ദത്തെടുക്കൽ: വ്യക്തത തേടി ഹൈകോടതി
text_fieldsകൊച്ചി: പ്രായപൂർത്തിയാകാത്ത ബാലനെ ദത്തെടുക്കാൻ രണ്ടാനച്ഛന് കുട്ടിയുടെ യഥാർഥ പിതാവിന്റെ അനുമതി ആവശ്യമാണോയെന്ന കാര്യത്തിൽ വ്യക്തതതേടി ഹൈകോടതി. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും നൽകിയ ഹരജി പരിഗണിക്കവേയാണ് സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി ഉൾപ്പെടെ എതിർകക്ഷികളുടെ വിശദീകരണം ജസ്റ്റിസ് സി.എസ്. ഡയസ് തേടിയത്. ഹരജി വീണ്ടും 18ന് പരിഗണിക്കാൻ മാറ്റി.
17കാരനെ ദത്തെടുക്കാൻ അനുമതിക്കായി ദമ്പതികൾ നേരത്തേ അതോറിറ്റിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. പിന്നീട് കോടതി വ്യവഹാരങ്ങളിലൂടെ കുട്ടിയുടെ സ്ഥിര സംരക്ഷണാവകാശം അമ്മക്ക് ലഭിച്ചു. കുട്ടിയുടെ പരിമിത അവകാശം പിതാവിന് കോടതി അനുവദിച്ചെങ്കിലും 2016നുശേഷം കുട്ടിയെ അവഗണിച്ചതായി ഹരജിയിൽ പറയുന്നു.
തുടർന്ന് ദത്തെടുക്കാൻ രണ്ടാനച്ഛൻ അപേക്ഷ നൽകി. കുട്ടിയുടെ വിദ്യാഭ്യാസത്തിനും കായിക പരിശീലനത്തിനും ധനസഹായം നൽകുന്നതും ചൂണ്ടിക്കാട്ടി. എന്നാൽ, ദത്തെടുക്കലിനെ പിതാവ് എതിർത്തതോടെ ശിശുക്ഷേമ സമിതി അപേക്ഷ നിരസിച്ചു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. കുട്ടിയുടെ പിതാവിനെതിരെ വിദേശത്തടക്കം കേസുണ്ടെന്നും അദ്ദേഹത്തിന്റെ സമ്മതമില്ലാതെതന്നെ ദത്തിന് അനുമതി നൽകണമെന്നായിരുന്നു ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.