എസ്.ഐ.ആറിനെതിരെ അഡ്വ. സണ്ണി ജോസഫ് സുപ്രീംകോടതിയില്‍; ‘ലക്ഷക്കണക്കിന് ആളുകളുടെ വോട്ട് ഇല്ലാതാക്കുന്നതില്‍ ഇടപെടണം’
text_fieldsതിരുവനന്തപുരം: കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കാരത്തിനെതിരം (എസ്.ഐ.ആര്‍) കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എം.എല്‍.എ സുപ്രീംകോടതിയില്‍. കേരളത്തിലെ ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വോട്ട് നഷ്ടപ്പെടുത്തുന്ന എസ്.ഐ.ആറില്‍ സുപ്രീംകോടതി ഇടപെടണമെന്ന് അദ്ദേഹം ഹരജിയിൽ ആവശ്യപ്പെട്ടു.
2026ല്‍ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന കേരളത്തില്‍ 30 ദിവസത്തിനുള്ളില്‍ എസ്.ഐ.ആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകില്ല. വോട്ടര്‍മാര്‍ക്ക് പരാതി നൽകാനോ, തിരുത്തല്‍ നടത്താനോ, അപ്പീല്‍ നൽകാനോ സാധിക്കില്ല. നവംബര്‍ പകുതിയായിട്ടും ഗണ്യമായ വോട്ടര്‍മാരുടെ കൈകളില്‍ ഫോം എത്തിയിട്ടില്ല. കേരളത്തിന്റെ സാഹചര്യങ്ങളൊന്നും പഠിക്കാതെയാണ് ഒക്ടോബർ 27ന് എസ്.ഐ.ആറിനുള്ള ഉത്തരവുണ്ടായത്. ഇത് ബിഹാറിന് നേരത്തെ പുറപ്പെടുവിച്ച അതേ ഉത്തരവാണ്. ദുഷ്ടലാക്കോടെ അവിടെ നടപ്പാക്കിയ രീതി കേരളത്തില്‍ നടപ്പാക്കാനാകില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
കേരളത്തില്‍ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ 5 പൊതുതെരഞ്ഞെടുപ്പുകളും 5 നിയമസഭ തെരഞ്ഞെടുപ്പുകളും നിലവിലുള്ള വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ നടത്തിയിട്ടുണ്ട്. ഇവ കാലാകാലങ്ങളില്‍ തുടര്‍ച്ചയായി പുതുക്കിയിട്ടുള്ളതാണ്. 2002ലെ വോട്ടര്‍ പട്ടികയിലേക്കു മടങ്ങിപ്പോകാനുള്ള യാതൊരു സാഹചര്യവും നിലവിലില്ല.
വോട്ടര്‍പട്ടികയില്‍ 2002ല്‍ ഉള്‍പ്പെടുത്തിയ വോട്ടര്‍മാര്‍ എന്നും അതിനുശേഷം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരെന്നും രണ്ടായി തിരിക്കുന്നത് രണ്ടുതരം വോട്ടര്‍മാരെ സൃഷ്ടിക്കുന്നു. 2002നു ശേഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍ക്ക് പൗരത്വം തെളിയിക്കാനുള്ള രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്. ഇതു ജനപ്രാതിനിധ്യനിയമത്തിന് എതിരാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
പൗരത്വനിര്‍ണയം കേന്ദ്രസര്‍ക്കാറിന്‍റെ മാത്രം അധികാരപരിധിയിലുള്ളതാണ്. തെരഞ്ഞെടുപ്പ് കമീഷന് പൗരത്വ പരിശോധന നിര്‍ദേശിക്കാനുള്ള അധികാരമില്ല. നിലവിലുള്ള വോട്ടര്‍മാരുടെ മേല്‍ പൗരത്വം തെളിയിക്കുന്നതിന്റെ ഭാരം അടിച്ചേൽപിച്ചും വ്യക്തിഗത നോട്ടീസ് നൽകാതെ പേരുകള്‍ ഇല്ലാതാക്കിയും ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കുന്ന സാഹചര്യമുണ്ടാകും. ഇത് ദേശീയ പൗരത്വ രജിസ്റ്റര്‍ കുറുക്കുവഴിയിലൂടെ സ്ഥാപിക്കാന്‍ വഴിയൊരുക്കുന്നതാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
എസ്.ഐ.ആറിനെതിരെ മുസ്‌ലിം ലീഗ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. കേരളത്തിലെ എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കോടതിയെ സമീപിച്ചത്. മാനസിക സമ്മർദത്തെ തുടർന്ന് ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവും ഹരജിയിൽ പരാമർശിച്ചു.
കേരളത്തിലെ എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട വിജ്ഞാപനം ഹരജിയിൽ ചോദ്യം ചെയ്യുന്നു. തദ്ദേശ തെരഞ്ഞെടുപ്പും വോട്ടർ പട്ടിക തീവ്ര പരിഷ്കരണവും (എസ്.ഐ.ആർ) ഒരേസമയം നടക്കുന്നത് ബി.എൽ.ഒമാർ ഉൾപ്പെടെയുള്ള ജീവനക്കാർ വലിയ സമ്മർദം ഉണ്ടാക്കുന്നു. ആ സമ്മർദം ജീവനക്കാർക്ക് താങ്ങാൻ സാധിക്കുന്നില്ല.
വോട്ടർമാരെ പുറത്താക്കാനുള്ള നീക്കമാണ് എസ്.ഐ.ആർ. പ്രവാസി വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്കയും ഹരജിയിൽ പങ്കുവെക്കുന്നുണ്ട്. എസ്.ഐ.ആർ വിജ്ഞാപനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടി കൂടിയാണ് മുസ്‌ലിം ലീഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

