‘ആ ക്വട്ടേഷൻ നടപ്പാക്കി നിങ്ങൾ മടങ്ങി; ജലീലും റഹീമും മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ കണ്ടില്ല’; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ്
text_fieldsകോഴിക്കോട്: കർണാടകയിലെ ബുൾഡോസർ രാജിനെ സാമുദായികമായി ചിത്രീകരിക്കാൻ ശ്രമിച്ച ഇടത് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ. കെ.ടി. ജലീലും എ.എ. റഹീമും ബംഗളൂരുവിൽ എത്തിയത് കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം പറയാനാണെന്നും കർണാടക മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ കണ്ടില്ലെന്നും ഷിബു മീരാൻ ഫേസ്ബുക്കിൽ കുറിച്ചു.
നഷ്ടമായ വിശ്വാസ്യതയും ന്യൂനപക്ഷ വോട്ട് ബാങ്കും തിരിച്ച് പിടിക്കാനുമാണ് സന്ദർശനത്തിലൂടെ എം.എൽ.എയും എം.പിയും ലക്ഷ്യമിട്ടത്. ദുരിതത്തിലായ മനുഷ്യർക്ക് ഒരു കൂരകെട്ടി കൊടുക്കണമെന്ന് ആവശ്യപ്പെടാതെ ക്വട്ടേഷൻ നടപ്പാക്കി ജലീലും റഹീമും മടങ്ങിയെന്നും എഫ്.ബി. പോസ്റ്റിൽ ഷിബു മീരാൻ കുറ്റപ്പെടുത്തി.
അഡ്വ. ഷിബു മീരാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് മുസ്ലിം ലീഗ് നേതൃ സംഘം കർണാടക മുഖ്യമന്ത്രിയുമായി അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച്ച നടത്തി. സി കെ സുബൈർ, ഫൈസൽ ബാബു, സി കെ ശാക്കിർ, സിദ്ധീഖ് തങ്ങൾ, പി മുനീർ എന്നിവരോടൊപ്പം ആ സംഘത്തിന്റെ ഭാഗമായി.
ദൗർഭാഗ്യകരമായ ഒരു കുടിയൊഴിപ്പിക്കൽ നടപടി ബംഗളുരുവിൽ ഉണ്ടായതിൻ്റെ ആശങ്ക ഞങ്ങൾ പങ്കുവച്ചു..അവരെ തെരുവിലേക്ക് വലിച്ചെറിയില്ല.. ഏറ്റവും മാതൃകാപരമായ പുനരധിവാസ പാക്കേജിന് രൂപം നൽകി കഴിഞ്ഞു. നാളെ നടക്കുന്ന ഉന്നത തല യോഗത്തിന് ശേഷം അത് പ്രഖ്യാപിക്കും.. കർണാടക യു പി യോ മധ്യ പ്രദേശോ അല്ല, ആകുകയുമില്ല.. താൽക്കാലികമായ താമസസ്ഥലം, ശാശ്വതമായ പുനരധിവാസം രണ്ടും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു..
സംഭവസ്ഥലം സന്ദർശിക്കുന്നുണ്ട് എന്ന് പറഞ്ഞ ഉടനേ അദ്ദേഹം ന്യുനപക്ഷ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാനോട് ലീഗ് സംഘത്തോടൊപ്പം അവിടേക്ക് പോകാൻ നിർദ്ദേശം നൽകി...
പി കെ കുഞ്ഞാലികുട്ടി സാഹിബ് സമീർ അഹമ്മദുമായി സംസാരിച്ചു..
ഫഖീർ കോളനിയിലെത്തി ഞങ്ങളുടെ സാന്നിദ്ധ്യത്തിൽ തന്നെ അദ്ദേഹം ഇരകളോട് സംസാരിച്ചു...ഏറ്റവും ആശ്വാസകരമായ വാർത്ത നാളെ നിങ്ങളെ തേടിയെത്തുമെന്ന് സാക്ഷി നിറുത്തി തന്നെ അദ്ദേഹം പ്രഖ്യാപിച്ചു. നിറ കൈയടികളോടെ ആ മനുഷ്യർ അതേറ്റെടുത്തു.....
രാവിലെ നാട്ടിൽ നിന്നൊരു എം എൽ എ വന്നു പോയിരുന്നു. ഇന്നലെ ഒരു എം പി യും.. കർണാടകയിൽ യു പി മോഡൽ ബുൾഡോസർ രാജ് എന്ന് സ്ഥാപിക്കണം, നാട്ടിൽ കോൺഗ്രസിനെതിരെ ക്യാമ്പയിൻ നടത്തണം.. ഇവിടെ വന്ന് ആ കൊട്ടേഷൻ നടപ്പാക്കി അവർ മടങ്ങി..
എന്താണ് കെ ടി ജലീൽ ബുൾഡോസർ രാജ്? മതത്തിൻ്റെ പേരിൽ വംശീയ അജണ്ട മുൻ നിറുത്തി മനുഷ്യരെ ഇടവേളയില്ലാതെ നിരന്തരം തെരുവിലിറക്കുക.. പുനരധിവാസം, നഷ്ട പരിഹാരം ഈ വാക്കുകൾ അവിടെ കേൾക്കാറില്ല.. കുടിയൊഴിപ്പിക്കുന്നവർ എവിടേക്കു പോകുമെന്ന് ഭരണകൂടം അന്വേഷിക്കാറില്ല....
കർണാടകയിൽ നടന്നത് ദൗർഭാഗ്യകരമാണ്.. സംഭവിക്കരുതാത്തതാണ്..
പക്ഷേ അവിടുത്തെ ഗവർമെണ്ട് അവരെ ഏറ്റെടുക്കാനും പുനരധിവസിപ്പിക്കാനും തയ്യാറാണ്..
യു പി, അസം, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കുന്ന സംഭവങ്ങളിൽ നിന്ന് കർണാടക വ്യത്യസ്ഥമാകുന്നത് അത് കൊണ്ടാണ്..
എന്തുകൊണ്ടാണ് ഒരു എം പി യും ഒരു എം എൽ എ യും ഇവിടെ വന്നിട്ട് മുഖ്യമന്ത്രിയെ, മന്ത്രിയെ ഒന്നും കാണണ്ട, കലക്ടറെ പോലും കാണാതിരുന്നത്? ആ മനുഷ്യർക്ക് ഒരു കൂര കെട്ടി കൊടുക്കണം എന്നാവശ്യപ്പെടാതെ തിരക്കിട്ടു മടങ്ങിയത്...
ഉത്തരം ഒന്ന് മാത്രമേ ഉള്ളു.. നിങ്ങളാ മനുഷ്യരെ സഹായിക്കാനോ സംരക്ഷിക്കാനോ അല്ല വന്നത്... കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം പറയാനാണ്.. അത് വഴി നഷ്ടമായ വിശ്വാസ്യതയും ന്യൂനപക്ഷ വോട്ട് ബാങ്കും തിരിച്ച് പിടിക്കാനാണ്.. ആ കൊട്ടേഷൻ നടപ്പാക്കി നിങ്ങൾ മടങ്ങി..
അതിവൈകാരികമായി നിങ്ങൾ പറഞ്ഞ കൊടും തണുപ്പില്ലേ? ബംഗളൂരുവിൽ ഈ രാത്രിയും അതുണ്ട്. പക്ഷേ അവരാരും തണുത്ത് വിറച്ച് കിടക്കില്ല.. പട്ടിണിപ്പാവങ്ങളാണ് എന്ന് വികാരം കൊണ്ടില്ലേ?പക്ഷെ അവരാരും ഈ രാത്രി വിശന്നുറങ്ങില്ല.. ഉടുതുണിക്ക് മറുതുണിയില്ലാത്തവർ എന്ന് സഹതപിച്ചില്ലേ നിങ്ങൾ.. ഇപ്പോൾ ആവശ്യത്തിന് കുപ്പായങ്ങൾ ഉണ്ട്...
നിങ്ങളെ പോലെ കൈ വീശി വന്ന് കൈവീശിയല്ല ഞങ്ങൾ മടങ്ങുക.. മുകളിൽ പറഞ്ഞതൊക്കെ ഉറപ്പാക്കിയിട്ടാണ്...
നിങ്ങൾ റിലീഫ് പ്രവർത്തകർ എന്ന് പരിഹസിച്ച ബംഗളൂരു കെ എം സി സി യുടെ ക്യാമ്പ് അവിടെ ഇപ്പോഴുമുണ്ട്.. പുനരധിവാസ പാക്കേജ് നടപ്പാക്കുന്നത് വരെ അവർക്കാവശ്യമായ മരുന്ന്, വസ്ത്രം, ഭക്ഷണം, മറ്റ് ആവശ്യ സാധനങ്ങൾ ഒന്നും മുടങ്ങില്ല എന്നുറപ്പാക്കാൻ...
രാഷ്ട്രീയമായ ഇടപെടൽ, ആവശ്യമായ പുനരധിവാസം, അത് വരെ അത്യാവശ്യം വേണ്ട സഹായം.. മൂന്നും പൂർത്തിയാക്കിയിട്ടാണ് മുസ്ലിം ലീഗ് നേതൃ സംഘം മടങ്ങുന്നത്...
വന്ന വാഹനം മൂലയിലൊതുക്കി ,അറിയാത്ത ഇംഗ്ലീഷിൽ കോൺഗ്രസിനെ നാല് ചീത്തയും വിളിച്ച് അതെ വാഹനത്തിൽ നിങ്ങളും മടങ്ങി...
രണ്ടും കേരളം വിലയിരുത്തട്ടെ...
പിൻകുറി: രണ്ടാമത്തെ ചിത്രത്തിൽ കെ ടി ജലീലിനൊപ്പമുള്ളത് ഇന്ത്യയിലെ ബുൾഡോസർ രാജിൻ്റെ ഉപജ്ഞാതാവാണ്. ചിത്രം പോസ്റ്റ് ചെയ്ത 2019 യു പി യിൽ അതിൻ്റെ ക്രൂരത ആരംഭിച്ച കാലവും.. അന്ന് കെ ടി ജലീൽ യു പി യിൽ പോയത് യോഗിയുടെ കൂടെ ചിത്രമെടുത്ത് പുളകം കൊള്ളാനാണ്...
അന്നുമിന്നും മുസ്ലീം ലീഗ് ഉത്തരേന്ത്യയിലെ മനുഷ്യർക്കൊപ്പമുണ്ടായിരുന്നു...
കിട്ടിയ തക്കത്തിന് ലീഗിനും കോൺഗ്രസിനും നേരെ ചാടുന്ന നേരം കൂടെ വന്ന സഖാവിന് ഇംഗ്ലീഷ് ട്യൂഷൻ എടുത്താൽ കൂടെ കൂടെയുള്ള മൂപ്പരെ ബഹിരാകാശ വാസമെങ്കിലും അവസാനിപ്പിക്കാം....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

