‘അദാനി സി.പി.എമ്മിന്റെ പാർട്ണർ ആണത്രേ... പാർട്ണർ! ഇതാണ് കർമ്മഫലം’ -പരിഹാസവുമായി താര ടോജോ അലക്സ്
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിന്‍റെ സ്വാഗത പ്രസംഗത്തിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ ‘ഞങ്ങളുടെ പാർട്ണർ’ എന്ന് വിശഷിപ്പിച്ച മന്ത്രി വി.എൻ. വാസവനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ്. ‘വിഴിഞ്ഞം പദ്ധതിയുടെ ആത്മാവായ ഉമ്മൻചാണ്ടിയെ പരമാവധി അവഹേളിച്ച ശേഷം, മോദിയെ ആനയിച്ചു കൊണ്ടു വന്ന് അയാളുടെ വായിൽ നിന്ന് തന്നെ അധിക്ഷേപവും കേട്ട് ഇളിച്ചുകൊണ്ടിരിക്കുന്ന സഖാക്കളെ.. ഇതാണ് നിങ്ങളുടെ കർമ്മഫലം. ഗൗതം അദാനി സിപിഎംൻ്റെ പാർട്ണർ ആണത്രേ..പാർട്ണർ..’ -താര ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. 😅
ഒരു കമ്യൂണിസ്റ്റ് സർക്കാറിന്‍റെ മന്ത്രി അദാനിയെ സർക്കാറിന്‍റെ പാർട്ണറാണെന്ന് വിശേഷിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മോദിയും രംഗത്തുവന്നിരുന്നു. സ്വകാര്യ മേഖലക്ക് പ്രാധാന്യം നൽകണമെന്ന് പറയുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഇതാണ് മാറുന്ന ഭാരതമെന്നുമായിരുന്നു മോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്. അദാനിയെ വാരിപ്പുണരാൻ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ ആളുകൾക്ക് മടിയില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് മന്ത്രി വാസവന്‍റെ വാക്ക് ഉപയോഗിച്ച് മോദി ചെയ്തത്. അദാനി കുത്തകയാണെന്നും അദാനിയുടെ അടുത്ത സുഹൃത്താണ് മോദിയെന്നും കമ്യൂണിസ്റ്റ് പാർട്ടികളും നേതാക്കളും നിരന്തരം വിമർശനം ഉയർത്താറുണ്ട്. അദാനിയെയും തന്നെയും ഇത്തരത്തിൽ വിമർശിക്കുന്നവരുടെ പ്രതിനിധിയായ ഒരു കമ്യൂണിസ്റ്റ് മന്ത്രി അദാനിയെ പങ്കാളിയെന്ന് വിശേഷിപ്പിച്ച് വാരിപ്പുണരുന്നതിൽ മടിയില്ലെന്നാണ് പ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇതിലൂടെ കമ്യൂണിസ്റ്റ് സർക്കാറിന്‍റെ നിലപാടും ആശയപരമായ കടുംപിടിത്തങ്ങളും മാറുന്നുവെന്ന കൃത്യമായ രാഷ്ട്രീയം ഇടത്-ബി.ജെ.പി അണികളെ അറിയിക്കുക കൂടിയാണ് മോദി ചെയ്തത്.
കഴിഞ്ഞ 30 കൊല്ലമായി അദാനി ഗുജറാത്തിൽ തുറമുഖ നിർമാണത്തിലുണ്ടെന്നും കേരളത്തിൽ ഇത്രയും വലിയ തുറമുഖം നിർമിച്ചതിനെ കുറിച്ച് അദാനിയോട് ഗുജറാത്തിലെ ജനങ്ങൾ ചോദിക്കുമെന്നും തമാശ രൂപേണ മോദി പറയുകയും ചെയ്തു. സമുദ്രമേഖലയിലെ വികസനത്തിന് ഉൾപ്പെടെ ഉയരങ്ങളിലെത്തുന്നതിന് സ്വകാര്യ പങ്കാളിത്തത്തിന് ആവശ്യമായ പരിഗണന നൽകണം. സ്വകാര്യ-പൊതു പങ്കാളിത്തത്തിലൂടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പങ്കാളിത്തം ഭാവിയിലും പ്രയോജനം ചെയ്യുമെന്നും മോദി ചൂണ്ടിക്കാട്ടി.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്‍റെ എല്ലാ ഘട്ടങ്ങളും 2028ല്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരാര്‍ പ്രകാരം 2045ല്‍ മാത്രമേ ഇത് പൂര്‍ത്തിയാവേണ്ടതുള്ളൂ. എന്നാൽ 2024ല്‍ തന്നെ കൊമേഴ്‌സ്യല്‍ ഓപറേഷൻ ആരംഭിച്ചു. മദര്‍ഷിപ്പിനെ സ്വീകരിച്ചു. തുടര്‍ന്നിങ്ങോട്ട് 250ലേറെ കപ്പലുകള്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. ഒന്നാംഘട്ടം പതിറ്റാണ്ടുമുമ്പ് പൂര്‍ത്തിയാക്കി കമീഷന്‍ ചെയ്യുന്നു. ഒരുപാട് പ്രതികൂല ഘടകങ്ങൾ തുറമുഖ നിർമാണ ഘട്ടത്തിലുണ്ടായി. മഹാപ്രളയം, ഇതര പ്രകൃതിക്ഷോഭങ്ങള്‍, കോവിഡ് അടക്കമുള്ള മഹാവ്യാധികള്‍, എന്നിവയൊക്കെ സമ്പദ്ഘടനയെ ഉലച്ചു. എന്നാല്‍, കേരളം അവിടെ തളര്‍ന്നുനിന്നില്ല. നിർമാണ കമ്പനിയും നല്ല രീതിയിൽ സഹകരിച്ച് മുന്നോട്ട് പോയി.
വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കുമ്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് തങ്ങള്‍ കൈക്കൊണ്ടത്. വികസന കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവ് വേണ്ടെന്ന നയമായിരുന്നു. അതുപ്രകാരമാണ് 2016ല്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നുള്ള ഘട്ടത്തില്‍ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകള്‍ എടുത്തത്. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയിൽ യാഥാർഥ്യമാക്കി മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

