അടുക്കത്ത്ബയൽ സ്കൂളിൽ ഭാഷകളുടെ കൂട്ടിയിടി
text_fieldsകാസർകോട്: സ്കൂൾ പ്രവേശനോത്സവ ദിനമായ വെള്ളിയാഴ്ച കാസർകോട് നഗരത്തിലെ അടുക്കത്ത്ബയൽ സ്കൂളിൽ എത്തിയവർ കണ്ണുമിഴിച്ചുനിന്നു. കലപിലകൂട്ടി ഒാടിയെത്തിയ കുട്ടികൾ എന്താണ് പറയുന്നതെന്നുപോലും മനസ്സിലായില്ല. പലഭാഷകളും വേഷങ്ങളും കൂട്ടിയിടിച്ച് ചിതറിയൊഴുകുകയാണ് ഇവിടെ. സപ്തഭാഷാ സംഗമഭൂമിയാണെന്നാണ് കാസർകോട് ജില്ലക്കുള്ള അപരനാമം. ഏഴുഭാഷകളാണ് ജില്ലയിൽ സംസാരിക്കുന്നത്. എന്നാൽ, ഇതരസംസ്ഥാന തൊഴിലാളികൾ സ്ഥിരവാസമാക്കിയ കാസർകോട് നഗരത്തിൽ ഇപ്പോൾ ഭാഷകൾ ഏഴല്ല, പതിനാലും കവിഞ്ഞെന്ന് അടുക്കത്ത്ബയൽ സ്കൂൾ അധ്യാപകർ പറയും.
സ്കൂളിലെ പുതിയ പ്രവേശന രജിസ്റ്ററിൽ അത്രയ്ക്കുമാണ് ഭാഷകളുടെയും സംസ്ഥാനങ്ങളുടെയും എണ്ണം. ആറു വർഷമായി യു.എ.ഇയിലെ സ്കൂളിൽ പഠിക്കുകയായിരുന്ന കാസർകോട് സ്വദേശി ഷെയ്ക്ക് മുഹമ്മദ് നിതാലിെൻറ സംസാരഭാഷ അറബിയാണ്. വീട്ടിലും സ്കൂളിലും അറബിതന്നെ. യു.എ.ഇ വിട്ട് ഇനി അടുക്കത്ത്ബയൽ യു.പി സ്കൂളിലാണ് ഇൗ കുട്ടിയുടെ പഠനം. സ്കൂളിൽ രണ്ടാം ക്ലാസിലേക്ക് ചേരുന്ന ഷെയ്ക്ക് മുഹമ്മദ് മുഷ്താഖിെൻറയും ഫാത്തിമ മുസ്കാ ഷെയ്ക്കിെൻറയും ജോയയുടെയും മാതൃഭാഷ ഉർദുവാണ്. 15 വർഷമായി കാസർകോട് താമസിക്കുന്ന രാജസ്ഥാൻകാരൻ രവികാന്തിെൻറ രണ്ടു മക്കൾ പഠിക്കുന്നത് അടുക്കത്ത്ബയൽ യു.പി സ്കൂളിലാണ്.
ഇരുവരുടെയും മാതൃഭാഷ രാജസ്ഥാനി. ഒന്നാം ക്ലാസിൽ ചേർന്ന പലക് ശർമ, രണ്ടാം ക്ലാസിൽ ചേർന്ന സാഹിദ് ശർമ എന്നിവർക്ക് മലയാളം അത്യാവശ്യം സംസാരിക്കാനറിയാം. സുഹൃത്ത് മുകേഷ് ശർമയുടെ മകൾ കാർത്തികും അടുക്കത്ത്ബയൽ സ്കൂളിലാണ്. മധ്യപ്രദേശിൽനിന്നുള്ള കാർത്തിക്കിെൻറ ഹിന്ദി കേട്ട് ആകൃഷ്ടരായിരിക്കുന്നു അധ്യാപകർ. ഉത്തർപ്രദേശുകാരൻ സുഹൈൽഖാനും ബിഹാറിൽനിന്നുള്ള നരേഷും അടുക്കത്ത്്ബയലിലെ ബഹുസ്വര വിദ്യാലയത്തിന് മാറ്റുകൂട്ടുകയാണ്. കർണാടകത്തിൽനിന്നുള്ള ആർ. രാഹുൽ, മധ്യപ്രദേശിൽനിന്നുള്ള രശ്മി ബൈരാഗി, ഉത്തർപ്രദേശിൽനിന്നുള്ള അലിഷ കാത്തൂൺ, തമിഴ്നാട്ടിൽനിന്നുള്ള ഒന്നാം ക്ലാസുകാരൻ രാഹുൽ, മൂന്നാം ക്ലാസുകാരൻ നിതിഷ്, അഞ്ചാം ക്ലാസുകാരി കൃതിക എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികളുടെ സംഗമവേദിയാണ് ഇൗ സ്കൂൾ.
മലയാളത്തിനു പുറേമ ഗുജറാത്തി, തെലുങ്ക്, മറാഠി, ബ്യാരി, കൊങ്കിണി, തുളു, കൊടവ തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന വിദ്യാർഥികൾ അടുക്കത്ത്ബയലിൽ യഥേഷ്ടം. പതിനഞ്ചോളം ഭാഷകൾ സംസാരിക്കുന്ന വിദ്യാർഥികൾ സ്കൂളിലുണ്ടാകുമെന്ന് അധ്യാപകനായ അശോകൻ കുണിയേരി പറഞ്ഞു. 96 കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസിൽ ചേർന്നത്. മറ്റ് ക്ലാസുകളിൽ ചേർന്ന കുട്ടികൾ ഉൾെപ്പടെ 200 കവിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
