‘ജനശ്രദ്ധ തിരിക്കാൻ സർക്കാറിന് ഒരു മസാല വേണം, അതിന് ഒരു മാധ്യമ സ്ഥാപനത്തിന്റെ സഹായത്തോടെ നടത്തുന്ന നാടകം’ -രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ
text_fieldsകൊച്ചി: ശബരിമല സ്വർണക്കൊള്ള വിഷയം സർക്കാറിന് അഭിമുഖീകരിക്കാൻ കഴിയാത്ത തരത്തിൽ വികസിച്ചതോടെ അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു മാധ്യമസ്ഥാപനത്തിന്റെ സഹായത്തോടെ സർക്കാർ ഉണ്ടാക്കിയ മസാല നാടകമാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ കേസെന്ന് അഭിഭാഷകൻ ജോർജ് പൂന്തോട്ടം. ‘ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വഷളായി. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ആളുകളെ പ്രതികളാക്കി അറസ്റ്റ് ചെയ്ത് ജനമധ്യത്തിൽ ഇറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് വന്നത്. അപ്പോൾ ജനശ്രദ്ധ തിരിക്കാൻ എന്തെങ്കിലും ഒരു മസാല വേണം. ആ മസാലക്ക് ഒരു മാധ്യമ സ്ഥാപനത്തിന്റെ സഹായത്തോടെ നടത്തുന്ന നാടകമായിട്ട് മാത്രമേ ഇതിനെ കാണാൻ കഴിയൂ. ഇതാണ് രാഹുൽ എന്നോട് പറഞ്ഞത്’ -അഡ്വ. ജോർജ് പൂന്തോട്ടം പറഞ്ഞു.
‘കഴിഞ്ഞ മൂന്നു മാസമായിട്ട് ഒരു ഹൈപ്പ് ഉണ്ടാക്കി. എവിടെയോ വെച്ച് റിക്കാർഡ് ചെയ്ത സാധനം ചില തിയേറ്ററിൽ കാണിക്കുന്ന പോലെ ബിറ്റ് ബിറ്റ് ആയിട്ട് കൊണ്ട് കാണിച്ചുകൊണ്ടിരിക്കുകയല്ലേ. പുറത്തുവന്ന ചാറ്റുകളും സംഭാഷണവും രാഹുലിന്റെതാണ് എന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത്? ആെരങ്കിലും ഇത് ക്രോസ് വെരിഫൈ ചെയ്തോ? രാജ്യത്ത് എത്രയോ എത്രയോ ബലാൽസംഗവും ഗർഭഛിദ്രവും നടക്കുന്നുണ്ട്. ഇതൊക്കെ മുഖ്യമന്ത്രി നേരിട്ടാണോ പരാതി സ്വീകരിക്കുന്നത്? ആ സംഭവങ്ങളിൽ എല്ലാം അസ്വാഭാവികതയുണ്ട്’ -അദ്ദേഹം പറഞ്ഞു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിത ഗർഭഛിദ്രം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ശേഷം നേമം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറും. അതിജീവിതയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
അതിജീവിത മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് ലൈംഗിക പീഡന പരാതി നൽകിയത്. ഒപ്പം ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും കൈമാറി. പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറിയിരുന്നു. രാഹുലിനെതിരായ ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാഹുൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമാകുന്നതിനിടെയായിരുന്നു ചാറ്റുകൾ പുറത്ത് വന്നത്. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനമെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

