അഡ്വ. എം. രത്നസിങ് അന്തരിച്ചു
text_fieldsകോഴിക്കോട്: മുന്‍ അഡ്വക്കറ്റ് ജനറലും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ എം. രത്നസിങ് (92) അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചക്ക് 12ഒാടെയാണ് അന്ത്യം. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് മാവൂര്‍റോഡ് ശ്മശാനത്തിൽ.
ക്യാപ്റ്റന്‍ ഡോ. എം.ഐ. അച്യുതെൻറയും തലശ്ശേരി എളമ്പാളി കുടുംബാംഗം ജാനകിയമ്മയുെടയും മകനായി 1925 ഒക്ടോബര്‍ 23-നാണ് ജനനം. എറണാകുളം ലോ കോളജിലായിരുന്നു നിയമപഠനം. 1953ലാണ് അഭിഭാഷകനായി എൻറോള്‍ ചെയ്തത്. കേരളത്തിലെ അഭിഭാഷകരുടെ കുലപതിയായിരുന്ന കെ. കുഞ്ഞിരാമ മേനോെൻറ ശിഷ്യനായിത്തീർന്ന അദ്ദേഹം സിവിൽ, ക്രിമിനല്‍ നിയമശാഖകളില്‍ പ്രാവീണ്യം നേടി.
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ഒേട്ടറെ കേസുകളിൽ പ്രോസിക്യൂഷനായും വിവിധ കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായും ഹാജരായിട്ടുണ്ട്. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദ് പ്രതിയായിരുന്ന കുഞ്ഞാലി വധക്കേസ്, തലശ്ശേരി^ പുല്‍പ്പള്ളി നക്സലൈറ്റ് കേസ്, ചീമേനി കൂട്ടക്കൊലക്കേസ്, രാജന് കേസ് എന്നിവയില്‍ പ്രതിഭാഗത്തിനു വേണ്ടിയും സി.ബി.ഐ ഏറ്റെടുത്ത പാനൂര്‍ എസ്.ഐ സോമന് പൊലീസ് സ്റ്റേഷനില്‍ വെടിയേറ്റു മരിച്ച കേസ്, സുജാത വധം, പോളക്കുളം കേസ് എന്നിവയിൽ പ്രോസിക്യൂഷന് വേണ്ടിയും ഹാജരായി. 1974- മുതൽ 77 വരെ ഹൈകോടതിയില്‍ കേന്ദ്രസർക്കാറിെൻറ സീനിയർ സ്റ്റാൻഡിങ് കൗണ്‍സലായും 1991 മുതൽ -96 വരെ സംസ്ഥാന പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചു. 1991ല്‍ വടകര പാർലമെൻറ് മണ്ഡലത്തില്‍ യു.ഡി.എഫ്, ബി.ജെ.പി പൊതു സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ദി എപ്പിലോഗ് എന്ന പേരില്‍ ആത്മകഥാംശമുള്ള ഗ്രന്ഥവും എഴുതിയിട്ടുണ്ട്.
ജാനകിറാം മോട്ടോഴ്സിെൻറ ഉടമ പരേതനായ എം.കെ. പത്മനാഭെൻറ മകള്‍ സാവിത്രിയാണ് ഭാര്യ. മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരെൻറ ഭാര്യ ഷെറിൻ, ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ സി.സി ബ്രദേഴ്സ് ഉടമ സി.സി. ശശിധരെൻറ ഭാര്യ നസ്റിൻ, ഹൈകോടതി അഭിഭാഷകന് ടി.ജി. രാജേന്ദ്രെൻറ ഭാര്യ ഷാമറിൻ, കോഴിക്കോെട്ട അഭിഭാഷകന് എം. ഷഹീര്‍ സിങ് എന്നിവര്‍ മക്കളാണ്. മരുമകൾ: സീത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
