സംരംഭക പരാതിയിൽ 30 ദിവസത്തിനകം തീർപ്പ്; ഓൺലൈൻ സംവിധാനം നിലവിൽവന്നു
text_fieldsതിരുവനന്തപുരം: സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനകം തീർപ്പുകൽപ്പിക്കുന്ന ഓൺലൈൻ പരാതിപരിഹാര സംവിധാനം നിലവിൽ വന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. ജില്ല, സംസ്ഥാനതല പരാതി പരിഹാര സമിതികൾ രൂപവത്കരിച്ചാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംവിധാനം പ്രവർത്തിക്കുന്നത്.
പരാതിപരിഹാര പോർട്ടലിന്റെ ഉദ്‌ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. തുടക്കമിട്ട സംരംഭങ്ങൾ നിലനിർത്താൻ ത്രിതല സംവിധാനം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.സംരംഭകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്ന ക്ലിനിക്കുകൾ ശക്തിപ്പെടുത്തും. സംരംഭങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അറിയിച്ചാൽ ഈ ക്ലിനിക്കുകളിൽ പരിഹാരം നിർദേശിക്കും.
തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്റേണുകൾ എല്ലാ സംരംഭങ്ങളും സന്ദർശിച്ച് പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹാരം നിർദേശിക്കുകയാണ് രണ്ടാമത്തെ സംവിധാനം. നിർമിത ബുദ്ധി അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ലിങ്കേജ് മാതൃകയാണ് മൂന്നാമത്തേത്.സംരംഭങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ ഈ സംവിധാനം വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ പിഴ
പദ്ധതിയിൽ 10 കോടി രൂപവരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതി കലക്ടർ അധ്യക്ഷനായ ജില്ലതല സമിതി പരിശോധിക്കും. 10 കോടിക്ക് മുകളിൽ നിക്ഷേപമുള്ളവയുമായി ബന്ധപ്പെട്ട പരാതികളും ജില്ല കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന സമിതി പരിശോധിക്കും സേവനം നൽകാൻ നിയുക്തനായ ഉദ്യോഗസ്ഥൻ വീഴ്ചയോ വരുത്തിയാൽ പിഴ ചുമത്താനും വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യാനും സമിതികൾക്ക് അധികാരമുണ്ടാകും.
പരിഹാരം നിർദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയിൽ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തിൽ പിഴ ഈടാക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

