ജൂനിയർ അഭിഭാഷകയെ മർദിച്ച അഡ്വ. ബെയ്‌ലിൻ ദാസ് റിമാൻഡിൽ; ജാമ്യഹരജിയിൽ നാളെ വിധി
text_fieldsതിരുവനന്തപുരം: ജൂനിയർ വനിതാ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ സീനിയർ അഭിഭാഷകന്‍ ബെയ്‌ലിൻ ദാസ് റിമാൻഡിൽ. ഈ മാസം 27വരെയാണ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. വൈദ്യപരിശോധനക്ക് ശേഷം ബെയ്‌ലിൻ ദാസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.
അതേസമയം, ബെയ്‌ലിന്‍റെ ജാമ്യഹരജി വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റി. ഹരജിയിൽ ഇന്ന് വിശദമായ വാദം കേട്ടശേഷമാണ് കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റിയത്.
ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. തൊഴിലിടത്തെത്തിയ ഒരു യുവ അഭിഭാഷകയെ മർദിച്ചത് ഗൗരവമേറിയ കുറ്റമാണ്. സ്ത്രീ സുരക്ഷ എന്നത് കേരളം വളരെയേറെ ചർച്ച ചെയ്യുന്ന സാഹചര്യമാണ്. സീനിയറായ അഭിഭാഷകനിൽ നിന്നാണ് ഇത്തരം സംഭവമുണ്ടാകുന്നത്. സംരക്ഷിക്കേണ്ട, പുതിയ പാഠങ്ങൾ പഠിപ്പിക്കേണ്ട വ്യക്തിയിൽ നിന്ന് ജൂനിയർ അഭിഭാഷകക്ക് നേരെ ഉണ്ടായത് ക്ഷമിക്കാവുന്ന കുറ്റമല്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.
കരുതിക്കൂട്ടി സ്ത്രീയെ അധിക്ഷേപിക്കാനോ കൈയേറ്റം ചെയ്യാനോ ബെയ്ലിൻ ദാസ് ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സ്ത്രീയുടെ ഭാഗത്ത് നിന്നാണ് പ്രകോപനമുണ്ടായത്. അപ്പോഴുണ്ടായ പ്രശ്നങ്ങളുടെ ഭാഗമായാണ് സംഭവങ്ങളെന്നും അഭിഭാഷകൻ വ്യക്തമാക്കി.
മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാൾ സഞ്ചരിച്ച കാർ വളഞ്ഞ് സിനിമ സ്റ്റൈലിൽ തുമ്പ സി.ഐയുടെ നേതൃത്വത്തിൽ ബെയ്ലിൻ ദാസിനെ കസ്റ്റഡിയിലെടുത്തത്. പിടിയിലാകുമ്പോൾ കാറിൽ ഇയാളുടെ ബന്ധുവുമുണ്ടായിരുന്നു. ബന്ധുവിനെ വിട്ടയച്ച പൊലീസ്, ബെയ്ലിൻ ദാസിനെ വഞ്ചിയൂർ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഒളിവിലായിരുന്ന പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ വലയിലാക്കിയത്. വാഹനങ്ങള്‍ മാറി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേർന്നു പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തന്‍റെ ജൂനിയറായ പാറശാല കരുമാനൂര്‍ കോട്ടവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്യാമിലിയെ (26) സഹപ്രവർത്തകർ നോക്കിനിൽക്കെ ഓഫീസ് കാബിനിലിട്ട് ബെയ്‌ലിൻ ദാസ് ക്രൂരമായി മർദിച്ചത്. ഓഫീസിലെ സഹപ്രവർത്തകയോടും തന്നോടും മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു മർദനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

