ഭാവഭേദമില്ലാതെ അഫാൻ; സൽമാബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
text_fieldsവെഞ്ഞാറമൂട്: അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത വെഞ്ഞാറമൂട് സംഭവത്തില്‍ പ്രതിയായ അഫാനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഏറ്റുവാങ്ങിയ പാങ്ങോട് പൊലീസ് രാത്രിയിലെ ചോദ്യം ചെയ്യലിനു ശേഷം വെള്ളിയാഴ്ച നാലു മണിയോടെ അഫാന്‍ ആദ്യം കൊലപ്പെടുത്തിയ പിതൃമാതാവ് സല്‍മാ ബീവിയുടെ വീട്ടിലും, കൊലപാതകത്തിനു ശേഷം ആദ്യമെത്തിയ അഫാന്റെ പേരുമലയിലുള്ള വീട്ടിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
ഇവിടെ വെച്ചാണ് കൊലപാതക ഉദ്ദേശ്യത്തോടെ മാതാവിനെ ക്രൂരമായി ആക്രമിക്കുകയും പെണ്‍ സുഹൃത്ത് ഫര്‍സാന, അനുജന്‍ അഫ്‌സാന്‍ എന്നിവരെ കൊലപ്പെടുത്തുകയും ചെയ്തത്. പേരുമലയിലെ തെളിവെടുപ്പിനു ശേഷം അഫാനെ വീണ്ടും പാങ്ങോട് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇന്ന് രാത്രിയിലും ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിനുശേഷം കസ്റ്റഡി കാലാവധി അവസാനിക്കുന്ന ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മാറ്റും.
തുടര്‍ന്ന്, അഫാന്റെ പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ സാജിദാ ബീവി എന്നിവരുടെ കൊലപാതകക്കേസിൽ കിളിമാനൂര്‍ പൊലീസ് എസ്.എച്ച്.ഒ ജയന്‍, അഫ്‌സാന്‍, ഫര്‍സാന എന്നിവരുടെ കൊലപാതകക്കേസുകളിൽ വെഞ്ഞാറമൂട് പൊലീസ് എസ്.എച്ച്.ഒ അനൂപ് കൃഷ്ണ എന്നിവർ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നൽകുമെന്നാണ് അറിയുന്നത്.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. മഞ്ജു ലാലിനാണ് കേസിന്റെ അന്വേഷണച്ചുമതല. തെളിവെടുപ്പിനെത്തിയ രണ്ട് സ്ഥലങ്ങളിലും വന്‍ ജനാവലി പ്രതിയെ കാണാനെത്തി. പ്രതിക്കുനേരെയുള്ള ജനരോഷം അക്രമത്തിലേക്ക് കടക്കുമോ എന്ന സംശയത്തില്‍ വന്‍ പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് സ്ഥലങ്ങളിലെത്തിച്ചത്.
അഫാന്‍റെ വക്കാലത്തൊഴിഞ്ഞ് കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍റെ വക്കാലത്തിൽനിന്ന് ഒഴിഞ്ഞ് ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റും അഭിഭാഷകനുമായ കെ. ഉവൈസ് ഖാൻ. ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്നും കേസിൽ ഹാജരാകുന്നതിൽനിന്ന് ഉവൈസിനെ വിലക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്‍റ് സൈതലി കെ.പി.സി.സി പ്രസിഡന്‍റിന് പരാതി നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.