അടൂർ പ്രകാശ് പറഞ്ഞത് യു.ഡി.എഫിന്റെ അഭിപ്രായം; നടിയെ ആക്രമിച്ച കേസിലെ വിധിക്കെതിരെ അപ്പീൽ പോകുമെന്നത് സർക്കാർ തീരുമാനം -വി.ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അടുർ പ്രകാശ് പറഞ്ഞത് കോൺഗ്രസിന്റെ അഭിപ്രായമാണെന്നും എന്നാൽ, ഇക്കാര്യത്തിൽ അപ്പീൽ പോകണമെന്നത് സംസ്ഥാന സർക്കാറിന്റെ തീരുമാനമാണ്. സർക്കാർ എക്കാലത്തും അതിജീവിതക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് വി.ശിവൻകുട്ടി പറഞ്ഞു. നേരത്തെ കേസിലെ വിധി വന്നതോടെ ദിലീപിന് നീതി ലഭിച്ചെന്ന് അടുർ പ്രകാശ് പറഞ്ഞിരുന്നു. ഉപദ്രവിക്കാൻ വേണ്ടിയാണ് സർക്കാർ ഇക്കാര്യത്തിൽ അപ്പീൽ പോകുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
തിരുവനന്തപുരത്ത് 60 സീറ്റുകൾ നേടുമെന്ന ആ.ശ്രീലേഖയുടെ പ്രതികരണം വെറും വ്യാമോഹം മാത്രമാണ്. രാഷ്ട്രീയ അജ്ഞത കൊണ്ടാണ് അങ്ങനെ പറയുന്നത്. ഇക്കുറി എൽ.ഡി.എഫ് തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥിതി മെച്ചപ്പെടുത്തും. ബി.ജെ.പി വിജയിച്ച പല പഞ്ചായത്തുകളും എൽ.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും വി.ശിവൻകുട്ടി പറഞ്ഞു.
ദിലീപിന് നീതികിട്ടിയെന്ന് അടൂർ പ്രകാശ്: ‘ആ കുട്ടിയോടൊക്കെ ഒപ്പമാണ് എന്ന് പറയുമ്പോഴും നീതി എല്ലാവർക്കും കിട്ടണം’
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ കുറ്റമുക്തനാക്കപ്പെട്ട നടൻ ദിലീപിന് പരസ്യ പിന്തുണയുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. ദിലീപിന് നീതി ലഭ്യമായതായും അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് താനെന്നും അടൂർ പ്രകാശ് പറഞ്ഞു. എന്ത് കേസുകളും കെട്ടിച്ചമച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാറാണിതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘നടി എന്ന നിലയിൽ ആ കുട്ടിയോടൊക്കെ ഒപ്പമാണ് നമ്മൾ എന്ന് എല്ലാവരും പറയുമ്പോഴും ഒരു നീതി എല്ലാവർക്കും കിട്ടണം. ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി എന്നാണ് എനിക്ക് പറയാനുള്ള വ്യക്തിപരമായിട്ടുള്ള അഭിപ്രായം. അദ്ദേഹം ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാൻ. തീർച്ചയായും ദിലീപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് കോടതിയിൽനിന്ന് നീതി ലഭ്യമായി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്തിൽ കുറേ പൊലീസുകാർ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഇന്നലെ ഈ വിധി വന്നപ്പോൾ എനിക്കും അങ്ങനെയൊക്കെ തോന്നി. സർക്കാറിന് വേറെ ഒരു ജോലിയുമില്ലാത്തതിനാൽ അപ്പീൽ പോകുമല്ലോ. ഏതുവിധത്തിലും ആരെയൊക്കെ ഉപദ്രവിക്കാൻ കഴിയുമെന്ന് നോക്കുന്ന സർക്കാറാണ് ഇവിടെ ഉള്ളത്. എന്ത് കേസുകളും കെട്ടിച്ചമച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാറാണിത്’ -അടൂർ പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

