സത്യം പുറത്തുകൊണ്ടുവരും, സംശയം വേണ്ട; വി.ഐ.പി ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല -എ.ഡി.ജി.പി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ദിലീപ് പ്രതിയായ കേസില്‍ സത്യം പുറത്തുവരുമെന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത്. വി.ഐ.പി ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ചോദ്യം ചെയ്യലിനോട് സഹകരിച്ചാലും ഇല്ലെങ്കിലും അന്വേഷണത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോടതിയുടെ നിര്‍ദേശപ്രകാരമാണ് ചോദ്യം ചെയ്യുന്നത്. ആവശ്യമെങ്കില്‍ കോടതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ആവശ്യപ്പെടും.
കേസുകള്‍ ഫലപ്രദമായി അന്വേഷിച്ച് തെളിയിക്കാന്‍ പറ്റുമെന്ന ഉത്തമ വിശ്വാസം ഞങ്ങള്‍ക്കുണ്ട്. അന്വേഷണം നടത്തുക എന്നതാണ് ഞങ്ങളുടെ ജോലി. സത്യസന്ധമായി അന്വേഷിക്കും, സത്യം പുറത്തുകൊണ്ടുവരും. അതില്‍ ഒരു സംശയവും വേണ്ട.
ചോദ്യം ചെയ്യലില്‍ സഹകരണം മാത്രമല്ല തെളിവിലേക്ക് ഉപകരിക്കുക, നിസ്സഹകരണവും വേറൊരു രീതിയില്‍ ഞങ്ങള്‍ക്ക് സഹായകരമാകും -എ.ഡി.ജി.പി പറഞ്ഞു.
കേസില്‍ കൃത്യമായ തെളിവുണ്ടെന്ന സൂചനയും എ.ഡി.ജി.പി നല്‍കി. അന്വേഷണത്തിന് ആത്മവിശ്വാസം നല്‍കുന്ന തെളിവുകള്‍ കൈയിലുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഇന്നലെ കോടതിയില്‍ കണ്ടതല്ലേ എന്നായിരുന്നു മറുചോദ്യം. എന്തൊക്കെയോ കാര്യങ്ങള്‍ അന്വേഷണ സംഘത്തിന്റെ കൈയിലുണ്ട് എന്ന കാര്യം മനസ്സിലാക്കാവുന്നതാണ്.
കൂറ് മാറിയവര്‍ അതിനുണ്ടായ സാഹചര്യം കേസുമായി ബന്ധമുള്ളതാണെങ്കില്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. രാവിലെ ഒന്‍പതോടെയാണ് ദിലീപ് ചോദ്യം ചെയ്യലിന് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

