‘വളഞ്ഞിട്ട് മർദിച്ചത് പിണറായിയുടെ സുരക്ഷ ഉദ്യോഗസ്ഥരടക്കം അഞ്ചുപേർ’; എ.ഡി. തോമസ് എം.എൽ.എ എസ്.ഐ.ടിക്ക് മൊഴി നൽകി
text_fieldsആലപ്പുഴ: നവകേരള സദസ്സിന്റെ ബസിന് മുന്നിൽ പ്രതിഷേധം നടത്തിയതിന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ മർദിച്ച കേസ് അട്ടിമറിച്ച മുൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മർദനത്തിന് ഇരയായ എ.ഡി. തോമസ് എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസും ആവശ്യപ്പെട്ടു.
ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസിൽ എസ്.ഐ.ടിക്ക് മൊഴി നൽകാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പിണറായിയുടെ സുരക്ഷ ഉദ്യോഗസ്ഥരായ അനിൽകുമാറും സന്ദീപും മാത്രമല്ല, കണ്ടാലറിയാവുന്ന മൂന്നുപേരടക്കം അഞ്ചുപേരാണ് വളഞ്ഞിട്ട് മർദിച്ചത്. റിപ്പോർട്ട് തിരുത്താൻ മുന്നിലും പിന്നിലും പ്രവർത്തിച്ച മുൻ എ.ഡി.ജി.പിയടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. ബാക്കിയുള്ള ഉദ്യോഗസ്ഥരെയും പ്രതിചേർക്കണമെന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും.
അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയെ മൂന്നുതവണ തിരുവനന്തപുരത്ത് വിളിച്ചുവരുത്തിയാണ് മുൻ എ.ഡി.ജി.പി റിപ്പോർട്ട് തിരുത്തിയത്. ഈ ഉന്നത ഉദ്യോഗസ്ഥനെ നിയന്ത്രിച്ചവർക്കെതിരരെയും നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വീണ്ടും കാണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

