മാലാപറമ്പ് കൊലക്കേസ് പുനരന്വേഷിക്കാൻ 17 വർഷങ്ങൾക്കുശേഷം ഹൈകോടതി ഉത്തരവ്
text_fieldsമലപ്പുറം: കൊല്ലപ്പെട്ട യുവതി ആരെന്നുപോലും കണ്ടെത്താതെ പൊലീസ് അവസാനിപ്പിച്ച മാലാപറമ്പ് കൊലക്കേസ് വീണ്ടും അന്വേഷിക്കാൻ ഹൈകോടതി ഉത്തരവ്. മൂന്നുമാസത്തിനുള്ളിൽ ക്രൈംബ്രാഞ്ചിനെ കൊണ്ടോ മറ്റു ഉചിതമായ ഏജൻസികളെ കൊണ്ടോ അന്വേഷിപ്പിച്ച് കേസ് തീർപ്പാക്കി റിപ്പോർട്ട് ചെയ്യാനും ഡി.ജി.പിയോട് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ആദ്യം പൊലീസ് പ്രതി ചേർക്കാൻ ശ്രമിച്ച പൊതുപ്രവർത്തകൻ കൂടിയായ പത്തത്ത് അബ്ദു 2021ൽ സമർപ്പിച്ച പരാതിയെ തുടർന്നാണ് ഹൈകോടതി നടപടി. പരാതിക്കാരൻ ചൂണ്ടിക്കാട്ടിയ മുഴുവൻ കാര്യങ്ങളും വിശദമായി അന്വേഷിക്കാനും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
ഹൈകോടതി ഉത്തരവോടെ ഏറെ കോളിളക്കം സൃഷ്ടിച്ച മാലാപറമ്പ് കൊലപാതക കേസ് 17 വർഷങ്ങൾക്കുശേഷം വാർത്തകളിലിടം നേടുകയാണ്. 2004 ഡിസംബർ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിന്തൽമണ്ണ താലൂക്കിൽ ഉൾപ്പെട്ട മാലാപറമ്പ് പുത്തനങ്ങാടി മത്തായിവളവിലെ സ്വകാര്യ വ്യക്തിയുടെ റബർതോട്ടത്തിൽ 40 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ യുവതിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും കൊല്ലപ്പെട്ട സ്ത്രീ ആരെന്നടക്കമുള്ള വിവരങ്ങളൊന്നും കണ്ടെത്തിയില്ല. തുടക്കത്തിൽ പ്രതികളെന്ന് പൊലീസിന് സൂചന ലഭിച്ചയാളുകളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് അന്വേഷണം നിലക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ പ്രതികളിലേക്ക് എത്താനുള്ള തെളിവുകൾ ഏറെയുണ്ടായിട്ടും ഇവയെല്ലാം അവഗണിച്ചായിരുന്നു പൊലീസ് അന്വേഷണം.
കാര്യക്ഷമമായി അന്വേഷിക്കാതെ വർഷങ്ങൾ തള്ളിനീക്കിയ പൊലീസ് കൊല്ലപ്പെട്ട സ്ത്രീയെ സംബന്ധിച്ചോ പ്രതികളെപ്പറ്റിയോ വിവരം ലഭിച്ചില്ലെന്നും തെളിവുകൾ ലഭിക്കുന്ന മുറക്ക് പിന്നീട് അന്വേഷിക്കുമെന്നും പെരിന്തൽമണ്ണ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി 2009ൽ കേസ് മാറ്റിവെക്കുകയായിരുന്നു.
എന്നാൽ, ഇപ്പോൾ ഹൈകോടതി ഇടപെടലിന് കാരണമായ പരാതിക്കാരൻ പത്തത്ത് അബ്ദുവിനെ കേസിൽ പ്രതി ചേർക്കാൻ ശ്രമം നടന്നിരുന്നതായി മലപ്പുറത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മൃതദേഹം അബ്ദുവിന്റെ ഉടമസ്ഥതയിലുള്ള ജീപ്പിലാണ് കൊണ്ടുപോയതെന്ന് ആരോപിച്ച് പൊലീസ് ഇദ്ദേഹത്തിന്റെ ജീപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. പെരിന്തൽമണ്ണയിലെയും മറ്റും കൊള്ളപ്പലിശക്കാർക്കെതിരെ നിലകൊണ്ടതാണ് ഈ കേസിൽ തന്നെ പ്രതിയാക്കാൻ ശ്രമം നടന്നതിന് പിന്നിലെന്ന് അബ്ദു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

