അഡ്വ. കെ. ബാലകൃഷ്ണൻ നായർ അന്തരിച്ചു
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനും കേരളത്തിലെ കമ്യൂണിസ്റ്റ് വിദ്യാർഥി -യുവജന പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ കെ. ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. എസ്.എഫ്.ഐയുടെ ആദ്യകാല രൂപമായ കെ.എസ്.എഫിന്റെ സ്ഥാപക സംസ്ഥാന പ്രസിഡന്റ്, കെ.എസ്.വൈ.എഫിന്റെ സ്ഥാപക കണ്ണൂർ ജില്ല പ്രസിഡന്റ്, സി.എം.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം, തളിപ്പറമ്പ് ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
അതിയടത്തെ കെ.കെ. ഗോപാലൻ നായരുടെയും കൊല്ലറത്ത് പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ച ബാലകൃഷ്ണൻ നായർ തലശ്ശേരി ബ്രണ്ണൻ കോളജിൽനിന്ന് ബിരുദം നേടി പയ്യന്നൂർ ഹൈസ്കൂളിൽ അധ്യാപകനായി ഏതാനുംകാലം ജോലി ചെയ്തിരുന്നു. എന്നാൽ, കമ്യൂണിസ്റ്റുകാരെ സർക്കാർ സർവിസിൽനിന്ന് പിരിച്ചുവിടുന്ന അക്കാലത്ത് ബാലകൃഷ്ണൻ നായരെയും പിരിച്ചുവിട്ടു. പിന്നീട് എറണാകുളം ലോ കോളജിൽനിന്ന് നിയമബിരുദം നേടി തലശ്ശേരിയിൽ പ്രഗത്ഭ അഭിഭാഷകൻ കുഞ്ഞനന്തൻ നായരുടെ കീഴിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. തുടർന്ന് തളിപ്പറമ്പിൽ എം.എൽ.എയായിരുന്ന കെ.പി. രാഘവ പൊതുവാളിന്റെ ജൂനിയറായി കുറച്ചുകാലം പ്രാക്ടീസ് ചെയ്തു. ദീർഘകാലമായി പൂക്കോത്ത് നടയിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് സമീപമായിരുന്നു താമസം.
മൃതദേഹം ഞായറാഴ്ച രാവിലെ എട്ടുമുതൽ വീട്ടിൽ പൊതുദർശനത്തിനുവെക്കും. സംസ്കാരം വൈകീട്ട് മൂന്നിന് തൃച്ചംബരം പട്ടപ്പാറ ശ്മശാനത്തിൽ. ഭാര്യ: ഒ.വി. പാർവതി. മക്കൾ: ഡോ. ഒ.വി. സനൽ (ഡെന്റൽ ക്ലിനിക് പയ്യാവൂർ, ലയൺസ് ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ), അഡ്വ. ഒ.വി. ബിന്ദു (ഗവ. പ്ലീഡർ, ഹൈകോടതി), ഡോ. ഒ.വി. സിന്ധു (യു.കെ).
മരുമക്കൾ: സിത്താര (അധ്യാപിക, സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂൾ), രാധാകൃഷ്ണൻ തൃച്ചംബരം (ബിസിനസ്), ഡോ. വിനോദ് (യു.കെ). സഹോദരങ്ങൾ: കമലാക്ഷി (റിട്ട. അധ്യാപിക), ഗംഗാധരൻ (റിട്ട. അധ്യാപകൻ), രുക്മിണി (ബംഗളൂരു), ഡോ. പത്മിനി (പാലക്കാട്), പ്രഫ. ഗോവിന്ദൻകുട്ടി (തൃശൂർ), ഉഷാകുമാരി (തൃച്ചംബരം), രാജലക്ഷ്മി (യു.എസ്), പരേതരായ ഡോ. പത്മനാഭൻ, പ്രേമലത. നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

