തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല അനുഭവം തുറന്ന് പറഞ്ഞത്, ഒരു പാർട്ടിയും എന്നെ സ്പോൺസർ ചെയ്യുന്നില്ല -റിനി ആൻ ജോർജ്
text_fieldsതിരുവനന്തപുരം: യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ കൂടുതല്‍ പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ് രംഗത്ത്. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ല. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. സമാന അനുഭവം നേരിട്ട പലരും തന്നെ ബന്ധപ്പെട്ടു. മാധ്യമശ്രദ്ധക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല, എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. എതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ല അനുഭവം തുറന്ന് പറഞ്ഞത്. ഒരു പാർട്ടിയും തന്നെ സ്പോൺസർ ചെയ്യുന്നില്ലെന്നും ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്നും റിനി പറഞ്ഞു.
“തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല ഞാൻ എന്‍റെ ദുരനുഭവം പറഞ്ഞത്. ഒരു അഭിമുഖത്തിനിടെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ അവിചാരിതമായി പറഞ്ഞുപോകുകയായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയും സ്പോൺസർ ചെയ്തിട്ടല്ല ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. സത്യം എന്താണെന്നുള്ളത് പല നേതാക്കൾക്കും അറിയാം. മോശം അനുഭവമുള്ള ഒരുപാട് പെൺകുട്ടികളുണ്ട്. എന്നാൽ അത് വെളിപ്പെടുത്താൻ ആരും തയാറാകുന്നില്ല.
കൂടുതൽ പേർ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ സമൂഹത്തിന് വ്യക്തത വരൂ. പാർട്ടിയുടെയും വ്യക്തിയുടെയും പേര് പറഞ്ഞാൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗിമ്മിക്കാണെന്ന് പറയും. അതിനാലാണ് ആളുടെ പേര് പറയാത്തത്. പേര് പറഞ്ഞാൽ അധിക്ഷേപം വേറെ തലത്തിലാകും. ആളാരാണെന്ന് വ്യക്തമാക്കിയാലും പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അയാളെ ആരും ശിക്ഷിക്കാനൊന്നും പോകുന്നില്ലല്ലോ. എന്ത് തുടർ നടപടി വേണമെന്ന് ചിന്തിക്കാൻ എനിക്ക് അൽപം സമയം വേണം” -റിനി പറഞ്ഞു.
പ്രമുഖ യുവ നേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് റിനി ആൻ ജോര്‍ജ് ചൊവ്വാഴ്ച വെളിപ്പെടുത്തല്‍ നടത്തിയത്. നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്. തുടക്കം മുതൽ മോശം മെസേജുകൾ അയച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടർന്നു.
മൂന്നര വർഷം മുമ്പാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാൾ ജനപ്രതിനിധിയായത്. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവർ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തി. ഇയാളെ പറ്റി പാർട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയൂവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളിൽ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആൻ ജോര്‍ജ് ഇന്നലെ പറഞ്ഞു.
നേതാവിന്‍റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താൻ തയാറല്ല. ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ. പറയേണ്ട സ്ഥലങ്ങളിൽ എല്ലാം പരാതി അറിയിച്ചിട്ടുണ്ട്. പക്ഷേ അതിനുശേഷവും അയാൾക്ക് സ്ഥാനമാനങ്ങൾ ലഭിച്ചു. പ്രമാദമായ പീഡനകേസുകളിൽ ഉൾപ്പെട്ട നേതാക്കൾക്ക് എന്തു സംഭവിച്ചുവെന്ന് ഈ നേതാവ് തന്നോട് ചോദിച്ചു. ഇയാൾ ഉൾപ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം. ഹൂ കെയേഴ്സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാടെന്നും പേര് പറഞ്ഞാലും ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഇയാളുടെ പ്രസ്ഥാനത്തിന് ധാർമികതയുണ്ടെങ്കിൽ ഇനിയെങ്കിലും നിയന്ത്രിക്കണമെന്നും ഈ സംഭവത്തോടെ പല വിഗ്രഹങ്ങളും ഉടഞ്ഞുപോയെന്നും യുവ നടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

