ആദിവാസി-ദലിത് വിദ്യാർഥികൾ വിദ്യാഭ്യാസ കൺവെൻഷൻ നടത്തി
text_fieldsകൊച്ചി: വിദ്യാഭ്യാസ അവകാശങ്ങൾക്കായി ആദിവാസി-ദലിത് വിദ്യാർഥികൾ വിദ്യാഭ്യാസ കൺവെൻഷൻ നടത്തി. ആദിവാസി വിദ്യാർഥികളോടും സഹപ്രവര്‍ത്തകരോടും സാമൂഹിക പ്രവര്‍ത്തകരോടും ജാതീയവും വംശീയവുമായ വിവേചനം പുലര്‍ത്തുന്ന ആലുവ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (ടി.ഇ.ഒ) ആര്‍. അനൂപിനെ സ്ഥലം മാറ്റണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
ആദിവാസി പ്രമോട്ടർ ആത്മഹത്യ ചെയ്തതിൽ സംവത്തിൽ ടി.ഇ.ഒക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസ് എടുത്ത് അന്വേഷണം നടത്തണം. എസ്.ടി. വിദ്യാർഥികളുടെ പരീക്ഷാഫീസ്, യൂനിഫോം അലവന്‍സ്, യാത്രാചെലവ്, ഡാറ്റാ ചാര്‍ജ് തുടങ്ങിയ ആവശ്യങ്ങളോട് നിഷേധാത്മക സമീപനാണ് ടി.ഇ.ഒ. തുടരുന്നത്. സ്വകാര്യവ്യക്തികള്‍ ലാഭതാല്പര്യത്തിനുവേണ്ടി ഹോസ്റ്റല്‍ നടത്താനുള്ള ടി.ഇ.ഒയുടെ നിർദേശം അംഗീകരിക്കാനാവില്ല. അതിനാൽ ഹോസ്റ്റല്‍ നടത്തിപ്പ് പൂർണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം.
കൊച്ചി നഗരത്തിലെ പട്ടികവർഗവിഭാഗം വിദ്യാർഥികളുടെ വിദ്യാഭ്യാസ -ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കാനും, ആവശ്യമായ മെന്‍ററിംഗ് - ഗൈഡന്‍സ് നിർദേശിക്കാനും സാമൂഹിക പ്രതിബദ്ധതയുള്ള സോഷ്യല്‍വര്‍ക്കറെ നിയോഗിക്കുകയും ജില്ലാ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പരിഹാരപദ്ധതികള്‍ നടപ്പാക്കുകയും ചെയ്യണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഈ വര്‍ഷം പ്രവേശനം നേടിയവരില്‍ നിരവധി വിദ്യാർഥിനികള്‍ ഈ അധ്യയനവര്‍ഷം ഹാജര്‍ ഇല്ലാത്തതിന്‍റെ പേരില്‍ കണ്ടോണേഷന്‍ ആവശ്യമായി വരികയും പലരും പഠനം അവസാനിപ്പിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇത് സംബന്ധിച്ച് അന്വേഷിച്ച് പരിഹാരം ഉണ്ടാക്കണം.കുട്ടികള്‍ക്ക് ആവശ്യമായ മെന്‍ററിംഗോ, ഗൈഡന്‍സോ, ട്യൂഷനോ നല്‍കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒരു വിദ്യാർഥിനി ക്ലാസ് റൂമിലെ വെര്‍ബല്‍ അതിക്രമം വഴി പഠനം ഉപേക്ഷിച്ചതിനെക്കുറിച്ച് അന്വേഷിക്കണെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
ഗാന്ധി യൂനിവേഴ്സിറ്റിയിലെ അധ്യാപകൻ രാജേഷ് കോമത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എം.ഗീതാനന്ദൻ, അഡ്വ. ജോൺ ജോസഫ്, കെ.ജയകുമാർ, പി.വി രജനി, നോയൽ സാമുവൽ, ആൻഡ്രൂസ് തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് നടന്ന സമാപന ധർണയിൽ സി.എസ്. മുരളി, സജി.കെ.ചേരമൻ, കെ.ടി. മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

