അദാനി കണ്ണൂരിലെത്തിയത് പിണറായിക്ക് പാരിതോഷികം നൽകാൻ- കെ. സുധാകരൻ
text_fieldsകണ്ണൂർ: അദാനി കണ്ണൂരിലെത്തിയത് കരാർ ഒപ്പുവെച്ചതിന്‍റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നൽകാനെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ. കണ്ണൂരിൽ ചാർട്ടേർഡ് വിമാനത്തിൽ അദാനി വന്ന് വൈകിട്ട് തിരിച്ചു പോയി. പണം കൊണ്ടാണ് അദാനി വന്നതെന്നാണ് പറയുന്നത്.
തന്നെ അദാനി കണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇത് തെളിയിക്കണ്ട ബാധ്യത കോൺഗ്രസിനല്ല പിണറായിക്കാണ്. ആരോപണം ഉണ്ടാകുമ്പോൾ മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. ആത്മാർഥത ഉണ്ടെങ്കിൽ മറുപടി പറയണം. ഇത് അന്വേഷിക്കാൻ കേന്ദ്രം തയ്യാറാകണം. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ അദാനിയുടെ യാത്രയെ കുറിച്ച് അന്വേഷണം നടത്തുമെന്നും സുധാകരൻ പറഞ്ഞു.
ഇരട്ട വോട്ട് കണ്ടെത്തിയ സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ജനാധിപത്യത്തിന് തന്നെ കളങ്കമാണ്. പോസ്റ്റൽ വോട്ട് കൈകാര്യം ചെയ്യുന്നത് തികഞ്ഞ അനാസ്ഥയോടെയാണ്. പോസ്റ്റൽ വോട്ടുകൾ വഴിയരികിൽ വെച്ച് ഉദ്യോഗസ്ഥർ തുറന്ന് പരിശോധിക്കുകയും എൽ.ഡി.എഫിന് അനുകൂലമല്ലാത്ത വോട്ടുകൾ നശിപ്പിച്ചെന്നും സുധാകരൻ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കള്ളം പറയുന്നുവെന്ന് പറയാൻ എന്ത് ധാർമ്മികയാണ് പിണറായി വിജയനുള്ളതെന്നു സുധാകരൻ ചോദിച്ചു. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് പറഞ്ഞ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും അതെല്ലാം കള്ളമാണെന്ന് പറഞ്ഞു, പക്ഷേ അതെല്ലാം തിരുത്തിയില്ലേ, ഇത്രയും തറ നിലവാരത്തിലുള്ള മുഖ്യമന്ത്രിയെ ചുമക്കണോ എന്ന് ജനം തീരുമാനിക്കണം. സ്വന്തം മണ്ഡലത്തിലെ കള്ളവോട്ടെങ്കിലും തള്ളി പറയാൻ നട്ടെല്ലുണ്ടോ മുഖ്യമന്ത്രിക്കെന്നും സുധാകരൻ വെല്ലുവിളിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.