Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: എസ്.പിയോട് അടിയന്തര റിപ്പോർട്ട് തേടി ഡി.ജി.പി, ശ്രീനാദേവി കുഞ്ഞമ്മയെയും കേസിൽ പ്രതിചേർത്തേക്കും

text_fields
bookmark_border
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: എസ്.പിയോട് അടിയന്തര റിപ്പോർട്ട് തേടി ഡി.ജി.പി, ശ്രീനാദേവി കുഞ്ഞമ്മയെയും കേസിൽ പ്രതിചേർത്തേക്കും
cancel

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ കുറ്റപത്രവും ഉടൻ സമർപ്പിക്കും. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതിയാകും. ശ്രീനാദേവി കുഞ്ഞമ്മയെയും കേസിൽ പ്രതിചേർത്തേക്കും. കണ്ടാലറിയാവുന്ന പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ചർച്ചയായതോടെയാണ് പൊലീസ് നടപടികൾ വേഗത്തിലാക്കിയത്. മൂന്നുമാസം മുമ്പെടുത്ത എഫ്.ഐ.ആറിൽ ഇതുവരെ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് ഡി.ജി.പി, പത്തനംതിട്ട എസ്.പിയോട് വിശദീകരണം തേടിയിരുന്നു.

അതേസമയം, സ്റ്റേഷനുള്ളിൽ കയറി ശ്രീനാദേവി പ്രതിയെ കണ്ട സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. പുറത്തെ പ്രതിഷേധം തണുപ്പിക്കാനാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നും വനിതാ പൊലീസ് ഇല്ലാത്ത സമയത്ത് മറ്റു പോംവഴികൾ ഇല്ലായിരുന്നുവെന്നുമാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എസ്.പിക്ക് വിശദീകരണം നൽകിയത്.

അടൂര്‍ പൊലീസ് സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് അതിക്രമത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി. അടൂര്‍ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടും അന്വേഷണമുണ്ടാകാത്തത് പരിശോധിക്കും. സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം അതീവ ഗൗരവമുള്ള വിഷയമെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു. സംഭവത്തില്‍ പത്തനംതിട്ട എസ്.പിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജനപ്രതിനിധികള്‍ സ്റ്റേഷനില്‍ വരുന്നത് സ്വാഭാവികമാണെന്നും എന്നാല്‍, അടൂരില്‍ അതിനപ്പുറം എന്തെങ്കിലും അതിക്രമം നടന്നിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

അടൂര്‍ പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം ഗൗരവമായി പരിശോധിക്കുമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന്‍ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയതിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. യുട്യൂബര്‍ രാജന്‍ ജോസഫിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതും ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ സ്റ്റേഷനകത്ത് കയറി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് പൊലീസിനും സര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരെ ഉയര്‍ന്നത്.

അടൂർ സ്റ്റേഷനിൽ നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. പൊലീസ് സ്റ്റേഷനുള്ളിൽ അതിക്രമം കാട്ടിയിട്ടില്ലെന്നും രാജൻ ജോസഫിനോട് 'സുഖമാണോ എന്ന് ചോദിക്കുക' മാത്രമാണ് ചെയ്തെന്നും ശ്രീനാദേവി കുഞ്ഞമ്മ വിശദീകരിച്ചു. യൂട്യൂബർ രാജൻ ജോസഫിനെതിരെ നൽകിയ കേസിലെ പരാതിക്കാരി എന്ന നിലയിലാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്റ്റേഷനിൽ ചെന്ന് സെല്ലിന് മുമ്പിൽ നിന്ന് രാജൻ ജോസഫിനോട് സുഖമാണോ ചേട്ടാ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്. അതൊരു ഭീഷണിയാണോ എന്നും ശ്രീനാദേവി മാധ്യമങ്ങളോട് ചോദിച്ചു. സെല്ലിനുള്ളിൽ കയറിയില്ലെന്നും മുന്നിൽ നിന്നുമാത്രമാണ് സംസാരിച്ചതെന്നും ശ്രീനാദേവി വിശദീകരിച്ചു.

ജൂലൈ 11ന് അടൂർ പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടർന്ന് പുറത്തുവന്നത്. യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘർഷവും അക്രമവും അരങ്ങേറിയത്. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അപകീർത്തികരമായ വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Adoor Violence: DGP Seeks Report, Sreenadevi Kunjamma May Be Named Accused
Next Story