എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
text_fieldsതലശ്ശേരി: കണ്ണൂര്‍ മുൻ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ രേഖയില്‍ കാണാത്ത ഫോണ്‍ സംഭാഷണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയില്‍ (രണ്ട്) അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷ ഹരജി നല്‍കി. അഭിഭാഷക പി.എം. സജിത മുഖേന നല്‍കിയ ഹരജിയില്‍ 19ന് വാദം കേള്‍ക്കും. ജഡ്ജി ടിറ്റി ജോര്‍ജാണ് ഹരജി പരിഗണിക്കുന്നത്.
നവീൻ ബാബു കൈക്കുലി വാങ്ങിയെന്ന് ആരോപിച്ച പി. പ്രശാന്തന്റെ 2024 ഒക്ടോബര്‍ ആറ് മുതല്‍ 14 വരെയുള്ള ഫോണ്‍ സംഭാഷണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു. അന്നത്തെ വിജിലന്‍സ് ഓഫിസറുടെ ഫോണ്‍ സംഭാഷണങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല. വിജിലന്‍സ് ഓഫിസറുടെ 2024 ഒക്ടോബര്‍ അഞ്ച് മുതല്‍ 14 വരെ പ്രതിയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
കേസന്വേഷിച്ച ഉദ്യോഗസ്ഥനെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയാക്കിയത് രാഷ്ട്രീയ സ്വാധീനമാണെന്നും ഹരജിയില്‍ പറയുന്നു. ഹരജിയിൽ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ: കാണാതായ പങ്കാളിത്ത രേഖ ഹാജരാക്കാനും അതിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാനും നിർദ്ദേശിക്കുക, ടി.വി. പ്രശാന്തിന്റെ പൂർണമായ സി.ഡി.ആർ സേവന ദാതാവിൽനിന്ന് നേരിട്ട് ലഭിക്കാൻ നിർദേശിക്കുക, എ.സി.പി രത്‌നകുമാറിന്റെയും ബിനു മോഹന്റെയും പങ്കിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക, നീതിയുടെ താൽപര്യാർഥം കോടതിക്ക് ഉചിതവുമാണെന്ന് തോന്നുന്ന മറ്റ് ഉത്തരവുകൾ പുറപ്പെടുവിക്കുക.
കേസിലെ പ്രതിയും കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യ കോടതിയില്‍ ചൊവ്വാഴ്ച ഹാജരായിരുന്നു. 2024 ഒക്ടോബര്‍ 15ന് രാവിലെയാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലെ മുറിയിലെ ഫാനില്‍ കെട്ടിത്തുങ്ങി മരിച്ചനിലയില്‍ നവീന്‍ ബാബുവിനെ കണ്ടെത്തിയത്. അറസ്റ്റിലായ പി.പി. ദിവ്യക്ക് കോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്കുമാറും പ്രതിഭാഗത്തിനായി അഭിഭാഷകന്‍ കെ. വിശ്വനും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

