അദാനിയുടെ സമ്മർദത്തിന് വഴങ്ങി അനുമതി നൽകരുത് -പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കുത്തകകൾക്ക് വിൽക്കുന്നതിന്റെ ആദ്യപടിയാണ് ഇപ്പോൾ നടന്ന ഓഹരി കൈമാറ്റമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദേശ കമ്പനിയുടെ ആധിപത്യത്തിലേക്ക് വളഞ്ഞ വഴിയിലൂടെ കാര്യങ്ങൾ എത്തുകയാണ്. അദാനി ഗ്രൂപിന്റെ സമ്മർദത്തിന് വഴങ്ങി ഇതിന് സർക്കാർ അനുമതി നൽകരുത്. സർക്കാറിന്റെ മുൻകൂർ അനുമതിയോടെ മാത്രം നടത്തേണ്ട കാര്യം അദാനിക്ക് ധൈര്യമായി നീക്കാൻ കഴിഞ്ഞു. അക്കാര്യത്തിൽ വ്യക്തത ഉണ്ടാകേണ്ടതുണ്ട്.
25 ശതമാനത്തിലേറെ ഓഹരികൾ കൈമാറുന്നതിന് സർക്കാറിന്റെ മുൻകൂർ അനുമതി വേണമെന്ന കരാർ വ്യവസ്ഥ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഓഹരി കൈമാറ്റത്തെ പറ്റി സർക്കാറിന് അറിയില്ലെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ അറിയിച്ചുവെന്നാണ് അദാനി തുറമുഖ അധികൃതർ വെളിപ്പെടുത്തിയത്. അക്കാര്യത്തിൽ തുറമുഖ വകുപ്പ് കൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി വ്യക്തതവരുത്തണം. അദാനി ഗ്രൂപിന്റെ താൽപര്യങ്ങൾക്ക് സർക്കാർ വഴങ്ങരുതെന്നും പിണറായി ആവശ്യപ്പെട്ടു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സർക്കാർ തീരുമാനത്തിന്റെ ഗുണം മദ്യകമ്പനിക്ക് മാത്രമാണ്. വീര്യംകുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതിനാൽ വിൽപനക്ക് സർക്കാർ അനുമതി നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കാൻ മദ്യകമ്പനിക്ക് സാധിക്കും. പഴം, ധാന്യം എന്നിവയിൽ നിന്നുള്ള വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനാണ് എൽ.ഡി.എഫ് കാലത്ത് ആലോചിച്ചത്. ഇപ്പോൾ നിശ്ചയിക്കപ്പെട്ട സ്പിരിറ്റ് കലർന്ന മദ്യത്തിനല്ല. ഇത് ഉൾപ്പെടുത്തിയ ധനബിൽ പാസാക്കാൻ അനാവശ്യ ധിറുതിയും വാശിയും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. മദ്യക്കമ്പനിയായ ബക്കാഡിക്ക് ഏതുമാർഗത്തിലൂടെയും നികുതിയിളവ് നൽകണമെന്ന വാശിയാണ് മുഖ്യമന്ത്രിക്ക്. അസാധാരണമായ തരത്തിൽ ഫയൽനീക്കവും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായി.
കരിമണൽ മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള പ്രകടമായ നീക്കമാണ് യു.ഡി.എഫ് സർക്കാർ സ്വീകരിച്ചത്. ഖനനം ചെയ്യുന്ന കരിമണലിൽ നിന്ന് തങ്ങൾക്ക് ആവശ്യമായ ഇൽമനേറ്റ് എടുത്തശേഷം ബാക്കിയാകുന്ന അമൂല്യ ധാതുക്കളുള്ള മണൽ സൂക്ഷിക്കുന്ന നിലവിലെ രീതിക്ക് പകരം അതിൽ നിന്ന് മോണോസൈറ്റ് വേർതിരിച്ച് എടുക്കാൻ ഉദ്ദേശിക്കുന്ന പൈലറ്റ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടത്താനാണ് കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് കെ.എം.എം.എൽ കരാർ ക്ഷണിച്ചത്. ഹൈദരാബാദിലെ കമ്പനിയെ ഇതിന് അവർ തിരഞ്ഞെടുത്തെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അനുമതി ലഭിച്ചാൽ മാത്രമേ അവരുമായി കരാർ ഒപ്പിടാൻ കഴിയൂ. തന്റെ സർക്കാർ അതിന് അനുമതി നൽകിയിരുന്നില്ല. ഇതിനെയാണ് ധാതുമണൽ ഖനനത്തിന് ഇടതുസർക്കാറിന്റെ കാലത്ത് നീക്കംനടന്നുവെന്ന തരത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതെന്നും പിണറായി പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റ നീക്കത്തിൽ ദുരൂഹത -എം.വി. ഗോവിന്ദൻ
3000 കോടി ചെലവാക്കിയ അദാനി 13000 കോടിക്കാണ് തുറമുഖം മറിച്ചുവിറ്റത്
തളിപ്പറമ്പ്: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിനെതിരെ കടുത്ത വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അദാനി ഗ്രൂപ് ഓഹരി കൈമാറാൻ തീരുമാനിച്ചത് പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം സാധാരണക്കാരന് മനസ്സിലാകുന്നതല്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മൊറാഴയിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ നീക്കത്തിൽ വലിയ ദുരൂഹതയുണ്ട്. അദാനിയും വി.ഡി. സതീശനും തമ്മിലുള്ള ഡീലിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള കമ്പനിക്ക് തുറമുഖം കൈമാറുന്നത് ജനങ്ങൾ അംഗീകരിക്കില്ല. 3000 കോടി രൂപ ചെലവാക്കിയ അദാനി ഗ്രൂപ്, 13,000 കോടി രൂപക്കാണ് തുറമുഖം മറിച്ചുവിറ്റത്. കമ്പനിയുടെ 25ശതമാനം ഓഹരികൾ മാറ്റണമെങ്കിൽ സംസ്ഥാന സർക്കാറന്റെ മുൻകൂർ അനുമതി വേണമെന്നിരിക്കെ, ഇക്കാര്യം അറിഞ്ഞതേയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തിരുത്തണം. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള കമ്പനിക്ക് തുറമുഖം കൈമാറാൻ അനുവദിക്കില്ല. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും’ -അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖ ഓഹരി: വി.ഡി. സതീശനെതിരെ തോമസ് ഐസക്
ആലപ്പുഴ: വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഷിപ്പിങ് കമ്പനിക്ക് വിൽക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിസഭ രൂപവത്കരണത്തിന് മുമ്പേ ചാർട്ടേഡ് വിമാനത്തിൽ പോയി സതീശൻ അദാനി കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയത് ഇക്കാര്യമായിരുന്നോയെന്ന് വ്യക്തമാക്കണം. എല്ലാം സുതാര്യമാണെന്നല്ലേ സതീശൻ പറയുന്നത്. തുറമുഖം വിൽക്കാൻ മൗനാനുവാദമാണ് സർക്കാർ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കുത്തകവത്കരണം മത്സരക്ഷമത തകർക്കും -അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ അദാനി കമ്പനിക്കുള്ള ഓഹരി വിൽപന അത്യധികം അപകടകരമായ കുത്തകവത്കരണത്തിന് കാരണമാകുമെന്ന് മുൻ തുറമുഖ മന്ത്രിയും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ബഹുരാഷ്ട്ര ഷിപ്പിങ് കമ്പനിയായ എം.എസ്.സിക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ കൈമാറുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ഞെട്ടലുളവാക്കുന്നതാണ്.
നിർമാണ കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കണമെങ്കിൽ സംസ്ഥാന സർക്കാറിന്റെ മുൻകൂർ അംഗീകാരം ആവശ്യമാണ് എന്നിരിക്കെ സംസ്ഥാന താൽപര്യത്തിനു വിരുദ്ധമായി 13000 കോടിയുടെ ഓഹരി അന്താരാഷ്ട്ര ഷിപ്പിങ് ഭീമന് കൈമാറാനുള്ള നിർമാണ കമ്പനിയുടെ ഏകപക്ഷീയമായ ശ്രമങ്ങൾ പ്രഥമദൃഷ്ട്യാ തന്നെ നിയമവിരുദ്ധമാണ്. ഇതിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം. കേന്ദ്ര കോൺഗ്രസ് നേതൃത്വം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ടു.
സർക്കാർ അടിയന്തരമായി ഇടപെടണം -സി.പി.എം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എം.എസ്.സി അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിക്ക് കൈമാറാനുള്ള നീക്കം തടയാൻ സര്ക്കാര് അടിയന്തരമായി ഇടപെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില് ആവശ്യപ്പെട്ടു. ഓഹരികള് കൈമാറുമെന്ന കാര്യം അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ച രേഖ പുറത്തുവന്നിട്ടുണ്ട്. തുറമുഖം ഇവരുടെ സംയുക്ത സംരംഭമായി നടത്താനുള്ള നീക്കമാണ് പുറത്തുവന്നത്. തുറമുഖം സംസ്ഥാനത്തിന്റെ ഉടമസ്ഥതയില് നിലനിര്ത്താൻ നടപടിയുണ്ടാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഓഹരി കൈമാറ്റം സർക്കാറുകൾ അറിഞ്ഞ് വേണം -സ്പീക്കർ
പത്തനംതിട്ട: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അറിഞ്ഞ് വേണമെന്ന് നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പത്തനംതിട്ടയിൽ അബിൻ വർക്കി എം.എൽ.എയുടെ ഓഫിസ് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സർക്കാറിന് ഇത് സംബന്ധിച്ച കത്ത് ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് പൂർണമായി വിശ്വസിക്കുന്നു. സംസ്ഥാന സർക്കാർ അറിയാതെ ഓഹരികൾ കൈമാറുന്നത് ശരിയല്ല. വിഴിഞ്ഞം സംസ്ഥാന സർക്കാറിന്റെ സ്വത്താണ്. ഒരു പ്രത്യേക ആവശ്യത്തിന് ഭൂമി വിട്ടുനൽകുകയും പിന്നീട് അത് അവരുടെ കൈയിൽ മാത്രമാകുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

