ഭരണപരിഷ്കാര കമീഷന്‍ ഓഫീസിലെ സൗകര്യങ്ങൾ പോര: വി.എസ്
text_fieldsതിരുവനന്തപുരം: ഭരണപരിഷ്കാര കമീഷന്‍ ഓഫീസിലെ സൗകര്യങ്ങൾ പോരെന്ന് ചെയർമാൻ വി.എസ് അച്യുതാനന്ദൻ. പുതിയ ഓഫീസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇൻ ഗവൺമെന്‍റ് (ഐ.എം.ജി)യിലെ പുതിയ ഓഫീസില്‍ സൗകര്യങ്ങള്‍ വിലയിരുത്താനായി എത്തിയപ്പോഴായിരുന്നു വി.എസിൻെറ അഭിപ്രായ പ്രകടനം.
ഓഫീസ് സെക്രട്ടറിയേറ്റിനുള്ളിൽതന്നെ വേണമെന്ന നിലപാടാണ് വി.എസിനുണ്ടായിരുന്നത്. സെക്രട്ടറിയേറ്റിലെ മുഖ്യ മന്ദിരത്തിലും രണ്ട് അനക്സിലും സ്ഥലം ഉണ്ടായിരിക്കെ ഇവിടെ നിന്ന് അകലെ ലോ കോളജ് ജംക്‌ഷനിൽ വി.എസിന് ഓഫീസ് നൽകാനുള്ള നീക്കം തർക്കവിഷയമായിരുന്നു. ഓഫീസ് സെക്രട്ടേറിയറ്റില്‍ വേണമെന്നും എന്നാലേ പ്രവര്‍ത്തനം ശരിയായരീതിയില്‍ കൊണ്ടുപോകാന്‍ കഴിയുകയുള്ളൂവെന്നും വി.എസ് തുറന്നടിച്ചിരുന്നു.
നേരത്തെ സെക്രട്ടേറിയറ്റിലെ അനക്സ് രണ്ടില്‍ ഓഫിസ് നല്‍കാമെന്നാണ് സി.പി.എം നേതൃത്വം വി.എസിനെ അറിയിച്ചത്. എന്നാല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ കമീഷന്‍െറ ഓഫിസ് ഐ.എം.ജിയിലാവുമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തന്‍െറ അതൃപ്തി അറിയിച്ച് വി.എസ് കത്ത് നല്‍കിയിരുന്നു. പേഴ്സനല്‍ സ്റ്റാഫായി നിര്‍ദേശിച്ച് നല്‍കിയ പട്ടികയില്‍നിന്ന് രണ്ടുപേരുകള്‍ സി.പി.എം നേതൃത്വം വെട്ടുകയും ചെയ്തു.