'പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, പേടിച്ചു മൂലയിൽ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട'; രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും പിന്തുണച്ച് സീമ ജി.നായർ
text_fieldsകൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് വീണ്ടും പിന്തുണയുമായി നടി സീമ ജി.നായർ. രാഹുലിന്റെ പുതിയ ഫോൺ സംഭാഷണങ്ങളും ചാറ്റും പുറത്തുവന്നതിന് പിന്നാലെയാണ് സീമ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.
തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം എന്നാൽ, പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും ഇതൊക്കെ കണ്ട് പേടിച്ച് മൂലയിൽ പോയി ഒളിക്കുമെന്ന് കരുതേണ്ടയെന്ന് സീമ ജി.നായർ ഫേസ്ബുക്കിൽ കുറിച്ചു.
"ശുഭദിനം, ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട്. അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട്. അതിൽ "തീക്കുട്ടി "എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനിക്കെതിരെ പോസ്റ്റ് വന്നിട്ടുണ്ട്.(തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ്, ദൈവം തമ്പുരാൻ തീക്കുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല.. പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ ). ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ മൂന്ന് മാസമായി പി.ആർ വർക്ക് ചെയ്യുകയായിരുന്നുവെന്ന്. പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട്. അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങൾ വളരെ കൂടുതലുണ്ട്.
ഇനി ഞാൻ പറയട്ടെ, ഏത് തീക്കുട്ടി വന്ന് എന്തെഴുതിയാലും, തേനീച്ചക്കൂട് ഇളകിയപോലെ സൈബർ അറ്റാക്ക് വന്നാലും, ഞാൻ എന്റെ സ്റ്റേറ്റ്മെന്റിൽ ഉറച്ചു നിൽക്കും. (ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു ) അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താൽ മാത്രം. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല. അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട."- എന്നാണ് സീമ ജി.നായർ ഫേസ്ബുക്കിൽ കുറിച്ചത്.
നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം ആരോപണം ഉയർന്ന സമയത്തും സീമ ജി.നായർ പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് അവർക്കെതിരെ നടന്നത്.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഗര്‍ഭധാരണത്തിന് നിര്‍ബന്ധിച്ചത് രാഹുലാണെന്നും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും പെണ്‍കുട്ടി പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഒപ്പം കുഞ്ഞിനെ വേണമെന്ന് രാഹുൽ പറയുന്ന ചാറ്റും പുറത്തുവന്നു.
‘അവസാന നിമിഷം എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ മാറുന്നത്’ എന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ചോദിക്കുന്നതും ‘ഡ്രാമ അവസാനിപ്പിച്ച് ആശുപത്രിയില്‍ പോകണമെന്ന്’ രാഹുൽ മറുപടി പറയുന്നതും പുറത്തുവന്ന ശബ്ദസന്ദേശത്തിലുണ്ട്. എല്ലാം നിന്റെ പ്ലാൻ അല്ലേയെന്ന് പെൺകുട്ടി രാഹുലിനോട് ചോദിക്കുന്നു. ‘നീ മാനേജ് ചെയ്യുന്നുണ്ടേ മാനേജ് ചെയ്തോ. എനിക്കതിൽ ഒരു ഇഷ്യുവും ഇല്ല’ എന്നാണ് രാഹുലിന്‍റെ മറുപടി. ഒന്നാം മാസം എന്തൊക്കെയാ ഉണ്ടാവുക എന്ന് നമ്മക്കൊക്കെ അറിയാമെന്ന രാഹുലിന്‍റെ പരാമർശത്തിന് ‘നിങ്ങൾ കുറേപേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ’ എന്ന് പെൺകുട്ടി മറുപടി നൽകുന്നു.
ഇതിനിടെ ലൈംഗികാതിക്രമത്തിൽ രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയേക്കുമെന്ന സൂചനയുണ്ട്. തെളിവുകൾ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം. മുമ്പ് സമാന ശബ്ദരേഖ പുറത്തുവന്നതിനെത്തുടര്‍ന്ന് രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാലക്കാട് നിയമസഭ മണ്ഡലത്തിലും പാർട്ടി പരിപാടികളിലും രാഹുൽ സജീവമാകുന്നതിനിടെയാണ് പുതിയ ശബ്ദസന്ദേശം. നേരത്തേ പുറത്തുവന്ന ശബ്ദരേഖയും ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് രാഹുലിനെതിരെ കേസെടുത്തിരുന്നു. ഇ-മെയില്‍ വഴി പൊലീസ് ആസ്ഥാനത്ത് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അതേസമയം ഇത്തരത്തിൽ പരാതി അയച്ചവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. ഗര്‍ഭഛിദ്രം നടത്തേണ്ടിവന്ന യുവതി പരാതി നല്‍കാത്തതിനാല്‍ ക്രൈംബ്രാഞ്ച് കേസ് എങ്ങുമെത്താത്ത സ്ഥിതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

