മഞ്ചേരി: തൃക്കലങ്ങോട് 32ൽ സ്വകാര്യ ക്ലിനിക്കിലെ ലാബ് ടെക്നീഷ്യന് കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിൽ പ്രദേശം. ചീക്കോട് സ്വദേശിനിയായ 26കാരിക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിെൻറ നിർദേശപ്രകാരം ലാബ് താൽക്കാലികമായി അടച്ചു.
ക്ലിനിക്കിലെ ഡോക്ടറടക്കം ആറ് ജീവനക്കാരോടും ജൂലൈ അഞ്ച് മുതൽ 16 വരെ ക്ലിനിക്കിലെത്തിയവരോടും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. ആദ്യദിവസം 260 പേരെ കണ്ടെത്തുകയും ഇവരോട് വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയും ചെയ്തു. 400ഓളം പേരുണ്ടെന്നാണ് പ്രാഥമിക വിവരം.
ക്ലിനിക്കിൽനിന്ന് രോഗികളുടെ വിവരങ്ങളെടുത്ത് നിർദേശം നൽകിവരുകയാണ്. ഇവർക്ക് എങ്ങനെ രോഗം ബാധിച്ചെന്ന് വ്യക്തമല്ല. കഴിഞ്ഞ ഏഴിന് പനി ബാധിച്ചിരുന്നു. 13ന് നാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതോടെ ഡോക്ടറുടെ നിർദേശപ്രകാരം 14ന് സാമ്പിൾ ശേഖരിക്കാൻ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.