അടിമാലി മണ്ണിടിച്ചിൽ: സന്ധ്യയുടെ ചികിത്സാച്ചെലവുകൾ മമ്മൂട്ടി ഏറ്റെടുത്തു
text_fieldsകൊച്ചി: അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ അടിമാലി നെടുമ്പിളിക്കുടി വീട്ടിൽ സന്ധ്യ ബിജു(41)വിന്റെ ചികിത്സാച്ചെലവുകൾ പൂർണമായും നടൻ മമ്മൂട്ടി ഏറ്റെടുത്തു. ആലുവ രാജഗിരി ആശുപത്രിയിലെ തുടർ ചികിത്സ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കും. ഗുരുതരമായി പരിക്കേറ്റതിനാൽ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു.
അപകടത്തിൽ ഭർത്താവ് ബിജു മരിക്കുകയും ഇടതു കാൽ മുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. മകൻ കാൻസർ മൂലം കഴിഞ്ഞവർഷം മരിച്ചു. നഴ്സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് ഇനിയുള്ള തുണ. നിസ്സഹായരായ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചികിത്സാച്ചെലവുകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു.
ഞായാറാഴ്ച പുലർച്ച 5.16 ന് ആയിരുന്നു സന്ധ്യയെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ അവസ്ഥയിലാണ് സന്ധ്യയെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് മണിക്കൂറോളം മണ്ണിനടിയിൽ അകപ്പെട്ട സന്ധ്യയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഏകദേശം ഏഴ് മണിക്കൂർ പിന്നിട്ടിരുന്നു. ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണമായും തടസ്സപ്പെടുകയും അസ്ഥികൾ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു. പിന്നീട് എട്ടുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ ഇടത്തേക്കലിലേക്കുള്ള രക്തയോട്ടം പൂർവസ്ഥിതിയിലാക്കുകയും ഒടിഞ്ഞ അസ്ഥികൾ ഏകദേശം പൂർണരൂപത്തിലാക്കുകയും ചെയ്തിരുന്നു.
ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിക്കുന്ന വിഷാംശങ്ങൾ കൂടിവരികയും അവ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലെത്തിയതോടെ സന്ധ്യയുടെ ജീവൻ രക്ഷിക്കുന്നതിനായി ഇടത്തേക്കാൽ മുട്ടിന് മുകളിൽ വച്ച് നീക്കംചെയ്യേണ്ടതായി വന്നു. ഇടതുകാലിന്റെ പ്രവർത്തനം സുഗമമാക്കാൻ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ തുടർ ചികിത്സ ആവശ്യമാണ്. വലതുകാലിലേക്കുള്ള രക്തയോട്ടവും അസ്ഥികളും കുഴപ്പമില്ലാതെയിരിക്കുമ്പോഴും ചതഞ്ഞരഞ്ഞ മസിലുകൾക്ക് തുടർ ചികിത്സ ആവശ്യമാണ്. തിരക്കിനിടയിലും സന്ധ്യയുടെ ആരോഗ്യനിലയെക്കുറിച്ചും മമ്മൂട്ടി ആശുപത്രി രാജഗിരി ആശുപത്രി അധികൃതരുമായി വിശദമായി ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

