നീതിന്യായ സംവിധാനത്തിന്റെ ഇരയാണ് 'അതിജീവിത' -അഡ്വ. എ. ജയശങ്കർ
text_fieldsകൊച്ചി: പീഡനത്തിന്റെ മാത്രമല്ല, നീതിന്യായ സംവിധാനത്തിന്റെകൂടി ഇരയാണ് അതിജീവിതയെന്ന് അഡ്വ. എ. ജയശങ്കർ. നടിയെ ആക്രമിച്ച കേസില് അതിജീവിതക്ക് പിന്തുണയറിയിച്ച് ഏകദിന ഉപവാസ സമരവുമായി ജസ്റ്റിസ് ഫോർ വുമണിന്റെ നേതൃത്വത്തിൽ വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയിൽ നീതി ദുഷ്കരമാണ്. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയത് ലോക ചരിത്രത്തിലെ അദ്ഭുതസംഭവമാണ്. കേസുകളിൽ സാക്ഷികളെ കൂറുമാറ്റാറുണ്ട്. എന്നാൽ, ഈ കേസിൽ സാക്ഷികളല്ല ജഡ്ജിയാണ് കൂറുമാറിയത്. അത് വെറും ആരോപണമല്ല. പി.ടി. തോമസിനെവരെ കോടതിയിൽ ജഡ്ജി ചോദ്യംചെയ്തു. സിനിമ മേഖലയിൽനിന്നുള്ളവരോട് ജഡ്ജിയിൽനിന്ന് അവഹേളിക്കുന്ന ചോദ്യങ്ങൾ ഉണ്ടായി. കോടതിയിൽ പലർക്കും വേദനാജനകമായ അനുഭവമാണ് ഉണ്ടായത്.
കോടതി മാറ്റണമെന്ന് അപേക്ഷ നൽകിട്ടും മാറ്റിയില്ല. ദൃശ്യങ്ങൾ കോടതിയിൽനിന്ന് ചോർന്നു. അത് വാട്സ്ആപ് വഴി പോയത് പ്രതിയുടെ ഫോണിലേക്കാണ്. തെളിവില്ലാത്ത കേസിൽ പ്രതിയെ കോടതിക്ക് വെറുതെവിടാം. എന്നാൽ, ഈ കേസിൽ ജഡ്ജിതന്നെ പ്രതിഭാഗം ചേരുന്നതാണ് കണ്ടത്. നീതിന്യായ സംവിധാനം എത്രമാത്രമാണ് ജീർണിച്ചതെന്നതിന് ഉദാഹരണമാണ് ഈ കേസ്. ഇവിടെ ഇരുട്ടിന്റെ ദുഷ്ടശക്തികളെ എതിർക്കാൻ മെഴുകുതിരിയല്ല, പന്തമാണ് കത്തിക്കേണ്ടത്. ബിഷപ് ഫ്രാങ്കോ കേസ്, സൂര്യനെല്ലി, പന്തളം പീഡനം തുടങ്ങിയ കേസുകളിലെല്ലാം അട്ടിമറി നടന്നെന്ന് ജയശങ്കർ പറഞ്ഞു. പീഡന ഇരയെ സ്വഭാവഹത്യ ചെയ്യുകയാണ് കോടതി വിചാരണയിൽ ചെയ്തതെന്ന് അഡ്വ. ടി.ബി. മിനി അഭിപ്രായപ്പെട്ടു. അസംബന്ധ നാടകമാണ് കോടതിയിൽ അരങ്ങേറിയത്. ഈ കേസിൽ ഇടതുപക്ഷത്തിന് മൗനമാണ്. അതിജീവിതക്കൊപ്പം നിൽക്കാത്ത ഇടതുപക്ഷം ആരുടെ കൂടെയാണെന്ന് വെളിപ്പെടുത്തണമെന്നും മിനി ആവശ്യപ്പെട്ടു.
സമൂഹത്തിൽ ഏറെ അറിയപ്പെടുന്ന നടിക്ക് ഇങ്ങനെ സംഭവിക്കാമെങ്കിൽ സാധാരണ സ്ത്രീയുടെ സ്ഥിതിയെന്താണെന്ന് അവതാരക രഞ്ജിനി ഹരിദാസ് ചോദിച്ചു. ഗസൽ ഗായകൻ സാദിഖ്, സി.ആർ. നീലകണ്ഠൻ, ലിബർട്ടി ബഷീർ, സിൻസി അനിൽ, സംവിധായകൻ ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ്, അമ്പിളി, ലൈല (ദുബൈ) വിമൺ ഇൻ സിനിമ കലക്ടിവിനെ പ്രതിനിധീകരിച്ച് ആശ ജോസഫ്, കവി സി.എസ്. രാജേഷ്, സി.ജി. രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.