അയ്യപ്പ സംഗമത്തിന് പിന്നാലെ, ശബരിമല സംരക്ഷണ സംഗമത്തിനും ആശംസയുമായി യോഗി ആദിത്യനാഥ്
text_fieldsപന്തളം: പമ്പയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘ്പരിവാർ സംഘടനകൾ പന്തളത്ത് സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ സംഗമത്തിനും ആശംസ അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ധർമ്മാനുസരിയായ ജീവിതത്തിന് സനാതന ധർമ്മം വഴികാട്ടുന്നു. മാനുഷിക ചേതനയുടെ നിറദീപമാണത്. ഐക്യവും സാമൂഹിക മൈത്രിയും ശക്തിപ്പെടുത്താൻ സനാതന മൂല്യങ്ങളും സംസ്കാരവും വ്യാപിപ്പിക്കണം. ശബരിമല കർമ്മസമിതിയുടെ പരിശ്രമം പ്രശംസനീയമാണ്. ഭക്തരെ ദൈവീകതയിലേക്ക് ബന്ധിപ്പിക്കാൻ ശബരിമല സംരക്ഷണ സംഗമത്തിന് കഴിയട്ടെയെന്നും യു.പി മുഖ്യമന്ത്രി ആശംസിച്ചു.
കഴിഞ്ഞ ദിവസം, പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഉദ്ഘാടന വേദിയിൽ യോഗി ആദിത്യനാഥിന്‍റെ സന്ദേശം ദേവസ്വം മന്ത്രി വി.എൻ വാസവൻ വായിച്ചിരുന്നു. ശബരിമലയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആഗോള അയ്യപ്പസംഗമത്തിന് കഴിയട്ടെയെന്ന് യോഗി ആദിത്യനാഥ് ആശംസാ സന്ദേശത്തിൽ പറഞ്ഞിരുന്നു. ധര്‍മ്മത്തിന്റെ ദിവ്യരക്ഷകനാണ് അയ്യപ്പന്‍. അദ്ദേഹത്തെ ആരാധിക്കുന്നത് ധര്‍മ്മത്തിന്റെ പാതയെ പ്രകാശിപ്പിക്കുകയും സാത്വിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഭക്തരെ പ്രചോദിപ്പിക്കുന്നു. ഐക്യവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്താന്‍ പൗരാണിക ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാഴ്ചപ്പാടില്‍, ആഗോള അയ്യപ്പസംഗമം വളരെ പ്രാധാന്യമര്‍ഹിക്കുന്നു -എന്നായിരുന്നു യോഗിയുടെ ആശംസ.
എന്നാൽ, സംഘപരിവാർ ആശയങ്ങൾ മുറുകെപ്പിടിക്കുന്ന യോഗി ആദിത്യനാഥിന്‍റെ സന്ദേശം മന്ത്രി വായിച്ചതിനെതിരെ കോൺഗ്രസ് അടക്കം വിമർശനവുമായി രംഗത്തുവന്നിരുന്നു. അയ്യപ്പ സംഗമം കൊണ്ടുണ്ടായ ഏക ഗുണം ദേവസ്വം മന്ത്രിക്ക് യു.പി മുഖ്യമന്ത്രിയുടെ ആശംസ വായിക്കാനായി എന്നത് മാത്രമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പരിഹസിച്ചിരുന്നു.
നാളെ എം.സി റോഡിൽ കുളനട, കൈപ്പുഴയിലെ വിശാലമായ മൈതാനത്താണ് ശബരിമല കർമ്മ സമിതി ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുപതിനായിരത്തിൽപരം വിശ്വാസികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. തമിഴ്നാട് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാന മന്ത്രിമാർ എന്നിവർ പങ്കെടുക്കും. പന്തളം ജങ്ഷന് സമീപത്തെ നാനാക്ക് ഓഡിറ്റോറിയത്തിൽ രാവിലെ ‘വിശ്വാസം വികസനം, സുരക്ഷ’ എന്ന വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ശബരിമല തന്ത്രി കണ്ഠരര് മോഹനരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പന്തളം കൊട്ടാരത്തിന്റെ മൗനാനുവാദവും ശബരിമല കർമസമിതി സംഘടിപ്പിക്കുന്ന സംഗമത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

