എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച പരിഗണിക്കും
text_fieldsമരിച്ച നവീൻ ബാബു, പ്രതി പി.പി. ദിവ്യ
തലശ്ശേരി: കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘം തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയില്‍ (രണ്ട്) സമർപ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് ജഡ്ജി എം. തുഷാര്‍ തിങ്കളാഴ്ച പരിഗണിക്കും. 13 പുതിയ സാക്ഷികളെ അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് ഇടപാടുകള്‍ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു. കൊയ്യം സർവിസ് സഹകരണ ബാങ്കില്‍ സ്വര്‍ണം പണയം വെച്ചതുമായി ബന്ധപ്പെട്ട രേഖകളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ പൂര്‍ണരൂപവും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി.കേസിൽ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നല്‍കിയ ഹരജിയിലാണ് അന്വേഷണസംഘത്തോട് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കേസിൽ ഒന്നാം പ്രതിയായ കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ 2024 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള ഫോണ്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തുടരന്വേഷണ റിപ്പോര്‍ട്ടില്‍ മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള ഫോണ്‍ വിവരങ്ങളാണ് ലഭിച്ചത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ മൊഴിയും പുതിയ പരാതികളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പി.പി. ദിവ്യ ഔദ്യോഗിക ഫോണിൽ നിന്ന് ജില്ല കലക്ടറുമായി നടത്തിയ ആശയവിനിമയം ഉൾപ്പെടെയുള്ള വിവരങ്ങളും തുടരന്വേഷണത്തിൽ പരിശോധിച്ചിട്ടുണ്ട്. കോടതി നിർദേശിച്ച നാലു പ്രധാനകാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയാണ് റിപ്പോർട്ട്. കോടതി നിർദേശിച്ച തരത്തിലുള്ള വിശദീകരണങ്ങളും അനുബന്ധ രേഖകളും റിപ്പോർട്ടിനൊപ്പമുണ്ട്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്ര, സിറ്റി പൊലീസ് കമീഷണർ പി. നിധിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

