നടുവൊടിയും; അധിക നികുതി ഭാരം ഇന്ന് അർധരാത്രി മുതൽ
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനത്ത് ബജറ്റിലൂടെ അടിച്ചേൽപ്പിച്ച അധിക നികുതി ഭാരങ്ങൾ വെള്ളിയാഴ്ച അർധരാത്രി പ്രാബല്യത്തിലാകും. ഏപ്രിൽ ഒന്നു മുതൽ ജനം കൂടുതൽ മുണ്ട് മുറുക്കേണ്ടി വരും.
- ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചു. ഇതിന് ആനുപാതികമായി രജിസ്ട്രേഷൻ ഫീസും ഉയരും. ഒരു ലക്ഷം രൂപ ന്യായവിലയുള്ള ഭൂമിയുടെ ആധാരത്തിന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി 10,000 രൂപയായിരുന്നത് 12,000 രൂപയാവും.
- ഫ്ലാറ്റുകളുടെയും അപ്പാർട്മെന്റുകളുടെയും രജിസ്ട്രേഷന് ചെലവ് കൂടും. കെട്ടിട നമ്പർ കിട്ടി ആറു മാസത്തിനകം കൈമാറ്റം ചെയ്യുന്നതിന് അഞ്ചു ശതമാനമായിരുന്ന മുദ്രവില ഏഴു ശതമാനമാക്കി.
- ഗഹാനും ഗഹാൻ ഒഴിമുറികളും ഫയൽ ചെയ്യാൻ 100 രൂപ നിരക്കിൽ സർവിസ് ചാർജ്.
- കോടതി വ്യവഹാരങ്ങൾക്ക് ചെലവേറും. കോർട്ട് ഫീസ് സ്റ്റാമ്പുകളുടെ നിരക്ക് വർധിക്കും.
- പാറയും മണലും അടക്കം ഖനനം ചെയ്തെടുക്കുന്ന ഉൽപന്നങ്ങളുടെയെല്ലാം വില കൂടും. ഇതിന് നിർദേശം നൽകാൻ മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചു. ഉടൻ തീരുമാനം വരും. ധാതുക്കളുടെ റോയൽറ്റി, പിഴ, അളവ് എന്നിവ ശാസ്ത്രീയമായി പരിഷ്കരിക്കും. പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില വരും. പിഴ വർധിപ്പിക്കും. 600 കോടി അധിക വരുമാനം ലക്ഷ്യം. സർക്കാർ ഭൂമിയുടെ പാട്ടം കൂടും.
- മദ്യത്തിന് വില കൂടും. 500 മുതൽ 999 രൂപ വരെ വിലയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപയും 1000 മുതൽ വിലയുള്ളതിന് 40 രൂപ നിരക്കിലുമാണു വർധന. 400 കോടി വരുമാനം.
- വാഹന വില കൂടും. രണ്ടു ലക്ഷം രൂപ വരെ വിലയുള്ള മോട്ടോർ സൈക്കിളുകൾക്ക് രണ്ടു ശതമാനം നികുതി വർധന. പുതിയ കാറുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും ഒന്നു മുതൽ രണ്ടു ശതമാനം വരെ നികുതി വർധന. റോഡ് സുരക്ഷ സെസ് എല്ലാ വാഹനങ്ങൾക്കും ഇരട്ടിയാക്കി. 50 രൂപ മുതൽ 250 രൂപ വരെ വർധിക്കും.
- വൈദ്യുതി തീരുവ അഞ്ചു ശതമാനമാക്കി. തീരുവ വൈദ്യുതി ബോർഡ് തന്നെ എടുക്കുന്നത് നിർത്തി. 200 കോടി അധിക വരുമാനം.
- പുതിയ ഇലക്ട്രിക് കാറുകളുടെ ഒറ്റത്തവണ നികുതി അഞ്ചു ശതമാനമായി കുറക്കും. കോണ്‍ട്രാക്ട് കാര്യേജ്/ സ്റ്റേജ് കാര്യേജ് വാഹന ഉടമകള്‍ക്ക് നികുതിയില്‍ 10 ശതമാനം കുറവ് വരും.
നേരിട്ട് 3000 കോടി (2955) യും 1000 കോടി തദ്ദേശ സ്ഥാപനങ്ങൾ വഴിയും അധികം സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പെട്രോൾ-ഡീസൽ സെസ് അടക്കം പിൻവലിക്കണമെന്ന് കടുത്ത സമ്മർദമുയർന്നിട്ടും സർക്കാർ വഴങ്ങിയിരുന്നില്ല. വെള്ളക്കര വർധന നിലവിൽ വന്നുകഴിഞ്ഞു. വൈദ്യുതി നിരക്ക് വർധന ജൂൺ 30നകം വരും.കെട്ടിടനികുതിയിലെ അഞ്ചുശതമാനം വര്‍ധനക്കൊപ്പം അപേക്ഷ ഫീസ്, പരിശോധന ഫീസ്, ഗാര്‍ഹിക-ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള പെര്‍മിറ്റ് ഫീസ് എന്നിവയും വര്‍ധിപ്പിക്കും. കെട്ടിട നിര്‍മാണ ചെലവും ഉയരും. സാധാരണക്കാരെയും ചെറുകിട കെട്ടിട നിർമാണങ്ങളെയും ബാധിക്കാത്തവിധമാകും പെർമിറ്റ് ഫീസ് വർധനയെന്നാണ് വിവരം.
പെേട്രാൾ, ഡീസൽ രണ്ടുരൂപ കൂടും
ലിറ്ററിന് രണ്ടു രൂപ വീതം സംസ്ഥാന സെസ് വരുന്നതോടെ പെട്രോളിനും ഡീസലിനും വില ഉയരും. പെട്രോളിന് വ്യാഴാഴ്ച ലിറ്ററിന് 107.71 രൂപയും ഡീസലിന് 96.52 രൂപയുമാണ് തിരുവനന്തപുരത്തെ വില. ലക്ഷ്യമിടുന്നത് 750 കോടിയുടെ അധിക വരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

