Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സതീശനെതിരെ പ​റ​ഞ്ഞ​തിലുറച്ച് അ​ടൂ​ർ പ്ര​കാ​ശ്​

text_fields
bookmark_border
സതീശനെതിരെ പ​റ​ഞ്ഞ​തിലുറച്ച് അ​ടൂ​ർ പ്ര​കാ​ശ്​
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ രൂക്ഷ പരാമർശങ്ങളിൽ വിമർശനമുയരുമ്പോഴും പറഞ്ഞതിൽ ഉറച്ചും ആവർത്തിച്ചും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. ‘‘തന്‍റെ അനുഭവത്തിൽ നിന്നുള്ള കാര്യങ്ങളാണ് പറഞ്ഞത്. യു.ഡി.എഫ് യോഗം ചേരുന്നില്ലെന്ന വിമർശനം നേരത്തേയുണ്ട്. സർക്കാറിനെതിരെ പ്രതിപക്ഷമുയർത്തിയ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ ഇത് പറഞ്ഞതല്ല. കാബിനറ്റ് പദവികൾ നിശ്ചയിക്കുന്നതിലടക്കം യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ താനുമായി ആലോചിക്കണമായിരുന്നു. തനിക്കുള്ള വിമർശനങ്ങളെല്ലാം എ.ഐ.സി.സിയെ അറിയിക്കും. പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ട്. ആരുടെയും പിന്തുണ ചോദിച്ചിട്ടല്ല ആ പ്രതികരണങ്ങൾ നടത്തിയത്’’-അടൂർ പ്രകാശ് പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന വിമാനയാത്രാ വിവാദമടക്കമുള്ള കാര്യങ്ങളിൽ മാധ്യമങ്ങൾ പ്രതികരണമാരാഞ്ഞപ്പോൾ ‘അതെല്ലാം മുഖ്യമന്ത്രിയോട് ചോദിക്കൂ, താനല്ല മുഖ്യമന്ത്രി’ എന്നായിരുന്നു മറുപടി. ഫലത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ രാഷ്ട്രീയമായി നിഷേധിക്കാമായിരുന്നിട്ടും ഒഴിഞ്ഞുമാറിയതിലൂടെ അവയെ പരോക്ഷമായി ശരിവെക്കുകയാണ് മുന്നണി കൺവീനർ.

? കൺവീനറുടെ അഭിപ്രായത്തെ മന്ത്രി റോജി എം. ജോണും മന്ത്രി കെ. മുരളീധരനും തള്ളിപ്പറഞ്ഞല്ലോ

അതൊന്നും ഞാൻ കണ്ടിട്ടില്ല. ആരോടും ചോദിച്ചു വന്നിട്ടല്ല അഭിപ്രായം പറഞ്ഞത്. റോജി പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തോട് ചോദിക്കുക. മുരളീധരൻ എതിർത്തതിന് കാരണങ്ങൾ എന്തെങ്കിലും കാണുമായിരിക്കും. അവരോട് തന്നെ ചോദിക്കണം. ആർക്ക് വേണമെങ്കിലും തള്ളുകയും പിടിക്കുകയുമൊക്കെ ചെയ്യാം. അതിൽ ഒരു പ്രശ്നവുമില്ല.

? താങ്കൾ ഈ കാര്യങ്ങൾ കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നോ

ഇല്ല. കെ.സിയെന്നല്ല, ആരുമായും സംസാരിച്ചിട്ടില്ല. ഇന്നലെ ആരെയും ബന്ധപ്പെട്ടിട്ടില്ല. എന്നെയും ആരും ബന്ധപ്പെട്ടില്ല. എ.ഐ.സി.സിയെ മുൻകൂട്ടി അറിയിച്ചല്ല പ്രതികരണത്തിന് മുതിർന്നത്. ഇപ്പോൾ ഞാൻ ഒറ്റക്കാണ്. ആരുടെയും മുന്നിൽ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. ഇനി ആവശ്യപ്പെടുകയില്ല. ഒരു സമവായ നീക്കവും തൽക്കാലമില്ല.

? പാർട്ടിയിൽ ഒരുവിഭാഗം തിരുത്തൽ ശക്തിയാവുകയാണോ

എന്തുമാകാം. ഏതു തരത്തിലും നിങ്ങൾക്ക് എടുക്കാം.

?പാർട്ടിക്കുള്ളിൽ പറയേണ്ടത് പുറത്തു പറഞ്ഞു എന്ന വിമർശനമുണ്ടല്ലോ

വിമർശനങ്ങൾ പലതുമുണ്ടാകും. ഇനിയുള്ളതിന് വരുംനാളുകളിൽ മറുപടി പറയാം.

?വി.ഡി. സതീശൻ പിണറായി ലൈനിലേക്ക് പോകുകയാണോ

നിങ്ങൾ കാണുന്നതല്ലേ. നിങ്ങൾ വിലയിരുത്തിയാൽ മതി.

ഹൈകമാൻഡ് നിലപാടെടുക്കും: സണ്ണി ജോസഫ്

ഇരിട്ടി (കണ്ണൂർ): മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്താവനയിൽ ഹൈകമാൻഡ് നിലപാടെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മന്ത്രി സണ്ണി ജോസഫ്. അടൂർ പ്രകാശ് എ.ഐ.സി.സി അംഗവും മുതിർന്ന നേതാവുമാണ്. ഇതുസംബന്ധിച്ച് അദ്ദേഹം ഹൈകമാൻഡിന് പരാതി നൽകുമെന്ന് മാധ്യമപ്രവർത്തകരെ അറിയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് ഇരിട്ടിയിലെ വീട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് വ്യക്തിപരമായി അഭിപ്രായം പറയേണ്ടെന്നാണ് തന്റെ നിലപാട്. എം.കെ. മുനീറിന് ഭരണപരിഷ്‍കാര കമീഷൻ ചെയർമാൻ പദവി നൽകിയത് അർഹതക്കുള്ള അംഗീകാരമാണ്. കോൺഗ്രസിനെതിരെ സി.പി.എമ്മും ബി.ജെ.പിയും സംഘടിത അക്രമം അഴിച്ചുവിടുകയാണ്. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിനെയും കോൺഗ്രസ് നേതാക്കളെയും ചേരിതിരിഞ്ഞ് ആക്രമിക്കുന്നത് നേതൃത്വത്തിന്റെ സമ്മതത്തോടെയാണ്. തെരഞ്ഞെടുപ്പ് കമീഷനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണി നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാതെ ആന്‍റണി

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങളെ കുറിച്ച് പ്രതികരിക്കാതെ മുതിർന്ന നേതാവ് എ.കെ. ആന്‍റണി. ഇതേ കുറിച്ച് ആവർത്തിച്ച് ചോദ്യങ്ങളുയർന്നപ്പോൾ, എല്ലാവർക്കും ഗാന്ധി ജയന്തി ആശംസകളെന്നായിരുന്നു മറുപടി.

മര്യാദകേട് -ആർ. ചന്ദ്രശേഖരൻ

തിരുവനന്തപുരം: അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങളെ തള്ളിയും മുഖ്യമന്ത്രിയെ പിന്തുണച്ചും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ. എന്തെങ്കിലും ചർച്ച ചെയ്യാനുണ്ടെങ്കിൽ അത് പാർട്ടി വേദികളിലോ മുന്നണി വേദികളിലോ വേണം. മുഖ്യമന്ത്രിയെ താറടിക്കാനും എതിർക്കാനും അതുവഴി പാർട്ടി പ്രവർത്തനം താറുമാറാക്കാനുമുള്ള നീക്കം ശരിയല്ലെന്നും ചന്ദ്രശേഖരൻ ഫേസ്ബുക് പോസ്റ്റിൽ തുറന്നടിച്ചു.

ബി.ജെ.പിയും സി.പി.എമ്മും കലാപകലുഷിതമായ അന്തരീക്ഷം മനഃപൂർവം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ജീവിതകാലം മുഴുവൻ വൻ സ്ഥാനങ്ങൾ ലഭിച്ച ആളുകൾ ഇത്തരം ജൽപനങ്ങളുമായി രംഗത്തുവരുന്നത് തികഞ്ഞ മര്യാദകേടാണ്. ഏത് സാഹചര്യത്തിലും ഐ.എൻ.ടി.യു.സിയുടെ പിന്തുണ സർക്കാറിനുണ്ടാകുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adoor Prakash apologizes for his remarks against Satheesan
Next Story