‘വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയിട്ടും ഈഴവ വോട്ടുകൾ ബി.ജെ.പിക്ക്, പിണറായിയുടെ കാലം മാറുന്നു’ -രൂക്ഷവിമർശനവുമായി ഇടതുസഹയാത്രികൻ അഡ്വ. ബി.എൻ. ഹസ്കർ
text_fieldsകൊല്ലം: വെള്ളാപ്പള്ളി നടേശന്റെ വർഗീയ പ്രസ്താവനകളെ സി.പി.എം പിന്തുണക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ചാനൽ ചർച്ചകളിലെ ഇടതുമുഖമായ അഡ്വ. ബി.എൻ. ഹസ്കർ. വെള്ളാപ്പള്ളി പറയുന്ന കാര്യങ്ങൾ ആർക്കുവേണ്ടിയാണെന്ന് മനസ്സിലാകാത്ത തരത്തിൽ സി.പി.എം നേതൃത്വത്തിന് ഒന്നാകെ അന്ധത ബാധിച്ചതായി അദ്ദേഹം ആരോപിച്ചു.
വെള്ളാപ്പള്ളിയോടുള്ള സി.പി.എം നിലപാട്, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ വഴിയൊരുക്കുമെന്ന ആശങ്കയുണ്ട്. ഭൂരിപക്ഷ വർഗീയതയ്ക്ക് നേരെ മൃദുസമീപനം സ്വീകരിക്കണം എന്നതാണ് പാർട്ടി നിലപാട് എന്ന തോന്നൽ ഉണ്ടായാൽ തെറ്റ് പറയാൻ ആവില്ല.
എസ്.എൻ.ഡി.പിക്ക് സ്വാധീനമുള്ള കൊല്ലം കോർപറേഷനിൽ കഴിഞ്ഞ തവണ ആറ് സീറ്റിൽ ജയിച്ച ബിജെപി ഇത്തവണ 12 സീറ്റിൽ ജയിച്ചു. ഇടതുപക്ഷത്തിന്റെ ആറ് സിറ്റിങ് സീറ്റുകളാണ് പിടിച്ചെടുത്തത്. ഇതിൽ അഞ്ചു സീറ്റിലും ഭൂരിപക്ഷം ഈഴവ സമുദായമാണ്. എസ്.എൻ.ഡി.പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തോളോട് തോൾ ചേർത്ത് കാറിൽ കയറ്റി മുഖ്യമന്ത്രി കൊണ്ടുപോയത് ഈഴവർക്ക് നൽകുന്ന സന്ദേശമായിരുന്നു എങ്കിൽ, ആ ഈഴവ വോട്ടുകൾ ഇടതുപക്ഷത്തോടൊപ്പമല്ലേ വരേണ്ടിയിരുന്നത്? എന്നാൽ, മുമ്പ് ആയിരം വോട്ടുകൾക്ക് ഇടതുപക്ഷം ജയിച്ച സീറ്റുകളിലടക്കം ഇത്തവണ മൂന്നാം സ്ഥാനത്തായി -ഹസ്കർ ചാനൽ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
2006ൽ വെള്ളാപ്പള്ളി നടേശൻ ഹെലികോപ്റ്റർ എടുത്ത് 140 മണ്ഡലങ്ങളിലും ബിജെപിക്ക് വേണ്ടി വർത്തമാനം പറയാൻ പോയില്ലേ? എന്നിട്ട് എന്താ സംഭവിച്ചത്? എന്തെങ്കിലും ഒരു ചലനം കേരളത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞോ? അന്ന് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ -98 സീറ്റോടു കൂടി- ഇടതുപക്ഷത്തിന് അധികാരത്തിൽ എത്താൻ കഴിഞ്ഞു. ആ ചരിത്രം നമ്മുടെ മുന്നിൽ ഉള്ളപ്പോൾ എന്തുകൊണ്ടാണ് വെള്ളാപ്പള്ളി നടേശനോട് ഇത്തരത്തിൽ മൃദു സമീപനം സ്വീകരിക്കുന്നു എന്നുള്ളത് വലിയ ചോദ്യമായി മാറുന്നുവെന്നും ഹസ്കർ പറഞ്ഞു.
‘ഒരു നഗരത്തിലെ ആളുകൾക്ക് മുഴുവൻ അന്ധത ബാധിച്ചതിന്റെ കഥപറയുന്ന ലോകപ്രശസ്ത പോർച്ചുഗീസ് എഴുത്തുകാരൻ ഷൂസേ സരമാഗുവിന്റെ ‘ബ്ലൈൻഡ്നെസ്’ എന്ന നോവലിൽ പറയുന്നത് പോലെയാണ് ഇന്ന് സിപിഎം നേതൃത്വത്തിന്റെ അവസ്ഥ. വെള്ളാപ്പള്ളി നടേശൻ പറയുന്നത് ആർക്കുവേണ്ടിയാണെന്ന് മനസ്സിലാകാത്ത തരത്തിൽ സി.പി.എമ്മിന് അന്ധത ബാധിച്ചിരിക്കുന്നു.
സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറി ആയിരിക്കുന്ന ഘട്ടത്തിൽ, 2024 ജൂലൈയിൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ഈ കാര്യത്തെ സംബന്ധിച്ച് സുവ്യക്തമായ സൂചനകൾ പാർട്ടിയുടെ കേരള ഘടകത്തിന് നൽകിയിട്ടുണ്ട്. അത് പാർട്ടി രേഖകളിൽ ഇപ്പോഴും ഉണ്ട്. എസ്എൻഡിപി നേതൃത്വം എങ്ങോട്ടാണ് ചലിക്കുന്നത് എന്നത് സംബന്ധിച്ച് കേരളത്തിന്റെ പാർട്ടി ഘടകത്തിന് അറിവുണ്ടായിട്ടും എന്തുകൊണ്ട് പാർട്ടി തിരുത്തൽ ശക്തിയായി ഇക്കാര്യത്തിൽ നിലനിൽക്കുന്നില്ല എന്നത് ഗൗരവകരമായ ചോദ്യമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന തരത്തിൽ വെള്ളാപ്പള്ളിയോടുള്ള സി.പി.എം നിലപാട് വഴിയൊരുക്കുമെന്ന് ആശങ്കയുണ്ട്. ഭൂരിപക്ഷ വർഗീയതയ്ക്ക് നേരെ മൃദുസമീപനം സ്വീകരിക്കണം എന്നതാണ് പാർട്ടി നിലപാട് എന്ന തോന്നൽ ഉണ്ടായാൽ തെറ്റ് പറയാൻ ആവില്ല.
എസ്.എൻ.ഡി.പിക്ക് സ്വാധീനമുള്ള ജില്ലയാണ് കൊല്ലം. കൊല്ലം കോർപറേഷനിൽ ആറ് സീറ്റിലായിരുന്നു കഴിഞ്ഞ തവണ ബിജെപി ജയിച്ചത്. എന്നാൽ, ഇത്തവണ 12 സീറ്റായി. ഇതിൽ വർധിച്ച ആറ് സീറ്റുകൾ ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതിൽ അഞ്ചു സീറ്റിലും ഭൂരിപക്ഷം ഈഴവ സമുദായമാണ്. എസ്.എൻ.ഡി.പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തോളോട് തോൾ ചേർത്ത് കാറിൽ കയറ്റി മുഖ്യമന്ത്രി കൊണ്ടുപോയത് ഈഴവർക്ക് നൽകുന്ന സന്ദേശമായിരുന്നു എങ്കിൽ, ആ ഈഴവ വോട്ടുകൾ ഇടതുപക്ഷത്തോടൊപ്പമല്ലേ വരേണ്ടിയിരുന്നത്? എന്നാൽ, മുമ്പ് ആയിരം വോട്ടുകൾക്ക് ഇടതുപക്ഷം ജയിച്ച സീറ്റുകളിലടക്കം ഇത്തവണ മൂന്നാം സ്ഥാനത്തായി. ഇത് കൊല്ലത്തിന്റെ മാത്രം പ്രശ്നമല്ല. എപ്പോഴൊക്കെ സമുദായ നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ ഇടതുപക്ഷം വർത്തമാനം പറഞ്ഞിട്ടുണ്ടോ, ആ ഘട്ടത്തിലൊക്കെ മതേതര മനസ്സുകളുടെ വോട്ട് ഇടതുപക്ഷത്തിന് ഒപ്പമായിരുന്നു. 1959 മുതൽ 2006 വരെയുള്ള ചരിത്രം പരിശോധിച്ചാൽ അത് കാണാം.
2006ൽ വെള്ളാപ്പള്ളി നടേശൻ ഹെലികോപ്റ്റർ എടുത്ത് 140 മണ്ഡലങ്ങളിലും ബിജെപിക്ക് വേണ്ടി വർത്തമാനം പറയാൻ പോയില്ലേ? എന്നിട്ട് എന്താ സംഭവിച്ചത്? ഏന്തെങ്കിലും ഒരു ചലനം കേരളത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞോ? അന്ന് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ -98 സീറ്റോടു കൂടി- ഇടതുപക്ഷത്തിന് അധികാരത്തിൽ എത്താൻ കഴിഞ്ഞു. ആ ചരിത്രം നമ്മുടെ മുന്നിൽ ഉള്ളപ്പോൾ എന്തുകൊണ്ടാണ് വെള്ളാപ്പള്ളി നടേശനോട് ഇത്തരത്തിൽ മൃദു സമീപനം സ്വീകരിക്കുന്നു എന്നുള്ളത് വലിയ ചോദ്യമായി മാറുന്നു.
ഒ.വി. വിജയന്റെ ധർമ്മപുരാണം നോവലിലെ പ്രജാപതിയെ പോലെ ഭയപ്പാടോടു കൂടിയല്ല നേതാക്കളെ പാർട്ടി കാണേണ്ടത്. പിണറായി വിജയന്റെ ഒക്കെ കാലം മാറുകയാണ്. രണ്ടാം നിര നേതാക്കന്മാരായി പാർട്ടിയുടെ സെക്രട്ടറിയറ്റിലുള്ള നേതാക്കന്മാർ സടകുടഞ്ഞെഴുന്നേൽക്കണം. അവർ അഭിപ്രായങ്ങൾ പറയണം, ഇടതുപക്ഷത്തിനൊപ്പം നിൽക്കണം. അവർ വർഗ ബോധമില്ലാത്ത ആളുകളാണെന്നോ അല്ലെങ്കിൽ വർക്കേഴ്സ് ക്ലാസിനെ സംബന്ധിച്ച് ബോധ്യമില്ലാത്ത ആളുകൾ ആണെന്നോ ഞാൻ കരുതുന്നില്ല.
സിപിഎം ഇപ്പോഴും കാലഹരണപ്പെട്ട സംഘടനാ സംവിധാനത്തിലാണ് ജീവിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയറ്റ് മുതൽ ജില്ലാ നേതാക്കന്മാരെ വരെ പരിശോധിച്ചു കഴിഞ്ഞാൽ ആ കാലഹരണപ്പെട്ട സംഘടനാ സംവിധാനത്തിന്റെ പരിമിതിക്കുള്ളിൽ നിൽക്കുകയാണ്. നിരവധി വർഗ ബഹുജന സംഘടനകളുടെ ചുമതലകൾ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയറ്റിൽ ഉള്ളവർക്കുണ്ട്; അവർക്ക് ഒരു ദിവസത്തിൽ ഏകദേശം ഒരു 12 മണിക്കൂറിൽ അധികം കമ്മിറ്റികൾ കൂടുകയും ആ കമ്മിറ്റികളിൽ പങ്കെടുക്കുകയും അതിലെ ആ കമ്മിറ്റികളുടെ ചുമതലകളിൽ ഇടപെടുകയും ഒക്കെ ചെയ്യുന്ന സാഹചര്യമാണ്. ഏരിയതലത്തിലും അതുതന്നെയാണ് സ്ഥിതി.
പുതിയ ടെക്നോളജിക്ക് അനുസരിച്ചും പുതിയ കമ്മ്യൂണിക്കേഷൻ മാർഗങ്ങൾക്കനുസരിച്ചും പാർട്ടി മാറുന്നില്ല. അതുകൊണ്ടാണ് സിപിഎമ്മിന് വാർധക്യം ബാധിച്ചു എന്ന തോന്നൽ ഉണ്ടാക്കുന്നു എന്ന് ഞാൻ ആശങ്കപ്പെടുന്നത്. അങ്ങനെ വാർധക്യം ബാധിച്ച് കേരളീയ സമൂഹത്തിൽ നിന്ന് മാറിപ്പോകേണ്ട ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല സിപിഎം. കാരണം സിപിഎം ഇല്ലാത്ത കേരളത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. തിരുവനന്തപുരം കോർപ്പറേഷനിലടക്കം കേരളത്തിൽ ഇടതുപക്ഷത്തിന്റെ സ്പേസ് നഷ്ടപ്പെടുന്ന തരത്തിലേക്ക് ബിജെപി തള്ളിക്കയറിയിട്ടുണ്ട്’ -ഹസ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

