പ്രസംഗശേഷം അഫ്സൽ വിജയം നുണഞ്ഞു
text_fieldsതൃശൂർ: അഹ്ലി ജംഗ് പാനീ കേലിയേ... (ഇനിയൊരു യുദ്ധം ജലത്തിനുവേണ്ടി), ജലക്ഷാമെത്തക്കുറിച്ചാണ് അഫ്സൽ പ്രസംഗിച്ചതെങ്കിലും ജീവിക്കാനുള്ള കൊതികൊണ്ട് മനസ്സിൽ പറഞ്ഞു, ‘മേരാ അഹ്ലി ജംഗ് സിർകെ ചദ് കേലിേയ...’ അതെ, അഫ്സലിനു ജീവിക്കണം, പഠിച്ച് മിടുക്കനാകണം, മാതാപിതാക്കളെയും സഹോദരങ്ങളെയും സംരക്ഷിക്കണം... ഒത്തിരി ആഗ്രഹങ്ങളുണ്ടെങ്കിലും താമസിക്കാനൊരിടംപോലും കിട്ടാതെ അലയുന്ന അവസ്ഥയാണ് ഉത്തർപ്രദേശുകാരനായ ഇൗ വിദ്യാർഥിക്ക്. ഇപ്പോൾ പഠിക്കുന്ന തൃശൂർ ഇരിങ്ങാലക്കുട നടവരമ്പ് ഗവ. എച്ച്.എസ്.എസിലെ അധ്യാപകരുടെ സഹായഹസ്തങ്ങളാണ് പ്ലസ് വൺ കോമേഴ്സ് വിദ്യാർഥിയായ അഫ്സലിനെ താങ്ങിനിർത്തുന്നത്.
ജീവിതം നിഷേധിക്കപ്പെടുന്ന ചുറ്റുപാടുകളുടെ പ്രതീകമാണ് എച്ച്.എസ്.എസ് ഉർദു പ്രസംഗത്തിൽ എ ഗ്രേഡ് നിലനിർത്തിയ അഫ്സലിെൻറ ജീവിതചിത്രം. ഉത്തർപ്രദേശിലെ പ്രത്യേക സാഹചര്യത്തിൽനിന്ന് രക്ഷതേടിയാണ് വർഷങ്ങൾക്കുമുമ്പ് അഫ്സലടക്കം അഞ്ചു മക്കളുമായി മുഹമ്മദ് ഷഹാബുദ്ദീനും ജറീനയും കേരളത്തിലെത്തിയത്. മരപ്പണിക്കാരനായ പിതാവിെൻറ വരുമാനം കുടുംബത്തിലെ എല്ലാവർക്കും അന്നം നൽകാത്ത സ്ഥിതി വന്നതോടെ അഫ്സലിനെ ഓർഫനേജിൽ നിർത്തി പഠിപ്പിച്ചു. വിദ്യാഭ്യാസത്തിലും കലയിലും മികവുപ്രകടിപ്പിച്ച അഫ്സൽ ഓരോ ക്ലാസിലും മികച്ച വിജയമാണ് നേടിയത്. രണ്ടു വർഷം മുമ്പ് ഓർഫനേജുകളുടെ പ്രവർത്തനങ്ങൾ കർശനമാക്കിയതോടെ അഫ്സലിന് പുറത്തുപോകേണ്ടിവന്നു.
അന്നാണ് പത്താം ക്ലാസിൽ മികച്ച വിജയം നേടി നടവരമ്പ് ഗവ. സ്കൂളിൽ പ്ലസ് വണിന് ചേർന്നത്. കേന്ദ്ര സർക്കാറിെൻറ അപ്രതീക്ഷ നോട്ടുനിരോധനം തൊഴിൽ മേഖലയിലും ബാധിച്ചതോടെ ഭാര്യയെയും മറ്റു മക്കളെയും ഷഹാബുദ്ദീൻ യു.പിയിലേക്ക് തിരികെ അയച്ചു. ഇതര സംസ്ഥാനക്കാരായതിനാൽ വീട് വാടകക്കു കിട്ടാൻ പ്രയാസമായതോടെ ജോലിചെയ്യുന്ന സ്ഥലത്ത് പിതാവിനൊപ്പം കഴിച്ചുകൂട്ടുകയാണ് അഫ്സൽ. വെള്ളാങ്കര ബ്ലോക്ക് ജങ്ഷനിൽ ഹോളോബ്രിക്സ് കമ്പനിയുടെ ഓഫിസിെൻറ മൂലക്കാണ് ഇപ്പോൾ ഇരുവരും കഴിയുന്നത്. ആരെങ്കിലും ഭൂമി നൽകിയാൽ വീടു െവച്ചുനൽകാൻ നേതൃത്വം നൽകുമെന്ന് സ്കൂളിലെ അധ്യാപകർ പറഞ്ഞു. സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഇത്തരം കുടുംബങ്ങൾക്ക് കൈത്താങ്ങേകാൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നാണ് അധ്യാപകരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
