ഓർമശക്തിയടക്കം വീണ്ടെടുത്ത് അഫാൻ; ആശുപത്രി സെല്ലിലേക്ക് മാറ്റി; ജയിലിലേക്ക് മാറ്റാന്‍ വൈകും
text_fieldsതിരുവനന്തപുരം: ജയിലില്‍ ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ, ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയില്‍ തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് സെല്ലിലേക്ക് മാറ്റിയത്. അപകടനില തരണം ചെയ്ത അഫാനെ കഴിഞ്ഞയാഴ്ച വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. ഓർമശക്തിയടക്കം വീണ്ടെടുത്ത അഫാനെ ജയിലിലേക്ക് മാറ്റാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ജയിലധികൃതർ വ്യക്തമാക്കി.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അഫാന്‍ കഴിഞ്ഞ 25നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തൂങ്ങി മരിക്കാനുള്ള ശ്രമത്തില്‍ കഴുത്തിലെ ഞരമ്പുകള്‍ക്ക് മാരകമായി പരിക്കേറ്റിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാന്‍ പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്. ഓര്‍മശക്തി നഷ്ടമായാല്‍ വിചാരണയെയും മറ്റും ബാധിക്കും. അഞ്ചുപേരെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്കെതിരെയുള്ള മൂന്ന് കുറ്റപത്രങ്ങള്‍ പൊലീസ് സമര്‍പ്പിച്ചിരുന്നു.
സഹോദരന്‍ അഹ്സാന്‍, സുഹൃത്തായ ഫര്‍സാന, പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിതാ ബീവി, പിതൃമാതാവ് സല്‍മ ബീവി എന്നിവരെ അഫാന്‍ തലക്കടിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്. പിതാവ് വിദേശത്ത് കുടുങ്ങിയപ്പോള്‍ അഫാനും ഉമ്മയും സഹോദരനുമടങ്ങിയ കുടുംബത്തിന് 48 ലക്ഷം രൂപയോളം കടംപെരുകി.
ഇതില്‍ വഴക്ക് പറഞ്ഞതിന്‍റെയും കടംവീട്ടാന്‍ സഹായിക്കാത്തതിന്‍റെയും വൈരാഗ്യത്തിലാണ് ഉറ്റവരെ അഫാന്‍ കൊലപ്പെടുത്തിയതെന്നാണ് കേസ്. കൊലപാതകങ്ങള്‍ക്ക് ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അഫാന്‍ പൊലീസ് കസ്റ്റഡിയിലും പിന്നീട് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

