ദിലീപിന് നീതികിട്ടിയെന്ന് അടൂർ പ്രകാശ്: ‘ആ കുട്ടിയോടൊക്കെ ഒപ്പമാണ് എന്ന് പറയുമ്പോഴും നീതി എല്ലാവർക്കും കിട്ടണം’
text_fieldsപത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ കുറ്റമുക്തനാക്കപ്പെട്ട നടൻ ദിലീപിന് പരസ്യ പിന്തുണയുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. ദിലീപിന് നീതി ലഭ്യമായതായും അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് താനെന്നും അടൂർ പ്രകാശ് പറഞ്ഞു. എന്ത് കേസുകളും കെട്ടിച്ചമച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാറാണിതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘നടി എന്ന നിലയിൽ ആ കുട്ടിയോടൊക്കെ ഒപ്പമാണ് നമ്മൾ എന്ന് എല്ലാവരും പറയുമ്പോഴും ഒരു നീതി എല്ലാവർക്കും കിട്ടണം. ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി എന്നാണ് എനിക്ക് പറയാനുള്ള വ്യക്തിപരമായിട്ടുള്ള അഭിപ്രായം. അദ്ദേഹം ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാൻ. തീർച്ചയായും ദിലീപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് കോടതിയിൽനിന്ന് നീതി ലഭ്യമായി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്തിൽ കുറേ പൊലീസുകാർ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഇന്നലെ ഈ വിധി വന്നപ്പോൾ എനിക്കും അങ്ങനെയൊക്കെ തോന്നി. സർക്കാറിന് വേറെ ഒരു ജോലിയുമില്ലാത്തതിനാൽ അപ്പീൽ പോകുമല്ലോ. ഏതുവിധത്തിലും ആരെയൊക്കെ ഉപദ്രവിക്കാൻ കഴിയുമെന്ന് നോക്കുന്ന സർക്കാറാണ് ഇവിടെ ഉള്ളത്. എന്ത് കേസുകളും കെട്ടിച്ചമച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാറാണിത്’ -അടൂർ പ്രകാശ് പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 439 ദിവസങ്ങളായി നടന്ന വിചാരണ നടപടികൾക്കൊടുവിൽ ഇന്നലെയാണ് നടൻ ദിലീപിനെ കുറ്റമുക്തനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിധിച്ചത്. ആറുപേരെ കുറ്റക്കാരായി കണ്ടെത്തിയ കോടതി, മറ്റു മൂന്നുപേരെയും വിട്ടയച്ചു. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
കുറ്റകൃത്യം അത്യന്തം ഗുരുതരവും ഗൗരവമേറിയതുമായതിനാൽ പ്രതികൾക്ക് ഒരുവിധത്തിലുള്ള ഇളവിനും അർഹതയില്ലെന്ന മുഖവുരയോടെയാണ് വിധിപ്രഖ്യാപനം. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി പറഞ്ഞു.
ഒന്നുമുതൽ ആറുവരെ പ്രതികളായ എറണാകുളം വേങ്ങൂർ വെസ്റ്റ് എളമ്പകപ്പിള്ളി നെടുവിലെക്കുടി വീട്ടിൽ എൻ.എസ്. സുനിൽ എന്ന പൾസർ സുനി (37), തൃശൂർ കൊരട്ടി തിരുമുടിക്കുന്ന് പുതുശേരി വീട്ടിൽ മാർട്ടിൻ ആന്‍റണി (33), എറണാകുളം തമ്മനം എ.കെ.ജി നഗർ മണപ്പാട്ടിപറമ്പിൽ വീട്ടിൽ ബി. മണികണ്ഠൻ (36), കണ്ണൂർ തലശ്ശേരി പൊന്ന്യം ചുണ്ടകപൊയ്യിൽ മംഗലശേരി വീട്ടിൽ വി.പി. വിജീഷ് (38), എറണാകുളം ഇടപ്പള്ളി കുന്നുംപുറം പളിക്കപ്പറമ്പിൽ വീട്ടിൽ എച്ച്. സലിം എന്ന വടിവാൾ സലിം (29), പത്തനംതിട്ട തിരുവല്ല ചാത്തൻകിരി പഴയനിലത്തിൽ വീട്ടിൽ പ്രദീപ് (31) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.
നടൻ ദിലീപ് എന്ന പി. ഗോപാലകൃഷ്ണനെ കൂടാതെ വിചാരണ നേരിട്ട ഏഴ്, ഒമ്പത്, 15 പ്രതികളായ കണ്ണൂർ ഇരിട്ടി കിളിയന്തറ പൂപ്പാളി വീട്ടിൽ ചാർളി തോമസ് (50), പത്തനംതിട്ട കോഴഞ്ചേരി മിലിപ്പാറ വെട്ടിപുരം സ്നേഹ ഭവനത്തിൽ സനിൽ കുമാർ എന്ന മേസ്തിരി സനൽ (48), ദിലീപിന്‍റെ സുഹൃത്തായ ആലുവ സ്വദേശി ശരത് ജി. നായർ എന്നിവരെയാണ് വെറുതെവിട്ടത്. കുറ്റവാളികളായി കണ്ടെത്തിയ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി ജയിലിലേക്ക് മാറ്റി. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന നടിയെ നെടുമ്പാശ്ശേരി അത്താണിക്ക് സമീപം പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

