എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ച: മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ സാന്നിധ്യത്തെക്കുറിച്ച് സി.പി.എം മറുപടി പറയണം-എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം ആര്‍ അജിത്കുമാര്‍ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് മുഖ്യമന്ത്രിക്കു വേണ്ടിയായിരുന്നോ എന്നു വ്യക്തമാക്കാന്‍ സി.പി.എം തയാറാവണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സംരക്ഷണവും പകരം ബിജെപിക്ക് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള സഹായവുമാണോ ചര്‍ച്ചയിലുണ്ടായതെന്ന സംശയം ദൂരീകരിക്കേണ്ടത് മുഖ്യമന്ത്രിയും സി.പി.എമ്മുമാണ്.
ആർ.എസ്.എസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയ ആർ.എസ്.എസ് നേതാവ് റാം മാധവിനെ 2023 ഡിസംബറില്‍ കോവളത്തെ ഹോട്ടലില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ കണ്ടത് മുഖ്യമന്ത്രിയുടെ ബന്ധുക്കളോടൊപ്പമായിരുന്നെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. എല്ലാ തെളിവുകളും പുറത്തുവരുമ്പോഴും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തുടരുന്ന മൗനം കാപട്യത്തിന്റേതാണ്. അജിത് കുമാറിനെതിരേ നടപടിയെടുക്കാന്‍ തയാറാവത്തത് മുഖ്യമന്ത്രിയുടെ ദൂതന്‍ എന്ന നിലയിലായിരുന്നു കൂടിക്കാഴ്ച എന്ന സംശയം ബലപ്പെടുത്തുന്നതാണ്.
10 ദിവസത്തിനിടെ രണ്ടു തവണയാണ് കേരളത്തിന്റെ ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പി ആർ.എസ്.എസ് ദേശീയ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയത്. ആഭ്യന്തര വകുപ്പും ആർ.എസ്.എസും തമ്മിലുള്ള ബാന്ധവത്തിന്റെ പ്രതിഫലനം സമീപ കാലത്തെ പൊലിസ് നയ നിലപാടുകളില്‍ പ്രകടമാണ്. ആർ.എസ്.എസിന്റെ അജണ്ടകള്‍ പൊലിസിനെ ഉപയോഗപ്പെടുത്തി നടപ്പാക്കുകയായിരുന്നു അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലിസ് സേനയെന്ന് വെളിപ്പെടുത്തലുകളിലൂടെ ബോധ്യമാവുകയാണ്.
സ്വതന്ത്ര ഇന്ത്യയില്‍ ഭീകരതയുടെ പേരില്‍ മൂന്നു തവണ നിരോധിക്കപ്പെട്ട ആർ.എസ്.എസ് പ്രധാന സംഘടനയാണെന്ന സി.പി.എം നേതാവും സ്പീക്കറുമായ എ.എന്‍. ഷംസീറിന്റെ പ്രസ്താവന സി.പി.എം എത്തിപ്പെട്ടിരിക്കുന്ന അപചയത്തെ അടിവരയിടുന്നതാണ്. എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച ആദ്യം നിഷേധിച്ച എം.വി. ഗോവിന്ദന്‍ വാര്‍ത്ത തെളിവുസഹിതം പുറത്തുന്നതോടെ എ.ഡി.ജി.പി ആരെ കാണുന്നതിലും പാര്‍ട്ടിക്ക് പ്രശ്നമില്ലെന്നായിരുന്നു പ്രതികരിച്ചത്.
അത്യന്തം ഗൗരവതരമായ വിഷയത്തില്‍ സി.പി.എം തുടരുന്ന മെല്ലെപ്പോക്ക് പാര്‍ട്ടി അറിഞ്ഞു തന്നെയാണ് ഈ നാടകങ്ങളെല്ലാം അരങ്ങേറിയതെന്ന് വ്യക്തമാക്കുന്നതായും സെക്രട്ടറിയേറ്റ് വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

