അഗളി: അട്ടപ്പാടിയിൽ കോവിഡ് പോസിറ്റിവായിരുന്ന ആദിവാസി യുവതി മരിച്ചു. മരണകാരണം കോവിഡ് അല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഷോളയൂർ വെള്ളക്കുളം ഊരിലെ കുപ്പസ്വാമിയുടെ ഭാര്യ നിഷയാണ് (24) മരിച്ചത്.
കഴിഞ്ഞ 25ന് വയറുവേദനയെ തുടർന്ന് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വൃക്ക, കരൾ സംബന്ധമായ അസുഖം കണ്ടെത്തിയതിനെ തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ഇവിടെ നിന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബർ ഒന്നിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച മരിച്ചു. നിഷക്ക് രക്തസമ്മർദവും വൃക്കരോഗവും ഹൃദയസംബന്ധമായ അസുഖവും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.