തടവുകാർക്ക് പ്രതിഫലം കൂട്ടിയ സർക്കാർ ജീവനക്കാരുടെ ഡി.എ നിഷേധിക്കുന്നുവെന്ന് സത്യവാങ്മൂലം
text_fieldsrepresentational image
കൊച്ചി: ജയിലിലെ തടവുകാർക്ക് പ്രതിഫലം വർധിപ്പിച്ച സർക്കാറാണ് ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്ത (ഡി.എ) കുടിശ്ശിക നിഷേധിക്കുന്നതെന്ന് ഹരജിക്കാർ ഹൈകോടതിയിൽ.
ഡി.എ അവകാശമല്ലെന്ന സർക്കാർ നിലപാട് നിയമവിരുദ്ധമാണ്. പണമില്ലെന്ന പേരിൽ നിഷേധിക്കാനാകില്ല. സിവിൽ സർവിസ് ഉദ്യോഗസ്ഥർക്കും ജുഡീഷ്യൽ ഓഫിസർമാർക്കും ഡി.എ അനുവദിച്ചിട്ടുണ്ട്. വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുവദിക്കാത്തതിനെതിരായ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന ന്യായീകരണം അംഗീകരിക്കാനാകില്ലെന്നും സർക്കാർ സത്യവാങ്മൂലത്തെ എതിർത്ത് ഹരജിക്കാരനായ ഫെഡറേഷൻ ഓഫ് ഓൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
2021 ജനുവരി മുതലുള്ള കുടിശ്ശിക ലഭിക്കാനുണ്ടെന്നും അതിൽ 25 ശതമാനമെങ്കിലും അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന ഹരജി ജസ്റ്റിസ് എൻ. നഗരേഷ് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
കേരളത്തിലെ ജയിലുകളിലുള്ള തടവു പുള്ളികളുടെ ദിവസ വേതനം പത്ത് മടങ്ങ് വരെയാണ് വർധിപ്പിച്ചത്. സ്കിൽഡ് ജോലികളിൽ ഏർപ്പെടുന്നവരുടെ വേതനം 620 രൂപയാക്കി. നേരത്തെ ഇത് 152 രൂപയായിരുന്നു. സെമി സ്കിൽഡ് ജോലികളിൽ ഏർപ്പെടുന്നവരുടെ വേതനം 127 ൽനിന്ന് 560 രൂപയായും അൺ സ്കിൽഡ് ജോലികളുടെ വേതനം 530 ആയാണ് വർധിപ്പിച്ചത്. നേരത്തെ 63 ആയിരുന്നു.
സംസ്ഥാനത്തെ നാലു സെൻട്രൽ ജയിലുകളിലെ മൂവായിരത്തിലധികം തടവ് പുള്ളികൾക്കാണ് ജോലിക്ക് വേതനം നൽകി വരുന്നത്. അവസാനമായി തടവു പുള്ളികളുടെ വേതനം വർധിപ്പിച്ചത് 2018ലാണ്.
തടവുകാരെ സ്വയം പര്യാപ്തരാക്കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയിലുകളിൽ ജോലി ചെയ്യുന്നതിന് കൂലി ഏർപ്പെടുത്തി വരുന്നത്. തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ തടവുകാരുടെ വേതനം കുറവാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് വേതന വർധനവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

