അടിമാലി മണ്ണിടിച്ചിൽ: മരിച്ച ബിജുവിന്‍റെ ഭാര്യയുടെ കാൽ മുറിച്ചുമാറ്റി
text_fieldsഅടിമാലി മണ്ണിടിച്ചിലിൽ ഗുരുതര പരിക്കേറ്റ സന്ധ്യ, മരിച്ച ഭർത്താവ് ബിജു
ആലുവ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷംവീട് കോളനിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന സന്ധ്യയുടെ (39) ഇടതുകാൽ മുറിച്ചുമാറ്റി. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് സന്ധ്യ.
കഴിഞ്ഞ ദിവസം ഓർത്തോ, പ്ലാസ്റ്റിക് സർജറി, ജനറൽ സർജറി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിലൂടെ സന്ധ്യയുടെ കാലിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാൻ കഴിഞ്ഞെങ്കിലും 72 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. രക്തയോട്ടം പൂർവസ്ഥിതിയിലായില്ലെങ്കിൽ കാൽമുറിച്ചു മാറ്റേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
മണ്ണിടിച്ചിലിന് പിന്നാലെ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങി കിടന്ന സന്ധ്യയെ അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് പുറത്തെടുത്തത്. സന്ധ്യയുടെ കാൽമുട്ടിന് താഴോട്ട് എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു. ഒമ്പതു മണിക്കൂറോളം ഇടതുകാലിൽ രക്തയോട്ടം ഉണ്ടായിരുന്നില്ല. വലതുകാലിലെ പേശികളും ചതഞ്ഞിരുന്നു.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷംവീട് കോളനിയിൽ ശനിയാഴ്ച രാത്രിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് തകർന്ന വീടിനുള്ളിലാണ് നെടുമ്പിള്ളികുടി ബിജുവും ഭാര്യ സന്ധ്യയും കുടുങ്ങിയത്. ഇരുവരേയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. സന്ധ്യയെ രക്ഷിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞ് ബിജുവിനെയും പുറത്തെടുക്കാനായെങ്കിലും ജീവൻ അവശേഷിച്ചിരുന്നില്ല. രണ്ട് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് തകർന്ന വീടിന്‍റെ അവശിഷ്ടങ്ങൾ നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്.
100 അടിയിലേറെ ഉയരമുള്ള മൺതിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള എട്ട് വീടുകളിലേക്കും പതിക്കുകയായിരുന്നു. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്തു നിന്ന് 26 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ബിജുവും ഭാര്യയും ക്യാമ്പിലേക്ക് പോയെങ്കിലും പാകം ചെയ്ത് വെച്ച ഭക്ഷണവും പ്രധാനപ്പെട്ട രേഖകളും എടുക്കുന്നതിന് വേണ്ടി വൈകീട്ട് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
കർഷകനായ ബിജു, തടിപ്പണിയും വ്യാപാരവും ചെയ്തിരുന്നു. മകൻ ആദർശ് ഒരു വർഷം മുമ്പാണ് മരിച്ചത്. മകൾ ആര്യ കോട്ടയത്ത് നഴ്സിങ് വിദ്യാർഥിയാണ്. സന്ധ്യ അടിമാലിയിലെ ക്ഷീര സഹകരണ സംഘം ജീവനക്കാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

