മാത്യു കുഴൽനാടന്‍റെ ചിന്നക്കനാലിലെ വിവാദ ഭൂമി റവന്യൂ വകുപ്പ് വീണ്ടും അളക്കും
text_fieldsനെടുങ്കണ്ടം: (ഇടുക്കി) മാത്യു കുഴൽനാടൻ എം.എൽ.എയുടെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിൽ ചിന്നക്കനാലിൽ പ്രവർത്തിക്കുന്ന കപ്പിത്താൻ റിസോർട്ട് സ്ഥിതിചെയ്യുന്ന ഭൂമി റവന്യൂ വകുപ്പ് വീണ്ടും അളക്കും. മുമ്പ് ഭൂമി അളന്നത് തങ്ങളുടെ സാന്നിധ്യത്തിലല്ലെന്നും അളവിൽ പിശകുണ്ടായെന്നും കുഴൽനാടന്‍റെ ബിസിനസ് പങ്കാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹെഡ് സർവേയറുടെ നേതൃത്വത്തിൽ വീണ്ടും അളക്കുന്നത്.
അടുത്തയാഴ്ച ഭൂമി അളന്നുതിരിക്കുമെന്ന് ഉടുമ്പഞ്ചോല ലാൻഡ് റവന്യൂ തഹസിൽദാർ എ.വി. ജോസ് അറിയിച്ചു. അളന്ന് തിട്ടപ്പെടുത്തിയശേഷം അധിക ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അടിയന്തരമായി പിടിച്ചെടുക്കാനാണ് റവന്യൂ വകുപ്പിന്‍റെ നീക്കം.
നിയമപ്രകാരമുള്ള ഒരേക്കറോളം ഭൂമിയിൽ മിച്ചഭൂമി കേസുള്ള കാര്യം മറച്ചുവെച്ച് രജിസ്ട്രേഷൻ നടത്തിയെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നും വിജിലൻസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് ശരിവെക്കുന്ന റിപ്പോർട്ട് തഹസിൽദാർ നൽകി. ചിന്നക്കനാലിലെ കപ്പിത്താൻ റിസോർട്ടുമായി ബന്ധപ്പെട്ട ഭൂമി കൂടാതെ 50 സെന്‍റോളം സർക്കാർഭൂമി അനധികൃതമായി കൈവശംവെച്ചതിന് ജനുവരി 27നാണ് റവന്യൂ വകുപ്പ് കുഴൽനാടനെതിരെ കേസെടുത്തത്.
തുടർന്ന് ഫെബ്രുവരി എട്ടിന് ലാൻഡ് റവന്യൂ തഹസിൽദാർക്കു മുമ്പാകെ ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. റിസോർട്ടിന്റെ പാർട്ണർമാരായ റാന്നി കാവുങ്കൽ ടോണി, സഹോദരൻ ടോം എന്നിവർ ഹിയറിങ്ങിന് ഹാജരായി. തനിക്ക് ഹിയറിങ്ങിന് ഹാജരാകാൻ ഒരുമാസം സമയം വേണമെന്ന് ആവശ്യപ്പെട്ട് കുഴൽനാടൻ എൽ.ആർ തഹസിൽദാർക്ക് രേഖാമൂലം കത്ത് നൽകി. ഇതിനിടയിലാണ് മുമ്പ് ഭൂമി അളന്നപ്പോൾ പിശകുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ഉടമകൾ വീണ്ടും റവന്യൂ വകുപ്പിനെ സമീപിച്ചത്.
ഒരുകോടി തൊണ്ണൂറ്റിരണ്ടുലക്ഷം രൂപ ആധാരത്തിൽ കാണിച്ച വസ്തുവിന് നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ മാത്യുവിന്‍റെ ഷെയറായി മൂന്നരക്കോടി രൂപയാണ് കാണിച്ചിരിക്കുന്നതെന്നും ഏഴുകോടി മതിപ്പ് വിലയുണ്ടായിട്ടും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടക്കാതെ ഖജനാവിന് നഷ്ടം വരുത്തിയെന്നുംകാട്ടി സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എൻ. മോഹനനാണ് മുമ്പ് വിജിലൻസിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

