ആഫ്രിക്കൻ പന്നിപ്പനി: വയനാട്ടിലെ ഫാമുകളിൽ പന്നികളെ കൊന്നുതുടങ്ങി
text_fieldsപന്നികളെ കൊന്നൊടുക്കിയശേഷം കുഴിച്ചിടുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നു
മാനന്തവാടി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമുകളിൽ പന്നികളെ കൊന്നുതുടങ്ങി. നടപടികൾ പൂർത്തിയാക്കി ഞായറാഴ്ച രാത്രി വൈകിയാണ് പന്നികളെ കൊന്നുതുടങ്ങിയത്. ഇത് അടുത്ത ദിവസങ്ങളിലും തുടരും. തവിഞ്ഞാൽ പഞ്ചായത്തിലെ കരിമാനി കുളങ്ങോട് മുല്ലപ്പറമ്പിൽ എം.വി. വിൻസെന്റിന്റെ ഫാമിലുള്ള 360 പന്നികളെയാണ് ആദ്യഘട്ടത്തിൽ കൊല്ലുന്നത്. ഈ ഫാമിലെ പന്നികളെ കൊന്നശേഷം മാനന്തവാടി കണിയാരത്തെ ജിനി ഷാജിയുടെ ഫാമിന് സമീപ പ്രദേശത്തുള്ള മറ്റൊരു ഫാമിലെ 325 പന്നികളെ കൂടി കൊല്ലും. ജിനിയുടെ ഫാമിലുണ്ടായിരുന്ന 43 പന്നികളും കഴിഞ്ഞ മാസങ്ങളിൽ ചത്തിരുന്നു. മണ്ണുത്തി വെറ്ററിനറി കോളജിൽ നിന്നെത്തിച്ച ഒരു ഇലക്ട്രിക് സ്റ്റണ്ണർ ഉപയോഗിച്ച് മൃഗങ്ങളെ ബോധം കെടുത്തിയശേഷമാണ് 'ദയാവധ'ത്തിന് വിധേയമാക്കുന്നത്. ഒരു ഇലക്ട്രിക് സ്റ്റണ്ണർ കൂടി ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്.
പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാലിലെയും കണിയാരത്തെയും രണ്ടു ഫാമുകളുടെ ഒരു കിലോമീറ്റർ നിരീക്ഷണ മേഖലയിലുള്ള മറ്റു ഫാമുകളിലെ പന്നികളെ കൊല്ലണമെന്നാണ് പ്രോട്ടോകോൾ. ഏകോപന ചുമതലയുള്ള വയനാട് സബ് കലക്ടർ ആർ. ശ്രീലക്ഷ്മി ഞായറാഴ്ച രാവിലെ വിൻസെന്റിന്റെ വീട്ടിലെത്തി. നിയമവശത്തെക്കുറിച്ച് ഇവരെ ബോധവത്കരിച്ചശേഷമാണ് പന്നികളെ കൊല്ലാനുള്ള നടപടിയാരംഭിച്ചത്. ഉച്ചക്ക് 2.15ഓടെയാണ് പന്നികളെ കൊല്ലാനായി രണ്ട് ഡോക്ടർമാരടങ്ങിയ 16 അംഗ ആർ.ആർ.ടി സംഘം ഫാമിലെത്തി. വൈകീട്ടോടെ പന്നികളെ കുഴിച്ചിടുന്നതിന് തവിഞ്ഞാലിലെ ഫാമിന് 80 മീറ്റർ അകലെയായി 30 അടി നീളത്തിലും 20 അടി വീതിയിലും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്തു. തുടർന്ന് രാത്രിയോടെയാണ് കൊന്നൊടുക്കൽ തുടങ്ങിയത്. മുഴുവൻ പന്നികളെയും കൊല്ലാൻ മൂന്നുദിവസമെങ്കിലുമെടുക്കും.
മണ്ണുത്തി വെറ്ററിനറി കോളജ് മീറ്റ് ടെക്‌നോളജി യൂനിറ്റിലെ അസി. പ്രൊസസിങ് അസോസിയേറ്റ് അവിനാഷ് സി. ലാൽ, ബുച്ചർമാരായ സി. ബൈജു, കീർത്തൻ എന്നിവരടങ്ങുന്ന സംഘമാണ് സ്റ്റണ്ണിങ്, കള്ളിങ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. കാട്ടിക്കുളം വെറ്ററിനറി സർജൻ ഡോ. വി. ജയേഷ്, മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കിലെ ഡോ. കെ. ജവഹർ എന്നിവരാണ് തവിഞ്ഞാലിലെ മേൽനോട്ടം വഹിക്കുന്നത്. കണിയാരം ഉൾപ്പെടുന്ന മാനന്തവാടി പരിധിയിലെ ഏകോപനം സീനിയർ വെറ്ററിനറി സർജൻ ഡോ. എസ്. ദയാൽ നിർവഹിക്കും. തവിഞ്ഞാലിലേതിന് സമാനമായി മാനന്തവാടിയിലും നിരീക്ഷണത്തിനും ബോധവത്കരണത്തിനുമായി പ്രത്യേക ദ്രുത കർമസേനയെ നിയോഗിച്ചിട്ടുണ്ട്.
ഉറവിടം കണ്ടെത്താനാകാതെ മൃഗസംരക്ഷണ വകുപ്പ്
മാനന്തവാടി: ദക്ഷിണേന്ത്യയിൽ ആദ്യമായി കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടും ഉറവിടം കണ്ടെത്താനാകാതെ മൃഗസംരക്ഷണ വകുപ്പ് ഉഴലുന്നു. രോഗ സ്ഥിരീകരണമുണ്ടായി മൂന്ന് ദിവസം പിന്നിട്ടിട്ടും രോഗം വയനാട്ടിലെ മാനന്തവാടി കണിയാരത്തെയും തവിഞ്ഞാലിലെയും ഫാമുകളിൽ എങ്ങനെ വന്നു എന്ന് കൃത്യമായി വിശദീകരിക്കാൻ അധികൃതർ പ്രയാസപ്പെടുകയാണ്. വായുവിലൂടെയോ ഭക്ഷണത്തിലൂടെയോ തീറ്റ കൊണ്ടുവരുന്ന വാഹനം വഴിയോ ആയിരിക്കാം രോഗം എത്തിയതെന്നാണ് പ്രാഥമിക അനുമാനം. രോഗം സ്ഥിരീകരിച്ച പന്നികളുടെ രക്തവും ആന്തരികാവയവങ്ങളും ശേഖരിച്ച് പഠനം നടത്താനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചു. രോഗം പന്നികളിൽ നിന്ന് പന്നികളിലേക്ക് മാത്രമെ പകരൂവെന്നും എന്നാൽ, മനുഷ്യർ രോഗവാഹകരായി മാറുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

