂമി അന്യാധീനപ്പെടുത്താനോ കൈമാറ്റം ചെയ്യാനോ പാടില്ല. എന്നാൽ, അട്ടപ്പാടി പ്രോജക്ട് ഓഫിസിൽ ഉടമസ്ഥാ രേഖകൾ സൂക്ഷിച്ചിട്ടില്ല. 2015 വരെ 400 അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചുവെങ്കിലും റവന്യു വകുപ്പ് ടൈറ്റിൽ രജിസറ്റർ ചെയ്തിട്ടില്ല. കൈവശരേഖ നൽകിയിട്ടുമില്ല.

നിരവധി അപേക്ഷകൾ എസ്‌.ഡി.‌എൽ.‌സി / ഡി‌എൽ‌സി തലത്തിൽ നിരസിക്കപ്പെട്ടു. നിരവധി അപേക്ഷകളിൽ തീരുമാനമെടുക്കാതെ കിടക്കുകയാണ്​. ജില്ലാതലത്തിൽ നിരസിക്കുമ്പോൾ സംസ്ഥാന തലത്തിൽ അപ്പീൽ നൽകാം. എന്നാൽ, അപ്പീലുകൾ സംബന്ധിച്ച രേഖകൾ ഓഫിസിൽ ലഭ്യമല്ല. മാത്രമല്ല, നിരസിച്ച അപേക്ഷകൾക്കെതിരെ അപ്പീൽ നൽകിയ വ്യക്തികളുടെ കേസുകളിൽ നടപടി സ്വീകരിക്കാനും ഐ.ടി.ഡി.പി ഓഫിസർ തയാറായിട്ടില്ല.


അപേക്ഷ നിരസിച്ചാൽ പിന്നീട് വനഭൂമിയിൽ താമസിക്കുന്നത് നിയമവിരുദ്ധമായിട്ടാണ്. അവരെ കുടിയൊഴിപ്പിക്കേണ്ടതാണ്. അതിനും ഉദ്യോഗസ്ഥർ നടപടി എടുത്തില്ല. ആധികാരിക രേഖകളില്ലാത്തതിനാൽ നിയമവിരുദ്ധമായ വനംകൈയേറ്റം കണ്ടെത്താനും അവരെ കുടിയിറക്കാനും തടസ്സം നേരിടുകയാണ്.

വനം - പട്ടികവർഗ - തദ്ദേശ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തിയാണ് അർഹരായവരെ കണ്ടെത്തേണ്ടത്. അതുപോലെ വനവാസികളായ ആദിവാസി കുടുംബങ്ങൾക്കായി സാമൂഹിക- സാമ്പത്തിക വികസനത്തിനായി വിശദമായ പ്രവർത്തന പദ്ധതി ആവിഷ്കരിക്കാനും നടപ്പാക്കനും ഇവർക്ക് ഉത്തരവാദിത്തമുണ്ട്. നിയമം നടത്തിപ്പിലെ കെടുകാര്യസ്ഥത വഴി വനാവകാശത്തിന്‍റെ ഗുണഭോക്താക്കളുടെ വികസനം തടയുകയാണ് പട്ടിക വർഗവകുപ്പ്.

സർവേ വിശദാംശങ്ങൾ വിശകലനം ചെയ്യുകയും പങ്കാളിത്ത രീതിയിൽ ജനങ്ങളുടെ വികസനത്തിനായി പദ്ധതികൾ തയാറാക്കേണ്ടതും പട്ടികവർഗ വകുപ്പാണ്. എന്നാൽ, വനത്തിൽ താമസിക്കുന്നവരുടെ ജീവിതാവശ്യങ്ങളെക്കുറിച്ച് ഒരു വിലയിരുത്തലും പ്രോജക്ട് ഓഫിസർ നടത്തിയിട്ടില്ല. ഗുണഭോക്താക്കൾക്ക് സാമൂഹിക സാമ്പത്തിക പദ്ധതികൾ നടപ്പാക്കുന്നതിന് ഫണ്ട് അനുവദിക്കാൻ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ നിർദേശം നൽകിയിട്ടില്ല. ആദിവാസി ഊരുകളിലെ കുടിവെള്ളം, ഭക്ഷണം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തിയിട്ടുമില്ല.

വന ഉൽപ്പന്നങ്ങളുടെ ശേഖരണവും വിപണനവും സംബന്ധിച്ച വിശദാംശങ്ങളും ഓഫിസിൽ ലഭ്യമല്ല. ചെറുകിട വന ഉൽപ്പന്ന ശേഖരണത്തിനും വിപണനത്തിനുമുള്ള അവകാശം നിയമപ്രകാരം ആദിവാസികൾക്കാണ്. 2008 മുതൽ ഇതിനായി തെരഞ്ഞെടുത്ത സൊസൈറ്റികളുടെ പേര് ചീഫ് കൺസർവേറ്റർ (ഇ ആൻഡ് ടി. ഡബ്ല്യു) പട്ടികവർഗ ഡയറക്ടറെ അറിയിച്ചിരുന്നു.

അട്ടപ്പാടി പ്രോജക്ട് ഓഫിസർ ഈ മേഖലയിൽ കുറുമ്പ എസ്.ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, അട്ടപ്പാടി, ഷോളയൂർ എസ്.ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിങ്ങനെ മൂന്ന് സൊസൈറ്റികൾ രൂപം നൽകി. എന്നാൽ, ആദിവാസികൾക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചിട്ടില്ല. ഗോത്രവർഗക്കാരുടെ പുനരധിവാസത്തിലും തുടർ നടപടിയുണ്ടായില്ല. ആദിവാസികളുടെ ജിവിതത്തിന് പുതിയ വഴിയൊരുക്കാൻ പാർലമെൻറ് പാസാക്കിയ വനാവകാശ നിയമം നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് എ.ജിയുടെ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest lawattappadyAG reports
News Summary - AG reports that forest law officials have violated the law in the state
Next Story