കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന ആഫ്രിക്കക്കാരൻ ബംഗളൂരുവിൽ പിടിയിൽ
text_fieldsക്രിസ്റ്റ്യൻ ഉഡോ
കരുനാഗപ്പള്ളി: കേരളമടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മെത്താഫിറ്റാമിൻ, ഹെറോയിൻ എന്നിവയടക്കമുള്ള മയക്കുമരുന്നുകൾ മൊത്തമായി വിതരണം ചെയ്യുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ മുഖ്യകണ്ണി ബംഗളൂരുവിൽ നിന്ന് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായി. ബംഗളൂരുവിലെ സർജാപുരം എന്ന സ്ഥലത്തു നിന്ന് ഘാന സ്വദേശിയായ ക്രിസ്റ്റ്യൻ ഉഡോ (28) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 55 ഗ്രാം എം.ഡി.എം.എ കണ്ടെത്തി.
മൂന്നാഴ്ച മുമ്പ് കൊല്ലം സ്വദേശിയായ അജിത് എന്ന യുവാവിനെ 52 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പൊലീസ് അജിത്തുമായി ബംഗളൂരുവിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ 17ന് പാലക്കാട് സ്വദേശിയായ അൻവർ എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടേയും മറ്റും അടിസ്ഥാനത്തിൽ ഘാനയിൽനിന്നുള്ള ബാബജോൺ എന്നറിയപ്പെടുന്ന ആളാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് വ്യക്തമായതോടെയാണ് ഇയാളെ കണ്ടെത്താൻ 24ന് പൊലീസ് സംഘം ബംഗളൂരുവിൽ എത്തിയത്. ആഫ്രിക്കക്കാർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ക്രിസ്റ്റ്യൻ ഉഡോ നേരത്തെയും മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുള്ളതാണെന്ന് വ്യക്തമായി. അപകടകാരിയായ പ്രതിയെ കടുത്ത ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ജിമ്മി ജോസ്, ശരത് ചന്ദ്രൻ, എ.എസ്.ഐമാരായ ഷാജിമോൻ നന്ദകുമാർ, എസ്.പി.സി.ഒമാരായ രാജീവ്, സാജൻ എന്നിവരടങ്ങിയ സംഘമാണ് ബംഗളൂരുവിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവി ടി. നാരായണന്‍റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാറാണ് പൊലീസ് സംഘത്തിന്റെ ബംഗളൂരുവിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
അറസ്റ്റിലായ ക്രിസ്റ്റ്യൻ ഉഡോയുടെ ഫോൺ പരിശോധിച്ചതിൽ ഇയാൾ ഒരു മാസം കേരളത്തിലേക്ക് കുറഞ്ഞത് 50 ലക്ഷം രൂപയുടെ എം.ഡി.എം.എ കച്ചവടം നടത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നതെന്ന് പൊലീസ് അറിയിച്ചു. സിനിമാ മേഖലയിലെയും പ്രഫഷനൽ വിദ്യാർഥികളുടെയും ഒരു സംഘം തന്നെ ഇയാളുടെ ഇടപാടുകാരുടെ പട്ടികയിൽ ഉണ്ട്. ഇയാളുടെ അറസ്റ്റോടെ കേരളത്തിലേക്കുള്ള എം.ഡി.എം.എയുടെ ഒഴുക്ക് വളരെയധികം കുറക്കാൻ കഴിയുമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കരുനാഗപ്പള്ളി പൊലീസ് പിടിക്കുന്ന പത്താമത്തെ എം.ഡി.എം.എ കേസാണിത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.